07 April, 2019 11:02:57 AM


കേന്ദ്ര മന്ത്രി ബാബുല്‍ സുപ്രിയോ ചിട്ടപ്പെടുത്തിയ ബി.ജെ.പിയുടെ തീം സോംഗിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ വിലക്ക്




കൊല്‍ക്കത്ത: ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേന്ദ്ര മന്ത്രിയും പിന്നണി ഗായകനുമായ ബാബുല്‍ സുപ്രിയോ ചിട്ടപ്പെടുത്തിയ ബി.ജെ.പിയുടെ തീം സോംഗ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കി. ബംഗാളില്‍ ബി.ജെ.പി തയ്യാറാക്കിയ തീം സോംഗിനാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കേര്‍പ്പെടുത്തിയത്.


തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാഗമായി ചിട്ടപ്പെടുത്തിയ പാട്ടില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെക്കുറിച്ച്‌ പരാമര്‍ശിച്ചിരുന്നു. അമിത് ചക്രബര്‍ത്തി എഴുതിയ ഗാനത്തില്‍ ബംഗാളില്‍ താമര വിരിയുന്നതായും തൃണമൂല്‍ കോണ്‍ഗ്രസിനോട് 'നോ' പറയുന്നതായും കാണിക്കുന്നുണ്ട്. 'ഈ തൃണമൂല്‍ കോണ്‍ഗ്രസ് ഇനിയുണ്ടാവില്ല' എന്ന വാചകത്തോടെ ഈ ഗാനം സുപ്രിയോ ട്വീറ്റ് ചെയ്തിരുന്നു. ഗാനത്തിന്റെ ഉള്ളടക്കത്തിനെതിരെ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് പരാതി നല്‍കിയിരുന്നു.


ഗാനത്തിനു മുന്‍കൂര്‍ അനുമതിയുണ്ടായിരുന്നില്ലെന്നും അനുമതി ലഭിക്കുന്നതിനു മുമ്ബുതന്നെ പലയിടത്തും ഇതുപയോഗിച്ചു കണ്ടെന്നും അഡീഷണല്‍ ചീഫ് ഇലക്ടറല്‍ ഓഫീസര്‍ സഞ്ജയ് ബസു പറഞ്ഞു. മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റിയുടെ (എം.സി.എം.സി) മുന്‍കൂര്‍ അനുമതിയില്ലാതെ ഗാനം ഉപയോഗിച്ചതു പെരുമാറ്റച്ചട്ട ലംഘനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K