13 March, 2019 04:19:12 PM


ഒത്തുപോകില്ല: ജോസഫ് പുറത്തേക്ക്; ആശങ്ക ഒഴിയാതെ മാണിയും യുഡിഎഫ് നേതൃത്വവും



തിരുവനന്തപുരം: ലോക് സഭാ സീറ്റ് ആവശ്യപ്പെട്ടിട്ടും വഴങ്ങാത്ത കെഎം മാണിയുടെ നിലപാടുമായി ഇനി ഒത്ത് പോകാൻ കഴിയില്ലെന്ന ഉറച്ച തീരുമാനത്തില്‍ പിജെ ജോസഫും സംഘവും. ഇതോടെ കേരളാ കോൺഗ്രസിൽ പിളര്‍പ്പ് ഉറപ്പായി. കോൺഗ്രസ് നേതൃത്വത്തെ കണ്ട് അനുനയ നീക്കങ്ങൾക്ക് പിജെ ജോസഫ് പരമാവധി ശ്രമിച്ചു. എന്നാല്‍ തോമസ് ചാഴിക്കാടനെ സ്ഥാനാര്‍ത്ഥിയാക്കി മാണി വിഭാഗം കോട്ടയത്ത് തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിക്കഴിഞ്ഞ സാഹചര്യത്തില്‍ ഇനിയെന്ത് എന്നറിയാതെ കുഴങ്ങുകയാണ്  കോണ്‍ഗ്രസ് നേതൃത്വം. 


ജോസഫിനോട് അനുഭാവമുണ്ടെങ്കിലും ഒന്നും ചെയ്യാനാകാത്ത സാഹചര്യത്തിലാണ് മുന്നണി നേതൃത്വം. കോട്ടയവും ഇടുക്കിയും വച്ച് മാറുന്നതടക്കം കോൺഗ്രസ് നേതാക്കളുടെ അനുനയ നീക്കങ്ങളും ഇതോടെ പ്രതിസന്ധിയിലായി. സ്ഥാനാര്‍ത്ഥിയാകണം എന്ന ആവശ്യം ആദ്യമൊക്കെ എതിര്‍ക്കുമെങ്കിലും അവസാനം കെഎം മാണി വഴങ്ങുമെന്നായിരുന്നു പിജെ ജോസഫിന്‍റെ കണക്ക് കൂട്ടൽ. അത് ഉണ്ടായില്ലെന്ന് മാത്രമല്ല അപമാനിച്ചിറക്കിവിട്ടെന്ന വികാരവും ജോസഫ് വിഭാഗം നേതാക്കളുടെ മനസ്സിൽ വലിയ മുറിവേൽപ്പിച്ചിട്ടുണ്ട്. ഇനി ഒന്നിച്ച് പോകാനാകില്ലെന്ന ഉറച്ച തീരുമാനത്തിലാണ് ജോസഫ് പക്ഷം. 


കേരളാ കോൺഗ്രസിൽ നിന്ന് അടര്‍ന്ന് മാറി പിജെ ജോസഫ് പ്രത്യേക പാര്‍ട്ടിയായാൽ കൂറ് മാറ്റമടക്കമുള്ള ഭീഷണികളുണ്ട്. അതുണ്ടാകാതിരിക്കണമെങ്കിൽ ഒന്നുകിൽ ജോസഫിനെ പുറത്താക്കാൻ മാണി തയ്യാറാകണം. അതല്ലെങ്കിൽ ജോസഫ് വിഭാഗം പ്രത്യേക ബ്ലോക്കായി യുഡിഎഫിൽ തുടരുന്നതിനെ എതിര്‍ക്കാതിരിക്കണം. അതുകൊണ്ടു തന്നെ ഇരുവരെയും ഒരുമിച്ച് കൊണ്ടു പോകാനാകാത്ത സാഹചര്യത്തിൽ, നിയമ പ്രശ്നങ്ങളുണ്ടാക്കാത്ത വിധം ജോസഫിന് അനുകൂലമായി കെഎം മാണിയെ അനുനയിപ്പിക്കുക എന്ന വലിയ ഉത്തരവാദിത്തമാണ് യുഡിഎഫ് നേതാക്കൾക്ക് മുന്നിലുള്ളത്. 


അതേസമയം ജോസഫ് പിളര്‍ന്ന് മാറിയാൽ നേതാക്കളും അണികളും അടക്കം വലിയൊരു വിഭാഗം വിട്ട് പോയേക്കുമെന്ന ആശങ്കയും മാണി വിഭാഗത്തെ അലട്ടുന്നുണ്ട്. ജോസഫിന് സീറ്റ് നൽകി പ്രശ്നം പരിഹരിക്കാത്തതിൽ ജോസ് കെ മാണിയടക്കം നേതാക്കൾക്കെതിരെ കടുത്ത വിമര്‍ശനവുമായി യൂത്ത് ഫ്രണ്ട് അടക്കം രംഗത്തെത്തി കഴിഞ്ഞു. ഇതിനിടെ ജോസഫ് അനുകൂലികളായ കേരളാ കോണ്‍ഗ്രസ് നേതാക്കള്‍ പലയിടത്തും നേതൃനിരയില്‍നിന്ന് രാജിവെച്ചുതുടങ്ങി. എംഎൽഎമാരും മുതിര്‍ന്ന നേതാക്കളും വരെ ജോസഫിനോട് അനുഭാവം പ്രകടിപ്പിക്കുന്ന സാഹചര്യം കൂടി ഓര്‍മ്മിപ്പിച്ചാകും യുഡിഎഫ് നേതാക്കളുടെ അനുനയ ചര്‍ച്ച.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K