24 March, 2019 11:37:21 AM


ഏറ്റുമാനൂര്‍ കാണക്കാരിയില്‍ വൃദ്ധയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ; മകൻ കസ്റ്റഡിയില്‍ഏറ്റുമാനൂര്‍: കാണക്കാരിയിൽ പട്ടിത്താനത്തിന് സമീപം വൃദ്ധയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. കൊലപാതകം ആണോ എന്ന് പോലീസ് അന്വേഷിച്ചു വരുന്നു. കാണക്കാരി വാഴക്കാലായില്‍ പരേതനായ ജോസഫിന്‍റെ (പാപ്പച്ചൻ) ഭാര്യ ചിന്നമ്മ (85) ആണ് മരിച്ചത്. ചിന്നമ്മയുടെ മകന്‍ ബിനു രാജി(47)നെ കുറവിലങ്ങാട് പോലീസ് കസ്റ്റഡിയില്‍ എടുത്തു. വീട്ടില്‍ സഹായിയായി നിന്നിരുന്ന വിശ്വംഭരനെ പോലീസ് ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു.

കാണക്കാരി വിക്ടർ ജോർജ് റോഡിലെ ചിന്നമ്മ താമസിക്കുന്ന വീടിന്‍റെ തെക്കുവശത്ത് പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്. പറമ്പിലെ വാഴകൂട്ടങ്ങളുടെ ചുവട്ടില്‍ പുല്ലും കരിയിലയും വാഴയിലകളും എല്ലാം കത്തികരിഞ്ഞതിന്‍റെ ചാരം കിടപ്പുണ്ട്. ഇവിടെ നിന്നും ഏകദേശം പതിനഞ്ച് അടി മാറിയാണ്  പൂര്‍ണ്ണമായി കത്തികരിഞ്ഞ നിലയില്‍ മൃതദേഹം കാണപ്പെട്ടത്.  അതേസമയം മൃതദേഹം കിടക്കുന്നിടത്ത് തീ പടര്‍ന്നതിന്‍റെ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല. മര്‍ദ്ദനത്തെ തുടര്‍ന്ന് ബോധം പോകുകയോ മരിക്കുകയോ ചെയ്ത ചിന്നമ്മയെ വാഴചുവട്ടില്‍ കൊണ്ടുവന്നിട്ട് കത്തിച്ചതാണോ എന്നും അന്വേഷിക്കുന്നുണ്ട്.   ഞായറാഴ്ച രാവിലെ പത്ത് മണിയോടെ ബിനുരാജ് തന്നെയാണ് പോലീസിനെ വിവരം അറിയിച്ചത്. പറമ്പിൽ വാഴ കത്തുന്നതായി ആദ്യം ഇയാൾ അതിരമ്പുഴയിലുള്ള സഹോദരി ഭർത്താവിനെയും തുടർന്ന് കത്തിക്കരിഞ്ഞ ജഡം വാഴച്ചുവട്ടിൽ കിടക്കുന്നതായി അമയന്നൂരിലുള്ള സഹോദരിയേയും വിളിച്ച് അറിയിച്ചിരുന്നുവത്രേ. വിവാഹബന്ധം വേര്‍പെടുത്തി കഴിയുന്ന ബിനുരാജും ചിന്നമ്മയും തമ്മില്‍  വഴക്കിടുന്നത് പതിവായിരുന്നതായി നാട്ടുകാരും ബന്ധുക്കളും പോലീസിന് മൊഴി നല്‍കി.

  ബിനുരാജിനെ കൂടാതെ തങ്കമ്മ, മേഴ്സമ്മ എന്നീ രണ്ട് മക്കള്‍ കൂടിയുണ്ട് ചിന്നമ്മയ്ക്ക്. തികഞ്ഞ മദ്യപാനിയായ ബിനുരാജുമായി ആറ് മാസം മുമ്പ് വഴക്കുണ്ടാക്കി തലയ്ക്കടിയേറ്റ ചിന്നമ്മ പിന്നീട് മാസങ്ങളോളം മകളുടെ കൂടെ ആയിരുന്നു താമസിച്ചിരുന്നത്. അടുത്തിടെയാണ് വീണ്ടും മകന്‍റെ കൂടെ താമസം തുടങ്ങിയത്. ഇവര്‍ക്ക് ലഭിക്കുന്ന വാര്‍ദ്ധക്യകാല പെന്‍ഷന്‍ പോലും മകനെ ഏല്‍പ്പിക്കുക പതിവായിരുന്നു. ഇടയ്ക്കൊക്കെ മകനുമായി വഴക്കിട്ട് അയല്‍വാസികളുടെ വീടുകളിലും ചിന്നമ്മ അന്തിയുറങ്ങിയിട്ടുണ്ടെന്ന് ബന്ധുക്കള്‍ പോലീസിന് മൊഴി നല്‍കി.


  ജില്ലാ പോലീസ് മേധാവി ഹരിശങ്കർ, എഎസ്പി രീഷ്മാ രമേശന്‍, വൈക്കം ഡിവൈഎസ്പി കെ.സുഭാഷ്, കുറവിലങ്ങാട് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ആര്‍.കുമാര്‍, എസ് ഐ ടി.ആര്‍.ദീപു എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഫോറന്‍സിക് വിദഗ്ധരും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധനകള്‍ നടത്തിയ ശേഷം മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
   
  വെച്ചൂര്‍ കുറുപ്പംകാട്ടില്‍ കുടുംബാംഗമാണ് ചിന്നമ്മ. ഭര്‍ത്താവ് ജോസഫ് നാല് വര്‍ഷം മുമ്പ് കാണക്കാരി അമ്പലകവലയ്ക്ക് സമീപം സ്കൂട്ടര്‍ തട്ടി മരിക്കുകയായിരുന്നു. മറ്റ് മക്കള്‍ തങ്കമ്മ, മേഴ്സമ്മ, മരുമക്കള്‍ തോമസ്, പാമ്പാടിയില്‍ (അമയന്നൂര്‍), ടോമി തോട്ടത്തില്‍ (അതിരമ്പുഴ). സംസ്കാരം തിങ്കളാഴ്ച രാവിലെ 10.30ന് പട്ടിത്താനം രത്നഗിരി സെന്‍റ് തോമസ് പള്ളി സെമിത്തേരിയില്‍.  Share this News Now:
  • Google+
  Like(s): 2251