10 March, 2019 09:48:33 AM


വരുന്നത് യുപിഎ സര്‍ക്കാരെങ്കില്‍ ജോസ് കെ മാണി മന്ത്രി; കോട്ടയത്തു സ്ഥാനാര്‍ത്ഥി പി.ജെ. ജോസഫ് ?




കോട്ടയം: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കോട്ടയത്തുനിന്നും കേരളാ കോണ്‍ഗ്രസ് (എം) സ്ഥാനാര്‍ത്ഥിയായി പി ജെ ജോസഫ് മത്സരിക്കാന്‍ ധാരണയായി. ഇത് സംബന്ധിച്ച മാണി ജോസഫ് തര്‍ക്കം ധാരണയായി എന്നാണ് റിപ്പോര്‍ട്ടുകള്‍. യുപിഎ അധികാരത്തില്‍ എത്തിയാല്‍ ജോസ് കെ മാണിക്ക് മന്ത്രിസ്ഥാനമാണ് വാഗ്ദാനം. ഈ ധാരണയിലെത്തിയതോടെയാണ് ജോസഫിനെ മത്സരിപ്പിക്കാന്‍ മാണി തീരുമാനിച്ചത്.


പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് (എം) സ്ഥാനാര്‍ഥിയെ നിശ്ചയിക്കുന്നത് സംബന്ധിച്ച് തീരുമാനം എടുക്കാന്‍ ഇന്നു യോഗം ചേരാനിരനിരിക്കെയാണ് ഈ ധാരണ. സ്റ്റിയറിങ് കമ്മിറ്റി യോഗം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് കോട്ടയം ഓര്‍ക്കിഡ് റെസിഡന്‍സിയിലും പാര്‍ലമെന്ററി പാര്‍ട്ടി യോഗം രാവിലെ 11-ന് സംസ്ഥാന കമ്മിറ്റി ഓഫീസിലുമാണ് ചേരുന്നത്. തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നാല്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കും. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ സ്ഥാനാര്‍ത്ഥി പട്ടികയുമായി ഇന്ന് ഡല്‍ഹിയിലേക്ക് പോകും. 


പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പി.ജെ.ജോസഫ് വീണ്ടും തന്റെ നിലപാട് വ്യക്തമാക്കും. തനിക്ക് മത്സരിക്കണമെന്ന കാര്യത്തില്‍ ഒരു ഒത്തുതീര്‍പ്പിനും പി.ജെ. ജോസഫ് തയാറാവില്ലെന്നാണ് വിവരം. സീറ്റ് വേണ്ടത് ജോസഫ് ഗ്രൂപ്പിനല്ല, കേരള കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവായ വര്‍ക്കിംഗ് ചെയര്‍മാനാണെന്നാണ് അവരുടെ വാദം. ഇടുക്കിയില്‍ മത്സരിക്കുന്നതിനാണ് താല്‍പര്യമെങ്കിലും പാര്‍ട്ടിക്ക് നിലവിലുളള കോട്ടയം സീറ്റാണ് ലഭിക്കുന്നതെങ്കിലും മത്സരിക്കാന്‍ തയറാണെന്ന നിലപാടിലായിരുന്നു ജോസഫ്. 


ഇതിനിടെ പി. ജെ. ജോസഫ് മത്സരിക്കുന്നതാണ് ഉചിതമെന്ന അഭിപ്രായവുമായി കോണ്‍ഗ്രസിലെ ചില നേതാക്കള്‍ രംഗത്ത് വന്നിട്ടുണ്ട്. ജോസഫ് എവിടെനിന്നാലും വിജയിക്കുമെന്നും പരിപൂര്‍ണ പിന്തുണ ഉണ്ടാവുമെന്നും പി.ടി. തോമസ് എം. എല്‍. എ. കഴിഞ്ഞദിവസം പരസ്യമായി പ്രഖ്യാപിച്ചു. ജോസഫുമായി കോണ്‍ഗ്രസിലെ ചില എം.എല്‍.എമാരും മുന്‍ എം.എല്‍.എ മാരില്‍ ചിലരും രഹസ്യ ചര്‍ച്ച നടത്തിയതായി അറിവായിട്ടുണ്ട്. ജനപക്ഷം നേതാവ് പി.സി.ജോര്‍ജ്, പി.ജെ. ജോസഫ് എവിടെനിന്നാലും പിന്തുണ നല്‍കുമെന്ന് നേരത്തെതന്നെ പ്രഖ്യാപിച്ചിരുന്നു



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K