12 March, 2019 07:10:46 PM


സ്ഥാനാർഥിയായി തോമസ് ചാഴികാടനെ അംഗീകരിക്കാനാവില്ല - കോൺഗ്രസ് നേതാക്കൾ




കോട്ടയം: യുഡിഎഫ് സ്ഥാനാർഥിയായി തോമസ് ചാഴികാടനെ അംഗീകരിക്കാനാവില്ലെന്ന് ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ. ഇന്ന് ചേരേണ്ട ഡിസിസി യോഗം മാറ്റി വെച്ചുവെങ്കിലും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ഡിസിസി പ്രസിഡന്‍റ് ജോഷി ഫിലിപ്പ് എന്നിവരുടെ സാന്നിദ്ധ്യത്തില്‍ നടന്ന കോട്ടയം നിയോജകമണ്ഡലം യോഗത്തിലാണ് നേതാക്കള്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. ഏറ്റുമാനൂർ നിയമസഭ സീറ്റിലെ പരാജയത്തിന്‍റെ പേരിൽ അകാരണമായി കോൺഗ്രസിനെ പഴിച്ച ചാഴികാടനെതിരെ കടുത്ത പ്രതിഷേധമുയർന്നതോടെ യോഗം പാതിവഴിയിൽ ഉപേക്ഷിച്ചു. എന്നാൽ പ്രതിഷേധ വാർത്ത നേതൃത്വം നിഷേധിച്ചു.


അതേസമയം, തോമസ് ചാഴികാടന്‍ സിപിഎം സ്ഥാനാര്‍ത്ഥി വി എന്‍ വാസവനെതിരെ നിര്‍ത്താന്‍ പറ്റിയ സ്ഥാനാര്‍ത്ഥിയല്ലെന്ന് ഒരു വിഭാഗം കേരളാ കോണ്‍ഗ്രസ് നേതാക്കളും വിമര്‍ശനം ഉന്നയിച്ചു തുടങ്ങി. വാസവനെ ജയിപ്പിക്കുന്നതിന് പാര്‍ട്ടി നേതൃത്വം ഉണ്ടാക്കിയ ധാരണയുടെ ഫലമാണ് തോമസ് ചാഴികാടന്‍റെ സ്ഥാനാര്‍ത്ഥിത്വമെന്നാണ് ഇവരുടെ ആരോപണം.


കോൺഗ്രസ് നേതൃത്വത്തിന്‍റെ ഇടപെടലിലൂടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്ന ആത്മവിശ്വാസത്തിലാണ് ജില്ലയിലെ ജോസഫ് അനുകൂലികൾ. ഭിന്നത പരിഹരിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ബുധനാഴ്ച പി.ജെ.ജോസഫുമായി ചര്‍ച്ച നടത്തും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡ‍ന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ, ഉമ്മന്‍ചാണ്ടി എന്നിവർ ചര്‍ച്ചയില്‍ പങ്കെടുക്കും. പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുമെന്ന് ശുഭപ്രതീക്ഷയുണ്ടെന്ന് പി.ജെ. ജോസഫ് പറഞ്ഞു. ഒന്നും അവസാനിച്ചിട്ടില്ല. കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച നടത്തിയെന്നും പി.ജെ. ജോസഫ് അറിയിച്ചു.



അപ്രതീക്ഷിത സ്ഥാനാര്‍ത്ഥിയായി തോമസ് ചാഴിക്കാടനെത്തിയ ശേഷവും കോൺഗ്രസ് നേതാക്കൾ തിരിച്ചെത്തി നടത്തുന്ന ചര്‍ച്ചകളിലാണ് പിജെ ജോസഫിന്‍റെ പ്രതീക്ഷ. കോൺഗ്രസ് നേതൃത്വത്തിന്‍റെ അനുനയ നീക്കത്തിനൊടുവിൽ താൻ ഇടുക്കിയിൽ സ്ഥാനാര്‍ത്ഥിയാകുമെന്ന് പിജെ ജോസഫ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങളോട് പങ്കുവയ്ക്കുന്നുമുണ്ട്. ദില്ലിയിൽ നിന്ന് തിരിച്ചെത്തിയ ശേഷം ബന്ധപ്പെട്ടവരുമായെല്ലാം ചര്‍ച്ച ചെയ്യുമെന്നും കാര്യങ്ങളിൽ ഉചിതമായ തീരുമാനം ഉണ്ടാക്കുമെന്നും ഉമ്മൻചാണ്ടി ആത്മവിശ്വാസം പ്രകടിപ്പിക്കുന്നുണ്ട്. ഇതിനെയും മാണി ക്യാമ്പ് കാണുന്നത് തെല്ലൊരു സംശയത്തോടെയാണ്. 


ജോസഫിനെ ഇടുക്കിയിൽ മത്സരിപ്പിക്കാമെന്ന ഫോര്‍മുലയാകും കോൺഗ്രസ് മുന്നോട്ട് വയ്ക്കുക. കോട്ടയത്ത് ഉമ്മൻചാണ്ടി മത്സരിക്കാനിറങ്ങിയാൽ മറുത്തൊന്നും പറയാൻ കെഎം മാണിക്ക് കഴിയാതെയും വരും. മത്സരിക്കാനില്ലെന്ന നിലപാട് ഉമ്മൻ ചാണ്ടി ആവര്‍ത്തിക്കുന്നുണ്ടെങ്കിലും ഹൈക്കമാന്‍റ് നിര്‍ബന്ധത്തിന്‍റെ പേര് പറഞ്ഞ് കോട്ടയത്ത് മത്സരത്തിനിറങ്ങാനുള്ള സാധ്യതയും കേരളാ കോൺഗ്രസ് എം തള്ളിക്കളയുന്നില്ല. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K