01 April, 2019 01:15:30 PM


രാഹുല്‍ പട വ്യാഴാഴ്ച വയനാട് ചുരം കയറും; പ്രചാരണ തന്ത്രത്തില്‍ മാറ്റവുമായി കോണ്‍ഗ്രസ്



തിരുവനന്തപുരം: ബുധനാഴ്ച വൈകീട്ട് രാഹുല്‍ ഗാന്ധി കേരളത്തിലെത്തും. വ്യാഴാഴ്ച രാവിലെ വയനാട്ടിലെത്തി പത്രിക സമര്‍പ്പിക്കും. തുടര്‍ന്ന് ചില പ്രചാരണ പരിപാടികളില്‍ പങ്കെടുക്കും. എന്നാല്‍ എത്ര ദിവസം മണ്ഡലത്തില്‍ ചെലവഴിക്കുമെന്ന് വ്യക്തമല്ല. ചൊവ്വാഴ്ച വയനാട്ടില്‍ പ്രത്യേക യോഗം ചേരുന്നുണ്ട്. തിങ്കളാഴ്ച ദില്ലിയിലും യോഗം നടക്കുകയാണ്. രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച ശേഷമുണ്ടായ പ്രചാരണങ്ങളെ നേരിടുന്ന തന്ത്രങ്ങളാണ് പ്രധാനമായും ചര്‍ച്ച ചെയ്യുന്നത്.


ആദിവാസി മേഖലയായ വയനാട് തന്നെ തിരഞ്ഞെടുത്തത് രാഹുല്‍ ഗാന്ധി പാവപ്പെട്ടവരുടെ പടത്തലവന്‍ ആയതുകൊണ്ടാണെന്നും കോണ്‍ഗ്രസ് പ്രചരിപ്പിക്കും. എന്നാല്‍ നരേന്ദ്ര മോദി സമ്പന്നന്‍റെ നേതാവാണെന്ന പ്രചാരണത്തിന് ശക്തിപകരുകയും ചെയ്യും. കുറഞ്ഞ ദിവസം മാത്രമാണ് ഇനി കോണ്‍ഗ്രസിന് മുന്നിലുള്ളത്. എന്നാല്‍ ഒട്ടേറെ ജോലികളും ബാക്കി നില്‍ക്കുന്നു. ഈ സാഹചര്യത്തില്‍ ചൊവ്വാഴ്ച വയനാട് ചേരുന്ന യോഗത്തില്‍ സുപ്രധാനമായ ചില തീരുമാനങ്ങളെടുക്കുമെന്നാണ് വിവരം.


കെസി വേണുഗോപാലിനാണ് പത്രികാസമര്‍പ്പണത്തിന്‍റെ ചുമതല നല്‍കിയിരിക്കുന്നത്. ഏപ്രില്‍ 23നാണ് കേരളത്തില്‍ വോട്ടെടുപ്പ്. രാഹുല്‍ എത്തിയ ശേഷം കഷ്ടിച്ച് മൂന്നാഴ്ചയേ മുന്നിലുണ്ടാകൂ. എന്നാല്‍ ഇതിനിടെ പല സംസ്ഥാനങ്ങളിലും രാഹുല്‍ ഗാന്ധിക്ക് സന്ദര്‍ശനം നടത്തേണ്ടതുണ്ട്. ഏപ്രില്‍ 23നാണ് കേരളത്തില്‍ തിരഞ്ഞെടുപ്പ്. അതിന് മുമ്പ് രണ്ട് ഘട്ടങ്ങളില്‍ വോട്ടെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളുണ്ട്. അവിടെയും രാഹുല്‍ ഗാന്ധിക്ക് സന്ദര്‍ശിക്കേണ്ടതുണ്ട്. കൂടാതെ അമേഠിയില്‍ പത്രിക സമര്‍പ്പിക്കണം. അതുകൊണ്ടുതന്നെ അദ്ദേഹം എത്ര ദിവസം വയനാട്ടിലുണ്ടാകുമെന്ന് വ്യക്തമല്ല.


രാഹുലിന്‍റെ വയനാട് സ്ഥാനാര്‍ഥിത്വത്തിനെതിരെ ബിജെപി വന്‍ പ്രചാരണമാണ് നടത്തുന്നത്. ഉത്തരേന്ത്യയിലും ബിജെപി ആയുധമാക്കിയിരിക്കുകയാണ് ഇക്കാര്യം. കേരളത്തില്‍ ഇടതുപക്ഷവും രാഹുലിന്‍റെ സ്ഥാനാര്‍ഥിത്വത്തിനെതിരെ രംഗത്തുണ്ട്. രാഹുല്‍ വര്‍ഗീയ ശക്തികളുടെ സഹായത്തോടെയാണ് മല്‍സരിക്കുന്നത് എന്നാണ് സിപിഎം പ്രചാരണം. അമേഠി മണ്ഡലത്തില്‍ രാഹുല്‍ പരാജയപ്പെടുമെന്ന് ഭയപ്പെട്ടാണ് വയനാട് മണ്ഡലത്തില്‍ മല്‍സരിക്കുന്നതെന്ന് ബിജെപി ആരോപിക്കുന്നു.


വര്‍ഗീയ പ്രചാരണങ്ങളും നടക്കുന്നുണ്ട്. മുസ്ലിം ലീഗുമായുള്ള ബന്ധം സൂചിപ്പിച്ചാണ് വര്‍ഗീയ പ്രചാരണം ഉത്തരേന്ത്യയിയില്‍ നടക്കുന്നത്. ബിജെപി നേതാക്കള്‍ ഉത്തരേന്ത്യ കേന്ദ്രമായിട്ടാണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ രാഹുല്‍ ഉത്തരേന്ത്യയെയും ദക്ഷിണേന്ത്യയെയും ഒരുപോലെ കാണുന്നു. ഇതിന്‍റെ തെളിവാണ് രണ്ടു ഭാഗങ്ങളിലും മല്‍സരിക്കുന്നതെന്നും കോണ്‍ഗ്രസ് പ്രചരിപ്പിക്കും.






Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K