08 April, 2019 03:45:44 PM


75 വാഗ്ദാനങ്ങളുമായി ബിജെപിയുടെ പ്രകടന പത്രിക 'സങ്കൽപ് പത്ര': വികസനത്തിനും ദേശസുരക്ഷയ്ക്കും ഊന്നൽ



ദില്ലി: ബിജെപി ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള പ്രകടനപത്രിക 'സങ്കൽപ് പത്ര്' പുറത്തിറക്കി. വികസനത്തിനും ദേശസുരക്ഷയ്ക്കുമാണ് ഊന്നൽ നൽകിയിരിക്കുന്ന പ്രകടനപത്രികയിലെ മുദ്രാവാക്യം 'സങ്കൽപിത് ഭാരത് - സശക്ത് ഭാരത്' എന്നതാണ് . 75 വാഗ്ദാനങ്ങളാണ് പ്രധാനമായും പ്രകടനപത്രികയിലുള്ളത്. രാജ്യത്തിന്‍റെ വികസനത്തിനായി 50 പ്രധാന തീരുമാനങ്ങളാണ് പ്രധാനമന്ത്രി കഴിഞ്ഞ അഞ്ച് വർഷം സ്വീകരിച്ചതെന്ന് പറയുന്ന ബിജെപി അവ പ്രകടനപത്രികയിൽ എണ്ണിപ്പറയുന്നു. ആറ് കോടി ആളുകളിൽ നിന്ന് വിവരം ശേഖരിച്ചാണ് പ്രകടനപത്രിക രൂപീകരിച്ചതെന്ന് ബിജെപി അവകാശപ്പെടുന്നു. 


''2014-ലെ തെരഞ്ഞെടുപ്പ് പ്രതീക്ഷയുടേതായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി ആ പ്രതീക്ഷകൾ കാത്തു. വികസനത്തിന്‍റെ പേരിലാകും കഴിഞ്ഞ അഞ്ച് വർഷം രേഖപ്പെടുത്തപ്പെടുക. 2014-ൽ ഞങ്ങൾ അധികാരത്തിലേറുമ്പോൾ ലോകത്തെ പതിനൊന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായിരുന്നു ഇന്ത്യ. ഇന്ന് ലോകത്തെ അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയാണ് ഇന്ത്യ'', ബിജെപി അധ്യക്ഷൻ അമിത് ഷാ വ്യക്തമാക്കി. ഫിർ ഏക് ബാർ മോദി സർക്കാർ എന്ന വാഗ്ദാനവുമായാണ് ബിജെപി പ്രചാരണ ഗാനമടക്കം പുറത്തിറക്കിയത്. 


ബിജെപി പ്രകടനപത്രികയിൽ ശബരിമലയും. ശബരിമലയിൽ വിശ്വാസസംരക്ഷണത്തിനായി സുപ്രീംകോടതിയിൽ നിലപാടെടുക്കുമെന്നാണ് പ്രകടനപത്രികയിൽ ബിജെപി വ്യക്തമാക്കുന്നത്. മതപരമായ വിഷയങ്ങളിൽ പ്രധാനപ്പെട്ട ഒന്നായാണ് ശബരിമലയെ പ്രകടനപത്രികയിൽ അവതരിപ്പിച്ചിരിക്കുന്നത്. ശബരിമലയുമായി ബന്ധപ്പെട്ട വിശ്വാസവും പാരമ്പര്യവും പ്രാർത്ഥനാപരമായ ആചാരങ്ങളുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളിലും ഭരണഘടനാപരമായ സംരക്ഷണം ഉറപ്പാക്കുമെന്നും ബിജെപി പ്രകടനപത്രികയിൽ പറയുന്നു.


കേരളത്തിൽ ബിജെപിയുടെ പ്രധാനപ്രചാരണ വിഷയമാണ് ശബരിമല. ശബരിമലയിൽ യുവതീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള വിധി വന്ന ശേഷമുണ്ടായ പ്രക്ഷോഭങ്ങൾ സജീവചർച്ചാ വിഷയമാക്കിത്തന്നെയാണ് ബിജെപി സംസ്ഥാനത്ത് വോട്ട് തേടുന്നതും. ഇതിലൂടെ ലോക്സഭയിൽ കേരളത്തിൽ നിന്ന് ആദ്യമായി അക്കൗണ്ട് തുറക്കാമെന്ന പ്രതീക്ഷയിലാണ് ബിജെപി മുന്നോട്ടു പോകുന്നത്. എന്നാൽ ശബരിമലയിൽ ആചാരസംരക്ഷണത്തിനായി ഭരണഘടനാ ഭേദഗതി കൊണ്ടുവരാൻ എൻഡിഎ സർക്കാർ തയ്യാറായിരുന്നില്ല. ഇതിലൂടെ സുപ്രീംകോടതിയിലെ നടപടികളനുസരിച്ച് തന്നെയാണ് മുന്നോട്ടുപോകുക എന്ന സൂചനയാണ് ബിജെപി നൽകുന്നത്. 


ബിജെപി പ്രകടനപത്രികയിലെ പ്രധാനവാഗ്‍ദാനങ്ങൾ ഇവയാണ്:


* 2020-ഓടെ രാജ്യത്തെ എല്ലാ കുടുംബങ്ങൾക്കും വീട് നിർമിച്ച് നൽകും

* ഗ്രാമീണ വികസനത്തിനായി 25 കോടി രൂപ വകയിരുത്തും

* അടുത്ത വർഷത്തോടെ കർഷകരുടെ വരുമാനം ഇരട്ടിയാക്കും.

* പൗരത്വബില്ല് പാർലമെന്‍റിൽ പാസ്സാക്കും. നടപ്പാക്കും.

* 60 വയസ്സിന് മുകളിലുള്ള എല്ലാ കർഷകർക്കും പെൻഷൻ ഉറപ്പാക്കും.

* സൗഹൃദപരമായ അന്തരീക്ഷത്തിൽ രാമക്ഷേത്രം നിർമിക്കാനുള്ള നടപടികള്‍. 

* എല്ലാ ഭൂരേഖകളും ഡിജിറ്റലൈസ് ചെയ്യും

* ഏകീകൃത സിവിൽ കോഡ് നടപ്പാക്കാൻ ബിജെപി പ്രതിജ്ഞാബദ്ധം

* ജമ്മു കശ്മീരിന് പ്രത്യേകാധികാരം നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K