02 April, 2019 06:42:28 PM


തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന എം എല്‍ എമാര്‍ പേരിനൊപ്പം പദവി ചേര്‍ക്കണമെന്ന് ആവശ്യം

കോട്ടയം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന എം എല്‍ എമാരുടെ പ്രചാരണ സാമിഗ്രികളിലുള്‍പ്പെടെ എല്ലായിടത്തും പേരിനൊപ്പം എം എല്‍ എ എന്നു ചേര്‍ക്കാന്‍ നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ട് മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ. ജോസ് തെരഞ്ഞെടുപ്പ് കമ്മീഷനു പരാതി നല്‍കി. ഔദ്യോഗികമായി നിലവിലുള്ള എം എല്‍ എ പദവി പേരിനൊപ്പം ചേര്‍ക്കാത്തത് പദവി മറച്ചുവയ്ക്കുന്നതിനു തുല്യമാണ്. എം എല്‍ എയാണ് മത്സരിക്കുന്നതെന്നറിയാനുള്ള വോട്ടറുടെ അവകാശത്തെ നിഷേധിക്കരുത്. 


മത്സരിക്കുന്ന ആളുടെ പൂര്‍ണ്ണ വിവരങ്ങള്‍ വെളിപ്പെടുത്തുംപോലെ എം എല്‍ എ പദവി വെളിപ്പെടുത്താതെ മത്സരിക്കുന്ന നടപടി അനുചിതമാണ്. പ്രചാരണ സാമഗ്രികളില്‍ ഡോക്ടര്‍, പ്രൊഫസര്‍, അഡ്വക്കേറ്റ് തുടങ്ങിയ പദവികള്‍ ചേര്‍ക്കുന്നുള്ളതിനാല്‍ എം എല്‍ എ പദവി ചേര്‍ക്കേണ്ടത് അനിവാര്യമാണ്. എം എല്‍ എ എന്നു ചേര്‍ത്തില്ലെങ്കില്‍ മറ്റു പദവികള്‍ ചേര്‍ക്കുന്നത് വിലക്കണം. എം എല്‍ എ പദവി പേരിനൊപ്പം ചേര്‍ക്കാതെ മത്സരിക്കുന്നത് പദവിയോടുള്ള അവഹേളനമാണെന്നും ഫൗണ്ടേഷന്‍ ചൂണ്ടിക്കാട്ടി.


തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറയാതെ തന്നെ എം എല്‍ എ പദവി ചേര്‍ക്കാനുള്ള ആര്‍ജ്ജവം എം എല്‍ എ മാരായ സ്ഥാനാര്‍ത്ഥികള്‍ കാണിക്കണം. എംഎല്‍എമാര്‍ എം പി ആയാല്‍ പൊതു ഖജനാവിനു നഷ്ടടമുണ്ടാകുമെന്നതിനാല്‍ മത്സരിക്കുന്ന എംഎല്‍എമാരെ പരാജയപ്പെടുത്താന്‍ പൊതു സമൂഹം രാഷ്ട്രീയത്തിനതീതമായി തയ്യാറാകണമെന്നും ഫൗണ്ടേഷന്‍ ആവശ്യപ്പെട്ടു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K