20 March, 2019 02:06:35 PM


തുഷാർ മത്സരിച്ചാൽ ജയിക്കണം എന്നില്ല; ജയിപ്പിക്കണം എന്ന് പറയുകയുമില്ല - വെള്ളാപ്പള്ളി

തുഷാറിനെതിരെയുള്ള വെള്ളാപ്പള്ളിയുടെ നീക്കങ്ങള്‍ അച്ഛനും മകനും തമ്മിലുള്ള രാഷ്ട്രീയ നാടകമോ?



ആലപ്പുഴ: ബിജെപി സാധ്യത കാണുന്ന മണ്ഡലങ്ങളിലൊന്നായ തൃശ്ശൂരിൽ മത്സരിക്കാൻ തുഷാറിന് മേൽ ബിജെപി നേതാക്കളുടെ സമ്മർദ്ദം തുടരുകയാണ്. അതുകൊണ്ടുതന്നെ തൃശ്ശൂർ മണ്ഡലത്തിനായി ബിജെപി നേതാക്കളാരും ഇതുവരെ അവകാശവാദം ഉന്നയിച്ചിട്ടുമില്ല. ഇതിനി‌ടെയാണ് തുഷാര്‍ മത്സരിച്ചാല്‍ ജയിക്കില്ലെന്ന മുന്‍വിധിയുമായി വെള്ളാപ്പള്ളി നടേശന്‍ രംഗത്തെത്തിയത്. ജയിക്കാന്‍ സാധ്യതയുള്ള മണ്ഡലമല്ല തൃശൂര്‍ എന്നാണ് അദ്ദേഹത്തിന്‍റെ ആദ്യ വിലയിരുത്തല്‍. 


പിന്നീട് ഒരു ചാനലിനോട് വെള്ളാപ്പള്ളി വ്യക്തമാക്കിയത് ഇങ്ങനെ - "എല്ലാവരും നിൽക്കുന്നത് ജയിക്കാൻ വേണ്ടിയാണ്. എണ്ണിക്കഴിയുമ്പോൾ എല്ലാവരും അങ്ങനെ തോറ്റു, ഇങ്ങനെ തോറ്റു, ഇങ്ങനെ ജയിച്ചു എന്നെല്ലാം പറഞ്ഞ് ന്യായീകരിക്കും. ആര് ജയിക്കുമെന്ന് അരിയാഹാരം കഴിക്കുന്നവർക്ക് അറിയാം. തുഷാറിനെ ജയിപ്പിക്കണം എന്ന് സംഘടനയുടേതായി പറയേണ്ട ബാധ്യത എനിക്കില്ല, സംഘടനയ്ക്കകത്ത് എല്ലാവരുമുണ്ട്. സംഘടനയ്ക്ക് അകത്തുനിന്നുകൊണ്ട് അവരവരുടെ രാഷ്ട്രീയ അഭിപ്രായമനുസരിച്ച് പ്രവർത്തിക്കുന്നതിനൊന്നും ഞങ്ങളാരും എതിരല്ല. അത് എത്രയോ വട്ടം പറഞ്ഞിട്ടുണ്ട്."


"എസ്എൻഡിപിക്ക് എല്ലാവരോടും ശരിദൂരമാണെന്ന് പറയുന്ന വെള്ളാപ്പള്ളി തുഷാർ അച്ചടക്കമുള്ള പ്രവർത്തകനാണെന്നാണ് തന്‍റെ വിശ്വാസമെന്നും കൂട്ടിചേര്‍ത്തു. അതേസമയം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റിക്ക് ബിജെപി അയച്ചിരിക്കുന്ന സാധ്യതാ പട്ടികയിൽ തൃശ്ശൂരിലെ ഒന്നാം പേരുകാരന്‍ തുഷാറാണ്. എന്നാൽ മത്സരിക്കുന്ന കാര്യത്തിൽ തുഷാർ ഇതുവരെ സമ്മതം മൂളിയിട്ടില്ല. എന്നാല്‍ തുഷാറിനെതിരെയുള്ള വെള്ളാപ്പള്ളിയുടെ ജല്‍പനങ്ങല്‍ ഇരുവരും തമ്മിലുള്ള ഒരു രാഷ്ട്രീയ നാടകമായിരിക്കാം എന്നും അണികള്‍ക്കിടയില്‍ സംശയമുയര്‍ന്നിട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K