11 March, 2019 09:04:20 PM


കോട്ടയത്ത് തോമസ് ചാഴികാടന്‍ സ്ഥാനാര്‍ത്ഥി; കേരളാ കോണ്‍ഗ്രസ് പൊട്ടിത്തെറിയുടെ വക്കില്‍

ജോസഫ് വിഭാഗത്തെയും ചേര്‍ത്ത് നിര്‍ത്തി ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്ന് തോമസ് ചാഴികാടന്‍



കോട്ടയം: കോട്ടയത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി തോമസ് ചാഴികാടന്‍ മത്സരിക്കും. പി.ജെ.ജോസഫിന് സീറ്റ് നിഷേധിച്ച്  തന്‍റെ അടുത്ത വിശ്വസ്ഥനായ തോമസ് ചാഴികാടന് കെ.എം.മാണി സീറ്റ് നല്‍കിയതോടെ പാര്‍ട്ടിയില്‍ ഒരു പൊട്ടിത്തെറിയ്ക്ക് സാധ്യത ഉണ്ടാകുമെന്നാണ് സൂചനകള്‍. സീറ്റിന്‍റെ കാര്യത്തില്‍ നീതിയുക്തമായ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും തീരുമാനം പാര്‍ട്ടി ചെയര്‍മാന്‍ പ്രഖ്യാപിക്കുമെന്നും ജോസഫ് പറഞ്ഞതിന് പിന്നാലെയാണ് തോമസ് ചാഴികാടനെ സ്ഥാനാര്‍ത്ഥിയായി മാണി പ്രഖ്യാപിച്ചത്.


ഏറ്റുമാനൂര്‍ മുന്‍ എംഎല്‍എയാണ് തോമസ് ചാഴികാടന്‍. പകൽ മുഴുവൻ നീണ്ട നാടകീയ സംഭവങ്ങൾക്ക് ഒടുവിൽ രാത്രി വൈകി ഇറക്കിയ വാർത്താ കുറിപ്പിലായിരുന്നു തോമസ് ചാഴിക്കാടനെ സ്ഥാനാർത്ഥിയാക്കിയുള്ള പ്രഖ്യാപനം. കോട്ടയം സീറ്റില്‍ മത്സരിക്കണമെന്ന വര്‍ക്കിംഗ് പ്രസിഡന്‍റുകൂടിയായ പി ജെ ജോസഫിന്‍റെ ആവശ്യം കോണ്‍ഗ്രസ് നേതൃത്വം പിന്‍തുണച്ചിട്ടും അംഗീകരിക്കാത്ത മാണി വിഭാഗത്തിന്‍റെ നിലപാട് കടുത്ത തീരുമാനങ്ങളിലേക്ക് എത്തിച്ചേക്കുമെന്ന സൂചനയാണ് ലഭിക്കുന്നത്. വാര്‍ത്താക്കുറിപ്പിന് പിന്നാലെ ജോസഫ് വിഭാഗം തൊടുപുഴയില്‍ രഹസ്യ യോഗം ചേരുകയാണ്. 


അതേസമയം, ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജോസഫ് വിഭാഗത്തെയും ചേര്‍ത്ത് നിര്‍ത്തി ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്ന് തോമസ് ചാഴികാടന്‍ പറഞ്ഞു. തന്നെ സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുത്ത തീരുമാനം എല്ലാവരോടും കൂടിയാലോചനകള്‍ നടത്തിയതിന് ശേഷമാണ്. അപ്രതീക്ഷിത നീക്കമെന്ന്  വേണമെങ്കില്‍ പറയാം. ജോസഫ് വിഭാഗം പോകുമെന്ന് കരുതുന്നില്ലെന്ന് ചാഴികാടന്‍ പറഞ്ഞു. 


തെരഞ്ഞെടുപ്പ് സമയത്ത് സീറ്റിനായും സ്ഥാനാര്‍ത്ഥികള്‍ക്കായുമുള്ള ചര്‍ച്ചകള്‍ നടക്കും. അതില്‍ ഒരു തീരുമാനമായാല്‍ ഒറ്റക്കെട്ടായി മുന്നോട്ട് പോകും. ജോസഫിനെ കൂടി ഒപ്പം ചേര്‍ത്ത് മുന്നോട്ട് പോകുമെന്നും ചാഴികാടന്‍ വ്യക്തമാക്കി. കേരളത്തിലെയും കേന്ദ്രത്തിലെയും സര്‍ക്കാരുകള്‍ മാറണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ട്. ആ അഭിലാഷം നിറവേറ്റുവാന്‍ യുഡിഎഫിനെ പിന്തുണയ്ക്കണമെന്നും ചാഴിക്കാടന്‍ ആവശ്യപ്പെട്ടു.


