22 March, 2019 01:21:12 PM


തുഷാർ മത്സരിക്കുന്നതിനോട് എതിർപ്പില്ല; മലക്കം മറിഞ്ഞ് വെള്ളാപ്പള്ളി നടേശൻ



ആലപ്പുഴ: തൃശ്ശൂരിൽ എൻഡിഎ സ്ഥാനാർത്ഥിയായി തുഷാർ വെള്ളാപ്പള്ളി മത്സരിക്കുന്നതിനെ ശക്തമായി എതി‍ർത്ത വെള്ളാപ്പള്ളി നടേശന്‍ തന്‍റെ നിലപാടുകളിൽ മലക്കം മറിഞ്ഞു. തുഷാർ പരിചയസമ്പന്നനായ സംഘാടകനാണെന്നും മത്സരിക്കുന്നതിൽ എതിർപ്പില്ലെന്നും പറഞ്ഞ വെള്ളാപ്പള്ളി തുഷാര്‍ ശക്തമായ സംഘടനാ സംസ്കാരത്തിൽ വളർന്നയാളാണ് എന്നും പറയുന്നു.


എസ്‍എൻഡിപി യോഗത്തിൽ നിന്നുകൊണ്ട് മത്സരിക്കാനാകില്ലെന്ന് പറഞ്ഞ നിലപാടും ഒറ്റയടിക്ക് വെള്ളാപ്പള്ളി തിരുത്തുന്നു. തുഷാർ എസ്‍എൻഡിപി യോഗത്തിലെ ഭാരവാഹിത്വം രാജിവയ്ക്കണ്ടി വരുമോ എന്ന് ഇപ്പോൾ പറയാനാകില്ലെന്നാണ് വെള്ളാപ്പള്ളി പറയുന്നത്. തുഷാറുമായി സഹകരിച്ച് തന്നെ മുന്നോട്ടു പോകും. എല്ലാവരോടും ശരിദൂരമെന്ന തന്‍റെ മുൻ നിലപാട് തന്നെയാണ് തുഷാറിനോടും എന്നാണ് വെള്ളാപ്പള്ളി പറയുന്നത്. എസ്‍എൻ‍ഡിപിക്ക് ഒരു പാർട്ടിയോടും സ്നേഹമോ വിദ്വേഷമോ ഇല്ലെന്നും വെള്ളാപ്പള്ളി പറയുന്നു. 


എസ്എൻഡിപിയോഗം ഭാരവാഹിയായിരിക്കെ മത്സരിക്കരുതെന്ന് തുഷാറിനോട് ആവശ്യപ്പെട്ടതായി നേരത്തേ വെള്ളാപ്പള്ളി നടേശൻ പറഞ്ഞിരുന്നു. മത്സരിക്കുന്നെങ്കിൽ എസ്എൻഡിപി പദവി രാജിവെക്കണം. എസ്എൻഡിപിക്ക് നാണക്കെടുണ്ടാകുന്ന അനുഭവം നേരത്തെ ഉണ്ടായതുകൊണ്ടാണ് ഈ തീരുമാനമെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞിരുന്നു. ഇടതിനൊപ്പം നിൽക്കുന്ന അച്ഛനും, ബിജെപിക്കൊപ്പം നിൽക്കുന്ന മകനും ബിഡിജെഎസ്സിന്‍റെയും എസ്‍എൻഡിപിയുടെയും അണികളെ ആകെ ആശയക്കുഴപ്പത്തിലാക്കിയിരുന്നു.


തൃശ്ശൂരിൽ മത്സരിച്ചാൽ തുഷാർ തോറ്റുപോകുമെന്നാണ് വെള്ളാപ്പള്ളി സൂചിപ്പിച്ചിരുന്നത്. അന്നത്തെ ആ ഉറച്ച നിലപാടിൽ നിന്നൊക്കെ മറുകണ്ടം ചാടിയിരിക്കുകയാണ് വെള്ളാപ്പള്ളി ഇപ്പോൾ. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് മോദിക്കൊപ്പം ഹെലി‍കോപ്റ്ററിൽ പറന്ന വെള്ളാപ്പള്ളി പിന്നീടങ്ങോട്ട് ഇടത് പക്ഷത്തിനൊപ്പം പോവുകയായിരുന്നു. ശബരിമല സമരകാലത്ത് പിണറായിക്കൊപ്പം ഉറച്ചു നിന്ന വെള്ളാപ്പള്ളി വനിതാ മതിലിന്‍റെ സംഘാടകസമിതി ചെയർമാനുമായി. അപ്പോഴൊക്കെയും തുഷാർ എൻഡിഎയ്ക്ക് ഒപ്പം ഉറച്ചു നിൽക്കുകയുമായിരുന്നു. 




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K