18 March, 2019 05:48:00 AM


പശ്ചിമബംഗാളിൽ കോൺഗ്രസ് - സിപിഎം സീറ്റ് ധാരണ പൊളിഞ്ഞു; കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കും



കൊൽക്കത്ത: പശ്ചിമബംഗാളിൽ ഒറ്റയ്ക്ക് മത്സരിക്കാൻ കോൺഗ്രസ് തീരുമാനിച്ചു. പിസിസി അദ്ധ്യക്ഷൻ സോമൻ മിത്ര രാഹുൽ ഗാന്ധിയുമായി നടത്തിയ ചർച്ചയ്ക്ക് ഒടുവിലാണ് സിപിഎമ്മുമായി ബംഗാളിൽ സഖ്യം വേണ്ടതില്ല എന്ന് തീരുമാനിച്ചത്. ധാരണകൾ മറികടന്ന് സിപിഎം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതാണ് തെരഞ്ഞെടുപ്പ് ധാരണയിൽ നിന്ന് പിന്മാറാൻ കോൺഗ്രസിനെ പ്രേരിപ്പിച്ചത്.


കോൺഗ്രസ് ആവശ്യപ്പെട്ട പുരുളിയ, ബാഷിർഹട്ട് മണ്ഡലങ്ങൾ സിപിഐക്കും ഫോർവേഡ് ബ്ളോക്കിനുമായി സിപിഎം നൽകിയതാണ് കോൺഗ്രസിനെ ചൊടിപ്പിച്ചത്. തീരുമാനിച്ച സീറ്റുകളിൽ വിട്ടുവീഴ്ചയ്ക്കില്ലെന്ന് സിപിഎമ്മും ഉറച്ച നിലപാടെടുത്തു. 42 ൽ 25 സീറ്റിലേക്കുള്ള സ്ഥാനാർത്ഥികളെ കഴിഞ്ഞ ദിവസം സിപിഎം പ്രഖ്യാപിച്ചിരുന്നു.


കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പശ്ചിമബംഗാളിൽ കോൺഗ്രസും ഇടതുപക്ഷവും സഖ്യത്തിലായിരുന്നു മത്സരിച്ചത്. സിപിഎമ്മിന് 20 ശതമാനത്തോളം വോട്ടും കോൺഗ്രസിന് 12 ശതമാനം വോട്ടും കിട്ടി. ബിജെപിയെയും തൃണമൂൽ കോൺഗ്രസിനെയും ഒരുപോലെ എതിർത്തുകൊണ്ട് കൂടുതൽ സീറ്റ് നേടുക എന്ന ലക്ഷ്യമിട്ട് തെരഞ്ഞെടുപ്പ് ധാരണയുണ്ടാക്കാനുള്ള ശ്രമങ്ങളാണ് ഇതോടെ അവസാനിച്ചത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K