തോമസ് ചാഴികാടന്‍

ചാഴികാട്ട്  തൊമ്മന്‍ സിറിയക്ക് -ഏലിയാമ്മ ദമ്പതികളുടെ മൂന്നാമത്തെ മകന്‍. അരീക്കര സെന്‍റ് റോക്കീസ്, വെളിയന്നൂര്‍ വന്ദേമാതരം, ഉഴവൂര്‍ ഒ.എല്‍.എല്‍. എന്നിവിടങ്ങളില്‍ നിന്നും സ്‌കൂള്‍ വിദ്യാഭ്യാസവും ഉഴവൂര്‍ സെന്‍റ് സ്റ്റീഫന്‍സ്, കുറവിലങ്ങാട് ദേവമാതാ എന്നിവിടങ്ങളില്‍ നിന്നും കോളേജ് വിദ്യാഭ്യാസവും പൂര്‍ത്തിയാക്കി. ബി.കോം പാസ്സായ ശേഷം സി.എ.യ്ക്ക് ചേര്‍ന്നു. ചാര്‍ട്ടേഡ് അക്കൗണ്ടന്‍റായ ശേഷം ന്യൂ ബാങ്ക് ഓഫ് ഇന്ത്യയില്‍ (പഞ്ചാബ് നാഷണല്‍ ബാങ്ക്) ഓഫീസറായി ഡല്‍ഹിയില്‍ നിയമിതനായി. 


1981- ല്‍ ന്യൂ ബാങ്ക് ഓഫ് ഇന്ത്യയുടെ കോട്ടയം ബ്രാഞ്ച് മാനേജരായി. തിരുവനന്തപുരം ശാഖയില്‍ മാനേജരായി പ്രവര്‍ത്തിക്കുന്ന അവസരത്തില്‍ 1991-ല്‍ സഹോദരന്‍ ബാബു ചാഴികാടന്‍റെ അകാല നിര്യാണത്തെത്തുടര്‍ന്ന് ഏറ്റുമാനൂര്‍ നിയോജകമണ്ഡലത്തില്‍നിന്ന് കേരളാ കോണ്‍ഗസ് (എം) സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് നിയമസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഏറ്റുമാനൂരില്‍ നിന്നും തുടര്‍ച്ചയായി 4 പ്രാവശ്യം എം.എല്‍.എ. ആയി.


എം.എല്‍.എ. ആയിരുന്ന കാലഘട്ടത്തില്‍, നിയമസഭയുടെ പെറ്റീഷന്‍സ് കമ്മിറ്റി, കമ്മിറ്റി ഓണ്‍ പേപ്പേഴ്‌സ് ലെയ്ഡ് ഓണ്‍ ടേബിള്‍ എന്നീ നിയമസഭാ കമ്മിറ്റികളുടെ ചെയര്‍മാനായി. പബ്ലിക്‌സ് അക്കൗണ്ട്‌സ് കമ്മിറ്റി, കൃഷിയും ജലസേചനവും വൈദ്യുതിയും സംബന്ധിച്ച സംജക്ട് കമ്മിറ്റി, ലോക്കല്‍ ഫണ്ട് ഓഡിറ്റ് കമ്മിറ്റി, നെല്‍വയല്‍ നീര്‍ത്തട സംരക്ഷണബില്‍ സംബന്ധിച്ച സെലക്ട് കമ്മിറ്റി എന്നിവയില്‍ അംഗമായിരുന്നു. സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍ എന്നിവര്‍ സഭയില്‍ ഇല്ലാത്ത അവസരത്തില്‍ നിയമസഭയില്‍ അദ്ധ്യക്ഷസ്ഥാനത്തിരിക്കേണ്ട മൂന്നുപേരുടെ പാനല്‍ ഓഫ് ചെയര്‍മാന്മാരില്‍ ഒരാളായി രണ്ടു പ്രാവശ്യം സ്പീക്കര്‍ നോമിനേറ്റ് ചെയ്തു.


മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി സെനറ്റ് അംഗം, കേരള കാര്‍ഷിക സര്‍വ്വകലാശാല ജനറല്‍ കൗണ്‍സില്‍ അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ഇടതുസര്‍ക്കാരിന്റെ വിദ്യാഭ്യാസനയത്തിനെതിരെ സമരം ചെയ്തതിന് ഉമ്മന്‍ ചാണ്ടിയോടും, യു.ഡി.എഫിന്‍റെ വിവിധ നേതാക്കളായ എം.എല്‍.എമാരോടൊപ്പവും ഒരാഴ്ചക്കാലം തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ ജയില്‍വാസം അനുഭവിച്ചു.


കോട്ടയം ജില്ലാ സഹകരണ ആശുപത്രി സംഘം പ്രസിഡന്റായിരുന്നു. ബാബു ചാഴികാടന്‍ ഫൗണ്ടേഷന്റെ വൈസ് ചെയര്‍മാനാണ്. ഏറ്റുമാനൂര്‍ വേദഗിരിയില്‍ പ്രവര്‍ത്തിക്കുന്ന കെ.എസ്.ഇ. ലിമിറ്റഡ് വര്‍ക്കേഴ്‌സ് കോണ്‍ഗ്രസ് (കെ.റ്റി.യു.സി.) പ്രസിഡന്റായി പ്രവര്‍ത്തിക്കുന്നു. കേരളാ ഷോപ്പ്‌സ് ആന്റ് കൊമേഴ്ഷ്യല്‍ എസ്റ്റാബ്ലീഷ്‌മെന്റ് വര്‍ക്കേഴ്‌സ് വെല്‍ഫയര്‍ഫണ്ട് ബോര്‍ഡ് ചെയര്‍മാനായി 2012 ജനുവരിയില്‍ കേരള സര്‍ക്കാര്‍ നിയമിച്ചു. കേരള കോണ്‍ഗ്രസ്-എം. സംസ്ഥാന ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ച ഇദ്ദേഹം ഇപ്പോള്‍ കേരളകോണ്‍ഗ്രസ് (എം) ഉന്നതാധികാര സമിതി അംഗമാണ്.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K