20 March, 2019 02:06:50 PM


കുടുംബരാഷ്ട്രീയവും യോഗ്യതയും: മോദിയുടെ നേരെ പ്രിയങ്കയും രാഹുലും

 



ദില്ലി: കുടുംബഭരണം രാജ്യത്തെ തകർത്തെന്ന നരേന്ദ്ര മോദിയുടെ ആരോപണത്തെ  ചെറുത്ത് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി രംഗത്ത്. ഇതിനിടെ കുടുംബമില്ലാത്തതു കൊണ്ടാണ് മോദി കുടുംബഭരണത്തെ എതിർക്കുന്നതെന്ന കോൺഗ്രസ് നേതാവ് താരിഖ് അൻവറിന്‍റെ പരാമർശം ബിജെപിക്ക് ആയുധവുമായി മാറി. മൂന്നു ദിവസത്തെ പ്രിയങ്കാ ഗാന്ധിയുടെ ഗംഗായാത്ര വാരാണസിയിൽ എത്തുമ്പോഴാണ് കുടുംബഭരണത്തിനെതിരായ മോദിയുടെ കടന്നാക്രമണം.

കുടുംബഭരണം സ്ഥാപനങ്ങളെ തകർത്തു. പാർലമെന്‍റ് മുതൽ മാധ്യമങ്ങൾ വരെ കുടുംബഭരണത്തിന്‍റെ ഇരകളാണെന്നും. സൈനികർ, സുപ്രീംകോടതി, ഭരണഘടന തുടങ്ങി ഒന്നിനെയും കോൺഗ്രസിന്‍റെ കുടുംബഭരണം വെറുതെവിട്ടില്ലെന്നുമാണ് നരേന്ദ്രമോദി തന്‍റെ ബ്ളോഗിലൂടെ കുറ്റപ്പെടുത്തിയത്. ഇതിനെതിരെ ശക്തമായ ഭാഷയിലാണ് പ്രിയങ്ക പ്രതികരിച്ചത്. മാധ്യമങ്ങൾ ഉൾപ്പടെ എല്ലാ സ്ഥാപനങ്ങളെയും അധികാരത്തിലിരുന്ന അഞ്ച് വര്‍ഷം കൊണ്ട് ബിജെപി തകർത്തുവെന്ന് പ്രിയങ്ക പറഞ്ഞു. ഇത് എല്ലാവർക്കും അറിയാം. അതിനാൽ ജനങ്ങൾ വിഡ്ഢികളാണെന്ന് പ്രധാനമന്ത്രി കരുതരുത്.

കിഴക്കൻ ഉത്തർപ്രദേശിൽ പ്രിയങ്ക തരംഗമുണ്ടാക്കാൻ ശ്രമിക്കുമ്പോഴാണ് മോദി കുടുംബഭരണം ഉയർത്തി പ്രതിരോധിക്കുന്നത്. 2014ൽ പ്രിയങ്ക നീച് രാഷ്ട്രീയം അഥവാ താഴ്ന്ന രാഷ്ട്രീയം എന്ന് പ്രയോഗിച്ചത് തന്‍റെ ജാതി സൂചിപ്പിച്ചാണെന്ന് മോദി ആരോപിച്ചിരുന്നു. യാദവരൊഴികെയുള്ള മറ്റു പിന്നാക്കവിഭാഗങ്ങളെ ഉത്തർപ്രദേശിൽ ഒപ്പം നിറുത്താൻ കൂടിയാണ് കുടുംബരാഷ്ട്രീയം മോദി വിഷയമാക്കുന്നത്. 

ഇതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദ്യാഭ്യാസയോഗ്യത ചോദ്യം ചെയ്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും രംഗത്തെത്തി. മോദിയുടെ സര്‍വകലാശാല ബിരുദം ആരും കണ്ടിട്ടില്ലെന്നും വിവരാവകാശ നിയമപ്രകാരം പ്രധാനമന്ത്രിയുടെ ബിരുദത്തിന്‍റെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് സമര്‍പ്പിച്ച അപേക്ഷയ്ക്ക് ഇതുവരെ മറുപടി ലഭിച്ചിട്ടില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഇംഫാലില്‍ വിദ്യാര്‍ത്ഥികളുമായി സംവദിക്കുന്നതിനിടെയായിരുന്നു രാഹുല്‍ പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസയോഗ്യതയെക്കുറിച്ച് പരാമര്‍ശിച്ചത്. 


പി.എം.ഒ (പ്രധാനമന്ത്രിയുടെ ഓഫീസ്) ഇപ്പോള്‍ പബ്ലിസിറ്റി മിനിസ്റ്ററുടെ ഓഫീസ് പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് പരിഹസിച്ച രാഹുല്‍ ഗാന്ധി സാംസ്കാരിക അധിനിവേശത്തെ കോണ്‍ഗ്രസ് അനുകൂലിക്കുന്നില്ലെന്ന് വ്യക്തമാക്കി. ഇന്ത്യയുടെ ഓരോ മേഖലയിലെ ഒരോ ഗ്രാമങ്ങള്‍ക്കും സ്വതന്ത്രമായ ഒരു സാംസ്കാരമുണ്ട്. ആ സാംസ്കാരത്തേയും വിശ്വാസങ്ങളേയും ബഹുമാനിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നതാണ് കോണ്‍ഗ്രസ് നയം. ഇന്ത്യയിലിപ്പോള്‍ ആര്‍എസ്എസ്-ബിജെപിയും ചേര്‍ന്ന് ഒരൊറ്റ ആശയം അടിച്ചേല്‍പ്പിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K