28 March, 2019 09:30:33 AM


ലോകസഭാ തെരഞ്ഞെടുപ്പ്; നാമനിർദ്ദേശ പത്രികകൾ ഇന്ന് മുതൽ സ്വീകരിച്ച് തുടങ്ങും



തിരുവനന്തപുരം: കേരളം പോളിംഗ് ബൂത്തിലേക്കെത്താൻ ഇനി 25 ദിവസം മാത്രം ബാക്കി. നാമനിർദ്ദേശ പത്രികകൾ ഇന്ന് മുതൽ സ്വീകരിച്ച് തുടങ്ങും. അടുത്ത മാസം നാല് വരെ പത്രിക നൽകാം. അഞ്ചിനാണ് സൂക്ഷ്മ പരിശോധന. പത്രിക പിൻവലിക്കാനുള്ള അവസാന തിയതി ഏപ്രിൽ എട്ട്. നിർണ്ണായക വോട്ടെടുപ്പ് 23 ന്.  

ഇഞ്ചോടിഞ്ച് പോരിലാണ് മുന്നണികൾ. പ്രചാരണത്തിൽ മുന്നണികൾ സജീവമായി മുന്നോട്ടുപോകുമ്പോഴും വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരിക്കുമോയെന്ന അനിശ്ചിതത്വം തുടരുന്നതിന്‍റെ ആശങ്കയിലാണ് യുഡിഎഫ്. പാർട്ടി അധ്യക്ഷൻ വയനാട്ടിൽ സ്ഥാനാർത്ഥിയാകുമെന്ന നേതാക്കളുടെ വാക്കിൽ ആവേശത്തിലായിരുന്നു കോൺഗ്രസ് ക്യാമ്പ്. എന്നാൽ രാഹുൽ വരവ് ഉറപ്പിച്ച് പറയാത്തതോടെ കോൺഗ്രസ്സും യുഡിഎഫും ആശയക്കുഴപ്പത്തിലാണ്.  ശബരിമല, കൊലപാതക രാഷ്ട്രീയം, ഭരണനേട്ടങ്ങൾ, കോലിബീ - മാബി - കോമ സഖ്യങ്ങൾ, ഒടുവിലിപ്പോൾ പ്രചാരണത്തിലെ പ്രധാന ചർച്ച രാഹുലിൻറെ വരവാണ്. 

വടകരയിൽ പി ജയരാജന്, കെ മുരളീധരൻ വെല്ലുവിളി ഉയർത്തുമ്പോഴും മുരളിയെ സ്ഥാനാർത്ഥിയായി കോണ്‍ഗ്രസ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. രാഹുൽ വന്നാൽ വയനാട്ടിലെ എൻഡിഎ സ്ഥാനാർത്ഥിക്കും മാറ്റം വരാം. പത്രിക സ്വീകരിക്കാനുള്ള നടപടി ക്രമങ്ങൾ പൂർത്തിയായെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു. ക്രിമിനൽ കേസുകളെ കുറിച്ചുള്ള വിവരങ്ങൾ സ്ഥാനാർത്ഥികൾ നൽകിയില്ലെങ്കിൽ കോടതിയലക്ഷ്യമായി കണക്കാക്കുമെന്നാണ് തെരഞ്ഞെടുപ്പ് ഓഫീസറുടെ മുന്നറിയിപ്പ്




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K