05 April, 2019 03:52:15 PM


സപ്നയെ ആര് സ്വന്തമാക്കും? ഗായികയെ പാട്ടിലാക്കാനുള്ള മത്സരത്തില്‍ കോണ്‍ഗ്രസും ബിജെപിയും (VIDEO)



ചണ്ഡിഗഡ്: ഗായികയും നര്‍ത്തകിയുമായ സപ്‌ന ചൗധരിയെ തങ്ങളുടെ പാര്‍ട്ടിയ്ക്കൊപ്പം നിര്‍ത്താന്‍ നെട്ടോട്ടമോടുകയാണ് കോണ്‍ഗ്രസും ബിജെപിയും. കോണ്‍ഗ്രസില്‍ ചേര്‍ന്നെന്ന് കഴിഞ്ഞയിടെ പ്രചരിച്ചെങ്കിലും വാര്‍ത്ത നിഷേധിച്ച് സപ്‌ന രംഗത്തെത്തിയിരുന്നു. തൊട്ടുപിന്നാലെ ഡല്‍ഹി ബിജെപി അധ്യക്ഷന്‍ മനോജ് തിവാരിയ്‌ക്കൊപ്പം സപ്നയെ കണ്ടത് അവര്‍ ബിജെപിയിലേക്കാണെന്നതിന്‍റെ സൂചനയാണെന്നും അഭ്യൂഹങ്ങള്‍ പരന്നു. 

ഹരിയാനയിലെ ഗ്രാമീണര്‍ക്കിടയില്‍ വലിയ താരമാണ് സപ്‌ന ചൗധരി. അവരുടെ സംഗീത നൃത്ത പരിപാടികള്‍ക്ക് വന്‍ ജനപങ്കാളിത്തമാണ് ഗ്രാമീണമേഖലകളിലുള്ളത്. ഇന്‍റര്‍നെറ്റിലൂടെ പ്രചരിക്കുന്ന സംഗീത നൃത്ത വീഡിയോകള്‍ ഹരിയാനയ്ക്ക് പുറത്തും സപ്‌നയ്ക്ക് വന്‍ സ്വീകാര്യത നേടിക്കൊടുത്തിട്ടുണ്ട്. 2018ല്‍ ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ തിരഞ്ഞ ഇന്ത്യന്‍ സെലിബ്രിറ്റിയാണ് അവര്‍. സപ്‌നയ്ക്ക് ഗ്രാമീണ മേഖലകളിലുള്ള സ്വാധീനം മുതലാക്കുക എന്ന ഉദ്ദേശത്തോടെ തന്നെയാണ് കോണ്‍ഗ്രസും ബിജെപിയും ഇപ്പോള്‍ അവരുടെ പിന്നാലെ ചലിക്കുന്നത്.

ഹരിയാന സ്വദേശിയാണെങ്കിലും വടക്കേ ഇന്ത്യയിലെമ്പാടും സപ്‌നയ്ക്ക് വന്‍തോതില്‍ ആരാധകരുണ്ട്, പ്രത്യേകിച്ചും ജാട്ട് വിഭാഗത്തിനിടയില്‍. ഹരിയാനയ്ക്ക് പുറമേ രാജസ്ഥാന്‍, ഡല്‍ഹി, പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലെല്ലാം പല മണ്ഡലങ്ങളിലും ജാട്ട് വിഭാഗത്തിന് നിര്‍ണായക സ്വാധീനമുണ്ട്. ഉത്തര്‍പ്രദേശില്‍ ജാട്ട് വിഭാഗത്തിന്റെ പിന്തുണ ലഭിക്കുമെന്ന് കോണ്‍ഗ്രസും എസ്പി-ബിഎസ്പി സഖ്യവും പ്രതീക്ഷിക്കുന്നു. ജാട്ടുകളുടെ പിന്തുണ തങ്ങള്‍ക്കുണ്ടാവില്ലെന്ന ബോധ്യമാണ് ഇക്കുറി ബിജെപിക്കുള്ളത്. സപ്‌ന ചൗധരിയെപ്പോലൊരു സെലിബ്രിറ്റി ഒപ്പമുണ്ടെങ്കില്‍ ജാട്ടുകളുടെ വോട്ട് തങ്ങള്‍ക്ക് കിട്ടുമെന്നാണ് ഇരുപാര്‍ട്ടികളുടെയും പ്രതീക്ഷ. 

2014ലെ തെരഞ്ഞെടുപ്പില്‍ മേല്‍പ്പറഞ്ഞ ഇടങ്ങളിലെല്ലാം ജാട്ടുകള്‍ ബിജെപിയെ പിന്തുണച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ അതല്ല സ്ഥിതി. ജോലിസംവരണം ആവശ്യപ്പെട്ട് 2016ല്‍ ജാട്ടുകള്‍ രംഗത്തെത്തിയപ്പോള്‍ പ്രതികൂല നിലപാടാണ് ബിജെപി സ്വീകരിച്ചത്. സംവരണവിഷയവുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷങ്ങളില്‍ മുപ്പതോളം പേര്‍ കൊല്ലപ്പെടുകയും നൂറുകണക്കിനാളുകള്‍ കേസുകളില്‍ പ്രതി ചേര്‍ക്കപ്പെടുകയും ചെയ്തിരുന്നു. ഇതോടെയാണ് ജാട്ടുകളില്‍ ഭൂരിപക്ഷവും ബിജെപിയുമായി തെറ്റിയത്. 

ഉത്തര്‍പ്രദേശില്‍ തങ്ങളുടെ പിന്തുണ എസ്പി-ബിഎസ്പി സഖ്യത്തിനായിരിക്കുമെന്ന് ജാട്ട് വിഭാഗം നേതാക്കള്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. രാജസ്ഥാനിലാവട്ടെ കഴിഞ്ഞ ഡിസംബറില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അനുകൂല നിലപാടാണ് ജാട്ടുകള്‍  സ്വീകരിച്ചത്. ഈ സാഹചര്യത്തിലാണ് ജാട്ടുകളുടെ പിന്തുണ ഉറപ്പാക്കാന്‍ സപ്‌ന ചൗധരിയെ കളത്തിലിറക്കാമെന്ന് ബിജെപിയും കോണ്‍ഗ്രസും മനക്കോട്ട കെട്ടുന്നത്. 





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K