10 April, 2019 10:28:39 AM


സുരക്ഷാമുന്നറിയിപ്പ് തള്ളിയ ബിജെപി എംഎല്‍എയും പോലീസുകാരും മാവോയിസ്റ്റ് ആക്രമണത്തില്‍ മരിച്ചു

ബുള്ളറ്റ്പ്രൂഫ് എസ്‌യുവി സ്ഫോടനത്തിൽ രണ്ടായി പിളര്‍ന്നു; അഞ്ച് പോലീസുകാരും കൊല്ലപ്പെട്ടു


ദന്തേവാഡ: ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി പോയ ബിജെപി എംഎല്‍എയ്ക്ക് നേരെ മാവോയിസ്റ്റ് ആക്രമണം. പ്രചാരണത്തിന് പോയ വാഹനവ്യൂഹത്തിന് നേരെ സ്‌ഫോടകവസ്തു ഉപയോഗിച്ച് നടത്തിയ ആക്രമണത്തില്‍ എംഎല്‍എയും അഞ്ച് പോലീസുകാരും കൊല്ലപ്പെട്ടു. അതി നൂതനമായ സാങ്കേതിക വിദ്യ ഉപയോഗിച്ച് നടത്തിയ ആക്രമണത്തില്‍ എംഎല്‍ സഞ്ചരിച്ച ബുള്ളറ്റ്പ്രൂഫ് വാഹനം രണ്ടായി ചിതറിത്തെറിച്ചു വീണു. സംസ്ഥാനത്ത് ആദ്യഘട്ട വോട്ടെടുപ്പിനു ദിവസങ്ങള്‍ ശേഷിക്കെയാണു സംഭവം.


കുവാകോണ്ടയിലേക്കു പോകുകയായിരുന്ന എം.എല്‍.എയുടെ വാഹനവ്യൂഹം ശ്യാമഗിരി ഹില്‍സിന് സമീപം എത്തിപ്പോഴായിരുന്നു ആക്രമണം. ഐ. ഇ. ഡി. സ്‌ഫോടനത്തിലൂടെ വാഹനങ്ങളിലൊന്ന് തകര്‍ത്തശേഷം മാവോയിസ്റ്റുകള്‍ തുരുതുരെ നിറയൊഴിക്കുകയായിരുന്നു. വഴിയില്‍ സ്ഥാപിച്ചിരുന്ന ഐഇഡിയ്ക്ക് മുകളിലൂടെ വാഹനം കയറിയിറങ്ങിയതും സ്‌ഫോടനം നടക്കുകയായിരുന്നു. പൊട്ടിത്തെറിയുടെ ശക്തിയില്‍ എംഎല്‍എ സഞ്ചരിച്ചിരുന്ന ബുള്ളറ്റ് പ്രൂഫ് എസ് യുവി വായുവിലേക്ക് ഉയര്‍ന്നു പൊങ്ങി രണ്ടായി പിളര്‍ന്നു. പേഴ്‌സണല്‍ സെക്യൂരിറ്റി ഓഫീസര്‍ െ്രെഡവര്‍ എന്നിവരും എംഎല്‍എയ്‌ക്കൊപ്പം സ്‌ഫോടനം നടന്നയിടത്തു തന്നെ മരിച്ചിരുന്നു.


മാവോയിസ്റ്റ് കോട്ടയായ ദന്ദേവാഡ ഉള്‍പ്പെടുന്ന ബസ്തര്‍ ലോക്‌സഭാ മണ്ഡലത്തില്‍ നാളെയാണു വോട്ടെടുപ്പ്. അതേസമയം ദന്തേവാഡയിലേക്ക് പോകരുതെന്ന നിര്‍ദ്ദേശം അവഗണിച്ചാണ് ബിജെപി സംഘം പോയതെന്ന് പൊലീസ് വ്യക്തമാക്കി. സ്ഥലം സന്ദര്‍ശിക്കരുതെന്ന് ബിജെപി എംഎല്‍എ ഭീമ മണ്ഡാവിയോട് പൊലീസ് നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. ആക്രമണത്തിന് ശേഷം അര മണിക്കൂറോളം ഇരുപക്ഷവും പരസ്പരം വെടിവച്ചെന്ന് സൂപ്രണ്ട് അഭിഷേക് പല്ലവ് പറഞ്ഞു. ബസ്തറിലെ ബിജെപി എംഎല്‍എ യായ മാണ്ഡാവി കഴിഞ്ഞ വര്‍ഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ തോല്‍പ്പിച്ചത് കര്‍മ്മയുടെ വിധവയെയായിരുന്നു. അതേസമയം സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ വോട്ടെടുപ്പ് മാറ്റാന്‍ പറ്റില്ലെന്നും സമയത്ത് തന്നെ നടത്തുമെന്നുമാണ് ഛത്തീസ്ഗഡ് ഇലക്ട്രല്‍ ഓഫീസര്‍ പറയുന്നത്.


ദന്തേശ്വര്‍ മൗര്യ, ചഗന്‍ കുല്‍ദീപ്, രാംലാല്‍ ഒയാമി, ആര്‍ സോംദു കവാസി എന്നിവരാണ് മാണ്ഡ്യയ്‌ക്കൊപ്പം കൊല്ലപ്പെട്ടയാള്‍. കഴിഞ്ഞയാഴ്ച ബസ്തറില്‍ നടന്ന മറ്റൊരു ആക്രമണത്തില്‍ ആറ് സുരക്ഷാ ഉദ്യോഗസ്ഥരാണ് കൊല്ലപ്പെട്ടത്. പുതിയ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം മൂന്ന് മാസമായി നിശബ്ദരായിരുന്ന മാവോയിസ്റ്റുകള്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് വന്നതോടെ വീണ്ടും അക്രമം അഴിച്ചു വിടുകയാണ്



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K