16 March, 2019 09:41:25 PM


ഏറ്റുമാനൂരിൽ റയിൽവേ ഗേറ്റ് തടി ലോറിയിൽ കുരുങ്ങി തകർന്നു; ഒഴിവായത് വൻ ദുരന്തം




ഏറ്റുമാനൂര്‍: തടിലോറിയില്‍ കുടുങ്ങി റയില്‍വേ ഗേറ്റ് തകര്‍ന്നു. വന്‍ ദുരന്തം ഒഴിവായി. പാറോലിക്കല്‍ - അതിരമ്പുഴ റോഡിലെ റയില്‍വേ ഗേറ്റാണ് തകര്‍ന്നത്. ശനിയാഴ്ച രാത്രി 9 മണിയോടെ ആയിരുന്നു സംഭവം. ഇതോടെ കോട്ടയം - എറണാകുളം റൂട്ടില്‍ ട്രയിന്‍ ഗതാഗതം ഭാഗികമായി തടസപ്പെട്ടു.


കോലഞ്ചേരിയില്‍ നിന്നും തടിയും കയറ്റിവന്ന ലോറി എം.സി.റോഡില്‍ നിന്നും അതിരമ്പുഴ ഭാഗത്തേക്ക് പോകുമ്പോഴായിരുന്നു അപകടം.  ഗേറ്റ് അടക്കുന്നന്നതിനുള്ള അലാറം മുഴങ്ങിയിട്ടും അതു ശ്രദ്ധിക്കാതെ ലോറി പാളത്തിലേക്ക് പ്രവേശിക്കുകയായിരുന്നു. പാതി അടഞ്ഞ ഗേറ്റ് ലോറിയില്‍ കുരുങ്ങി തകര്‍ന്നു വീണതോടെ ഈ വഴി ഗതാഗതവും തടസപ്പെട്ടു. ഗേറ്റ് തകര്‍ന്നതോടെ സിഗ്‌നല്‍ വിളക്കുകളും തകരാറിലായി. പാലരുവി എക്‌സ്പ്രസ് കടന്നുപോകാന്‍ മിനിറ്റുകള്‍ ബാക്കി നില്‍ക്കെയാണ് അപകടം. ട്രയിന്‍ ഏറ്റുമാനൂരില്‍ നിന്ന് പുറപ്പെടാന്‍ ഒരുങ്ങവെയാണ് സിഗ്നല്‍ തകരാറിലായത്.



ലോറി ട്രയിന്‍ വരുന്ന പാളത്തിലേക്ക് കടക്കാതിരുന്നതും ഗേറ്റ് തകര്‍ന്ന് പാളത്തില്‍ വീഴാതിരുന്നതും മൂലം വന്‍ ദുരന്തമാണ് ഒഴിവായത്. സിഗ്‌നല്‍ തകരാറിലായതോടെ കോട്ടയം ഭാഗത്തു നിന്നുള്ള ട്രയിനുകള്‍ പാറോലിക്കല്‍ ഗേറ്റിന് മുമ്പും എറണാകുളം ഭാഗത്തു നിന്നുള്ളവ ഏറ്റുമാനൂര്‍ സ്റ്റേഷനിലും നിര്‍ത്തി മെമ്മോ ലഭിച്ച ശേഷമാണ് യാത്ര തുടരുന്നത്. കോട്ടയത്ത് നിന്നും ടെക്‌നിക്കല്‍ വിഭാഗം ഉദ്യോഗസ്ഥര്‍ എത്തി സിഗ്‌നല്‍ നന്നാക്കിയതിനു ശേഷമേ ട്രയിന്‍ ഗതാഗതം പൂര്‍വ സ്ഥിതിയിലാവൂ.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K