26 March, 2019 10:10:24 AM


പത്തനംതിട്ടയിലും തിരുവനന്തപുരത്തും ബിജെപിക്ക് പിന്തുണ നല്‍കാന്‍ എൻഎസ്എസ് നിര്‍ദ്ദേശമെന്ന്




കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പിൽ വിജയസാധ്യതയുള്ള മണ്ഡലങ്ങളായ പത്തനംതിട്ടയിലും തിരുവനന്തപുരത്തും ബിജെപിക്ക് പിന്തുണ നൽകാൻ എൻഎസ്എസ് ആസ്ഥാനത്ത് നിന്ന് നിർദേശം നൽകിയിട്ടുണ്ടെന്ന് മാവേലിക്കര എന്‍എസ്എസ് താലൂക്ക് യൂണിയന്‍ മുൻ പ്രസിഡന്‍റ് അഡ്വ. ടി കെ പ്രസാദ്. മാവേലിക്കര മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥിയായ ചിറ്റയം ഗോപകുമാറിന് സ്വീകരണം നൽകിയതിന്‍റെ പേരിൽ പിരിച്ചുവിടപ്പെട്ട പ്രസിഡന്‍റാണ് ടി കെ പ്രസാദ്. ഇടത് അനുഭാവമുള്ളതിന്‍റെ പേരിലാണ് പ്രസാദിനെ പിരിച്ചുവിട്ടതെന്നാണ് സൂചന.



എന്‍എസ്എസ് താലൂക്ക് യൂണിയന്‍ ഓഫീസിനെത്തിയ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ചിറ്റയം ഗോപകുമാറിന് സ്വീകരണമൊരുക്കിയതാണ് എന്‍എസ്എസ് നേതൃത്വത്തെ പ്രകോപിപ്പിച്ചത്. ചങ്ങനാശ്ശേരി എന്‍എസ്എസ് ആസ്ഥാനത്തേക്ക് വിളിച്ചു വരുത്തി പ്രസിഡന്‍റിന്‍റേയും കമ്മിറ്റി അംഗങ്ങളുടേയും രാജി എഴുതി വാങ്ങുകയായിരുന്നു. തെരഞ്ഞെടുപ്പില്‍ സമദൂര നിലപാടാണെന്ന എന്‍എസ്എസ് വാദം പൊള്ളയാണെന്ന് രാജിവെച്ച യൂണിയന്‍ മുന്‍ പ്രഡിഡന്‍റ് ആരോപിച്ചു.


ഇടത് മുന്നണി സ്ഥാനാര്‍ത്ഥികള്‍ക്ക് എതിരായ നിലപാട് സ്വീകരിക്കണമെന്നാണ് ചങ്ങനാശ്ശേരിയില്‍ നിന്നുള്ള നിര്‍ദ്ദേശമെന്നും അഡ്വക്കേറ്റ് ടി കെ പ്രസാദ് പറഞ്ഞു. ലോക്‍സഭാ തെരഞ്ഞെടുപ്പിലും സമദൂരമെന്നായിരുന്നു എന്‍എസ്എസിന്‍റെ പരസ്യ നിലപാട്. എന്നാല്‍ രഹസ്യമായി ഒരോ മണ്ഡലത്തിലും എന്‍എസ്എസ് സ്ഥാനാര്‍ത്ഥികളെ പിന്തുണക്കുന്നുണ്ടെന്നും അഡ്വക്കേറ്റ് ടി കെ പ്രസാദ്. പിരിച്ചു വിട്ട ഭരണ സമിതിക്ക് പകരം  തെരഞ്ഞെടുപ്പ് കഴിയും വരെ മാവേലിക്കരയില്‍ അഞ്ചംഗ അഡ്ഹോക് കമ്മിറ്റിയെ എന്‍എസ്എസ് നേതൃത്വം നിയമിച്ചിട്ടുണ്ട്.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K