17 March, 2019 07:29:28 PM


ലോക്പാലിന് ഒടുവിൽ ശാപമോക്ഷം: അധ്യക്ഷനെ തീരുമാനിച്ചു; ഔദ്യോഗിക പ്രഖ്യാപനം തിങ്കളാഴ്ച



ദില്ലി: രാജ്യം ഏറെ നാളായി ഉറ്റുനോക്കുകയായിരുന്ന ലോക്പാലിന് ഒടുവിൽ ശാപമോക്ഷം. പ്രഥമ ലോക്പാൽ അധ്യക്ഷനായി ജസ്റ്റിസ് പിനാകി ചന്ദ്രഘോഷിനെ നിയമിക്കാനും കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. ഔദ്യോഗിക പ്രഖ്യാപനം തിങ്കളാഴ്ച ഉണ്ടാകുമെന്നാണ് സൂചന. പാർലമെൻറിൽ ലോക്പാൽ ബിൽ പാസാക്കി അഞ്ച് വർഷത്തിന് ശേഷമാണ് നിയമനം നടത്താൻ സർക്കാർ തയ്യാറായത്.

ലോക്പാൽ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് അണ്ണാ ഹസാരെ നടത്തിയ സമരം രാജ്യമെമ്പാടും ചർച്ചയായിരുന്നു. ലോക്പാൽ നിയമനം വൈകുന്നതിനെ സുപ്രീം കോടതിയും വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതലയോഗം ചേർന്ന് ലോക്പാലിനെയും സമിതി അംഗങ്ങളെയും തെരെഞ്ഞെടുത്തത്.

പ്രതിപക്ഷത്ത് നിന്ന് കോൺഗ്രസ് നേതാവ് മല്ലികാർജ്ജുൻ ഖാർഗയെ പ്രത്യേക ക്ഷണിതാവായി ഉൾപ്പെടുത്തിയിരുന്നെങ്കിലും വോട്ടവകാശമില്ലെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹം യോഗത്തിൽ പങ്കെടുത്തില്ല. പൊതുപ്രവർത്തകരുടെയും ഉദ്യോഗസ്ഥരുടെയും അഴിമതിക്കേസുകൾ അന്വേഷിക്കാനുള്ള അധികാരമാണ് ലോക്പാലിന് ലഭിക്കുക. സിബിഐ അടക്കമുള്ള അന്വേഷണ ഏജൻസികൾക്ക് നിർദേശം നൽകാനും അഴിമതി നിരോധന നിയമപ്രകാരം നടപടി എടുക്കാനും ലോക്പാലിന് അധികാരമുണ്ട്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K