18 March, 2019 06:08:09 AM


കെ വി തോമസ് ഇന്ന് സോണിയാ ഗാന്ധിയെ കാണും; പാര്‍ട്ടിയില്‍ പദവി ലഭിച്ചേക്കും




ദില്ലി: മുതിന്ന കോൺഗ്രസ് നേതാവ് കെ വി തോമസ് ഇന്ന് സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയേക്കും. വിവിധ സംസ്ഥാനങ്ങളിലെ സ്ഥാനാർഥി നിർണയത്തിനായുള്ള തെരഞ്ഞടുപ്പ് സമിതി യോഗത്തിന് ശേഷം കൂടിക്കാഴ്ചയ്ക്കുള്ള സമയം അനുവദിക്കാമെന്ന് സോണിയാ ഗാന്ധിയുടെ ഓഫിസ് കെ വി തോമസിനെ അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസം കെ വി തോമസ്  അഹമ്മദ് പട്ടേലുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിക്കപ്പെട്ടതിൽ പ്രതിഷേധമുയർത്തിയ കെ വി തോമസിനെ അനുനയിപ്പിക്കുന്നതിന്‍റെ ഭാഗമായായിരുന്നു കൂടിക്കാഴ്ച.

അഹമ്മദ് പട്ടേലുമായുള്ള നിർണായക കൂടിക്കാഴ്ചയ്ക്ക് ശേഷം ദില്ലിയിൽ തന്നെ  തുടരാൻ  കെ വി തോമസിനോട് പാർട്ടി നേതൃത്വം നിർദ്ദേശിച്ചിരുന്നു. എറണാകുളം സീറ്റ് നിഷേധിക്കപ്പെട്ടതിനെ തുടർന്ന് പാർട്ടി നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്തുവന്ന  കെ വി തോമസിനെ പാർട്ടി പദവികൾ നൽകി  അനുനയിപ്പിക്കാനാണ് ഹൈക്കമാന്‍റ് ആലോചന. സീറ്റ് നിഷേധിക്കപ്പെട്ടതിൽ കടുത്ത ദുഃഖമുണ്ടെന്നും എന്ത് തെറ്റ് ചെയ്തതുകൊണ്ടാണ് തന്നെ മാറ്റി നിർത്തിയതെന്ന് മനസ്സിലാകുന്നില്ലെന്നും കെ വി തോമസ് തുറന്നടിച്ചിരുന്നു.

സീറ്റില്ലെന്ന് വ്യക്തമായ ഉടനെ തന്നെ പ്രതിഷേധം പ്രകടിപ്പിച്ച കെ വി തോമസിനെ അനുനയിപ്പിക്കാൻ രമേശ് ചെന്നിത്തലയടക്കമുള്ള നേതാക്കൾ ശ്രമങ്ങൾ നടത്തിയിരുന്നു. ഇന്നലെ കെ വി തോമസിന്‍റെ വീട്ടിലെത്തിയ ചെന്നിത്തലയോട് ആദ്യം രോഷത്തോടെ പ്രതികരിച്ചെങ്കിലും പിന്നീട് നേതാക്കളുടെ അനുനയ നീക്കങ്ങൾക്ക് കെ വി തോമസ് വഴങ്ങി. ഹൈബി ഈഡൻ മത്സരിച്ച് പാര്‍ലമെന്‍റിലേക്ക് എത്തുമ്പോൾ ഒഴിവു വരുന്ന എംഎൽഎ സ്ഥാനം, യുഡിഎഫ് കൺവീനര്‍ പദവി തുടങ്ങി കോൺഗ്രസ് വര്‍ക്കിംഗ് പ്രസിഡന്‍റ് അടക്കം സംഘടനാ പദവികളും കെ വി തോമസിന് വാഗ്ദാനം ചെയ്തിരുന്നു. ഇന്ന് സോണിയാ ഗാന്ധിയെ കണ്ട ശേഷം തുടര്‍ തീരുമാനങ്ങൾ ഉണ്ടായേക്കും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K