26 March, 2019 09:59:30 AM


രാഹുലിന്‍റെ സ്ഥാനാർത്ഥിത്വം, 12-ാം പട്ടികയിലും വടകരയും വയനാടുമില്ല; അനിശ്ചിതത്വം തുടരുന്നു



ദില്ലി: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ വയനാട് സ്ഥാനാർഥിത്വം സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നു. പന്ത്രണ്ടാം പട്ടിക പുറത്തിറക്കിയ ശേഷവും വയനാട്ടിലെയും വടകരയിലെയും സ്ഥാനാർഥികളെ കോൺഗ്രസ് പ്രഖ്യാപിച്ചില്ല. തീരുമാനമെടുത്തിട്ടില്ലെന്നാണ് കോൺഗ്രസ് പ്രതികരണം. രാഹുൽ ഗാന്ധി മത്സരിക്കുമോ എന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തിലാണ് വയനാട് സീറ്റ് ഒഴിച്ചിട്ടിരിക്കുന്നത്.


ഇന്നലെ രാത്രി വൈകി പ്രഖ്യാപിച്ച 12 മത് സ്ഥാനാര്‍ത്ഥി പട്ടികയില്‍ ജെ ഡി എസ് കോൺഗ്രസിന് തിരികെ നൽകിയ ബംഗ്ലുരൂ നോർത്തിലിലെ പാർട്ടി സ്ഥാനാർഥിയെ പ്രഖ്യാപിച്ചു. ഇന്ന് രാവിലെ പത്ത് മണിക്ക് കോൺഗ്രസ് മാധ്യമ വിഭാഗം മേധാവി വാർത്താ സമ്മേളനം വിളിച്ചിട്ടുണ്ട്. അതേസമയം സ്വന്തം പ്രചാരണത്തിൽ നിന്ന് പിന്മാറിയ ടി സിദ്ദിഖ് രാഹുൽ എത്തുമെന്ന കണക്കുകൂട്ടലിൽ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് കൺവെൻഷനുകളിൽ സജീവമാണ്.


വടകര മണ്ഡലത്തിൽ കെ മുരളീധരൻ പ്രചാരണം തുടങ്ങിയെങ്കിലും എഐസിസി ഔദ്യോഗികമായി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുന്നതിന് മുമ്പ് കേരള നേതാക്കൾ പ്രഖ്യാപനം നടത്തിയതിൽ ദേശീയ നേതൃത്വത്തിന് അതൃപ്തിയുണ്ടായിരുന്നു. അതേസമയം മുരളീധരൻ പ്രചാണവുമായി മുന്നോട്ട് പോകട്ടെയെന്ന അനൗദ്യോഗിക നിർദ്ദേശവും എഐസിസി നൽകിയിട്ടുണ്ടെന്നാണ് സൂചന. വയനാട് സീറ്റിലെ അനിശ്ചിതത്വം തുടരുന്നതുകൊണ്ടാണ് വടകരയിലെ സ്ഥാനാർത്ഥിയേയും ഔദ്യോഗികമായി പ്രഖ്യാപിക്കാത്തത്. 


പശ്ചിമബംഗാളിലെ 25 സീറ്റുകളിലെ സ്ഥാനാർത്ഥികളെയും മഹാരാഷ്ട്രയിലെ ഒരു സീറ്റിലെ സ്ഥാനാർത്ഥിയേയും പത്താം പട്ടിയകയിൽ പ്രഖ്യാപിച്ചിരുന്നു. മുംബൈ നോർത്ത് വെസ്റ്റിൽ മിലന്ദ് ദേവ്റ കോൺഗ്രസ് സ്ഥാനാർത്ഥിയാകും. നേരത്തേ മുബൈ നോർത്ത് വെസ്റ്റിലേക്ക് പരിഗണിച്ചിരുന്ന സഞ്ജയ് നിരുപത്തിന് പകരമായാണ് മുംബൈ റീജിയണൽ കോൺ കമ്മിറ്റി അധ്യക്ഷൻ മിലന്ദ് ദേവ്റയെ നിയോഗിച്ചത്. ഒഡിഷ നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള നാല് സ്ഥാനാർത്ഥികളേയും കോൺഗ്രസ് പ്രഖ്യാപിച്ചിട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K