19 March, 2019 04:02:53 PM


വടകരയില്‍ അപ്രതീക്ഷിത നീക്കം ; കെ മുരളീധരന്‍ സ്ഥാനാര്‍ത്ഥിയാകുന്നു




കോഴിക്കോട്: വടകരയിലെ സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നതിനിടയില്‍ കെ മുരളീധരന്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന് റിപ്പോര്‍ട്ടുകള്‍. മുരളീധരനെ മത്സരിപ്പിക്കാന്‍ ഉന്നതല ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായും ഇക്കാര്യം മുരളീധരനെ അറിയിച്ചതായുമാണ് വിവരം. രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും അടക്കമുള്ള നേതാക്കള്‍ മുരളീധരനെ കണ്ട് വിവരം ധരിപ്പിച്ചതായിട്ടാണ് വിവരം. മുരളീധരന്‍ ഏറെക്കുറെ ഉറപ്പായ സാഹചര്യത്തില്‍ ഇനി ചടങ്ങിന് ഹൈക്കമാന്റിന്റെ അനുമതി എന്ന കാര്യത്തിനായി കാക്കുകയാണ്.


വടകരയില്‍ ശക്തനായ സ്ഥാനാര്‍ത്ഥി വേണമെന്ന ധാരണയാണ് മുരളീധരനിലേക്ക് എത്താന്‍ കാരണമായത്. സിറ്റിംഗ് എംപിയും കെപിസിസി അദ്ധ്യക്ഷനുമായ മുല്ലപ്പള്ളി ഇന്നലെ തന്നെ ഇക്കാര്യം മുരളീധരനുമായി ചര്‍ച്ച ചെയ്തിരുന്നു. സിറ്റിംഗ് എംപി മുല്ലപ്പള്ളി രാമചന്ദ്രന്‍ മത്സരിക്കുന്നില്ലെന്ന നിലപാടില്‍ ഉറച്ചു നിന്നതോടെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ നാദാപുരത്ത് മത്സരിച്ച കെ പ്രവീണ്‍കുമാര്‍ ഉള്‍പ്പെടെ അനേകം പേരുകള്‍ പരിഗണിച്ച ശേഷമാണ് ഒടുവില്‍ സ്ഥാനാര്‍ത്ഥിത്വം മുരളീധരന്റെ പക്കലേക്ക് എത്തിയത്. ഉടന്‍ തന്നെ മുരളീധരന്റെ കാര്യത്തില്‍ ഒൗദ്യോഗിക പ്രഖ്യാപനം മുല്ലപ്പള്ളി രാമചന്ദ്രന്‍ നടത്തും.


മുരളീധരന്‍ മത്സരിച്ചാല്‍ ജയം ഉറപ്പെന്ന് മുല്ലപ്പള്ളി പറഞ്ഞു. ഇടതുപക്ഷത്ത് മത്സരിക്കുന്ന പി ജയരാജനെ പോലെ ഒരു സ്ഥാനാര്‍ത്ഥിക്ക് ബദലായി അത്രയും തന്നെ ശക്തനായ സ്ഥാനാര്‍ത്ഥി തന്നെ വേണമെന്നതാണ് മുരളീധരനിലേക്ക് തീരുമാനം എത്തിയത്. പ്രായവും പക്വതയും മണ്ഡലത്തിലെ പരിചയവും കെ കരുണാകരന്റെ മകനെന്നതും മലബാറില്‍ നിന്നും പല തവണ എംപിയായി ജയിച്ചു എന്നതുമെല്ലാം സ്ഥാനാര്‍ത്ഥിത്വത്തില്‍ കെ മുരളീധരന് അനുകൂല ഘടകമായി മാറി.


നേരത്തേ ഇവിടെ മത്സരിക്കാന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ മേല്‍ സമ്മര്‍ദ്ദം ശക്തമായിരുന്നു. എന്നാല്‍ കേന്ദ്ര നേതാക്കളും സംസ്ഥാന നേതാക്കളും ഉള്‍പ്പെടെ ആവശ്യപ്പെട്ടിട്ടും മത്സരിക്കാനില്ലെന്ന നിലപാടില്‍ മുല്ലപ്പള്ളി ഉറച്ചു നിന്നതോടെയാണ് പുതിയ സ്ഥാനാര്‍ത്ഥിയെ കണ്ടെത്തേണ്ടി വന്നത്. വി എം സുധീരനെയും ബിന്ദു കൃഷ്ണയെയും പരിഗണിച്ചെങ്കിലും ഇരുവരും മത്സരിക്കാനില്ലെന്ന നിലപാട് എടുക്കുകയായിരുന്നു. 2009 ല്‍ താന്‍ പാര്‍ലമെന്ററി മത്സരരംഗത്ത് നിന്നും പിന്മാറിയതാണ് എന്നായിരുന്നു സുധീരന്റെ പ്രതികരണം. ബിന്ദു കൃഷ്ണയും മത്സരിക്കാനില്ലെന്ന് ഉറച്ചു നില്‍ക്കുകയായിരുന്നു.

ഇന്നലെ നേതാക്കള്‍ ഡല്‍ഹിയില്‍ നിന്നും വരുന്നത് വരെ മുരളീധരന്റെ പേര് ചര്‍ച്ചയില്‍ ഇല്ലായിരുന്നു. പിന്നീട് അപ്രതീക്ഷിതമായി മുരളീധരന്റെ പേര് ഉയര്‍ന്നു വരികയായിരുന്നു. ഉമ്മന്‍ചാണ്ടിയായിരുന്നു ഇക്കാര്യത്തിന് തുടക്കമിട്ടത്. പിന്നീട് രമേശ് ചെന്നിത്തലയുമായി സംസാരിക്കുകയും മുല്ലപ്പള്ളിയും രമേശും ഉമ്മന്‍ചാണ്ടിയും ഫോണില്‍ ചര്‍ച്ച നടത്തുകയൂം ചെയ്തു. ഇതിന് പിന്നാലെയാണ് മുരളീധരനുമായി മുല്ലപ്പള്ളി സ്ഥാനാര്‍ത്ഥിത്വ ചര്‍ച്ച നടത്തുകയും ചെയ്തത്. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ഉള്‍പ്പെടെയുള്ളവരുടെ നിര്‍ബ്ബന്ധം കൂടിയായതോടെ മുരളീധരന്‍ സമ്മതം അറിയിക്കുകയാണ്. വിവരം ഹൈക്കമാന്റിനെയും സംസ്ഥാന നേതൃത്വം അറിയിച്ചിട്ടുണ്ട്. നിലവില്‍ വട്ടിയൂര്‍കാവ് എംഎല്‍എയാണ് മുരളീധരന്‍.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K