11 March, 2019 03:32:15 PM


കെഎസ്ആർടിസി ചേർത്തല ഡിപ്പോയിലെ മുന്‍ സൂപ്രണ്ട് ഇപ്പോള്‍ മികച്ച കർഷകന്‍



ചേർത്തല: കെഎസ്ആർടിസി ചേർത്തല ഡിപ്പോയിലെ സൂപ്രണ്ട് പദവിയിൽ നിന്ന് വിരമിച്ച ശേഷം ജൈവ പച്ചക്കറി കൃഷി ചെയ്ത് മികച്ച കർഷകനായി. മുഹമ്മ എഴുകുളങ്ങര കൊടുവാച്ചിറയിൽ കെ ആർ മുരളീധരനാണ് പച്ചക്കറി കൃഷിയിൽ മൾച്ചിംങും ട്രിപ്പ് ഇറിയേഷനുമടക്കമുള്ള ആധുനിക കൃഷിരീതികൾ അവലംബിച്ച് മികച്ച വിളവ് നേടുന്നത്. പയർ, പാവൽ, വെണ്ട, പടവലം, ചീര, പച്ചമുളക് ,റെഡ് ലേഡി പപ്പായ, വാഴ തുടങ്ങിയവയാണ് കൃഷി ചെയ്യുന്നത്. 


സ്വന്തമായുള്ള വെച്ചൂർ പശുവിന്‍റെ പാലും ചാണകവും മൂത്രവും ഉപയോഗിച്ച് നിർമ്മിക്കുന്ന ജീവാമൃതം, ബീജാമൃതം, പഞ്ചഗവ്യം തുടങ്ങിയവയുടെ ഉപയോഗമാണ്  മികച്ച വിളവ് തരുന്നതെന്ന് മുരളീധരൻ പറയുന്നു. നേരത്തേ സ്വാശ്രയ സംഘങ്ങളുടെ ഭാരവാഹിയായിരുന്ന് ഗ്രൂപ്പ് ഫാമിംങ് നടത്തിയാണ് കാർഷിക അംഗീകാരങ്ങൾ നേടിയത്. ഇപ്പോൾ വീടിനോട് ചേർന്നും സുഹൃത്തിന്‍റെ പുരയിടത്തിലുമായി ഒരു ഏക്കർ സ്ഥലത്താണ് കൃഷി ചെയ്യുന്നത്. 


ലാഭത്തെക്കാൾ ഉപരിയായി മാനസിക ഉല്ലാസത്തിന് വേണ്ടിയാണ് കൃഷി ചെയ്യുന്നതെന്നും ത്രിതല പഞ്ചായത്തിന്‍റെയും കൃഷിഭവന്‍റെയും പ്രോൽസാഹനവും കൃഷിക്ക് കരുത്തു പകരുന്നതായും ഈ കർഷകർ പറയുന്നു. തോട്ടത്തിൽ നിന്നെടുത്ത പുതുമയും ജൈവ ഉല്പന്നവുമായതിനാൽ ആവശ്യകാർ മുൻകൂട്ടി ഓർഡർ ചെയ്താണ് പച്ചക്കറികൾ വാങ്ങുന്നത്. കുമരകം കാർഷിക ഗവേഷണ കേന്ദ്രത്തിൽ സൂപ്രണ്ട് പദവിയിൽ നിന്ന്  വിരമിച്ച ഭാര്യ പൊന്നമ്മയും മറ്റൊരു തൊഴിലാളിയും കൃഷിയിൽ സഹായത്തിനുണ്ട്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K