09 March, 2019 10:52:47 AM


മാലിന്യത്തില്‍ നിന്ന് വൈദ്യുതി: കണ്ണൂര്‍ മേയറും സംഘവും ജബല്‍പൂര്‍ പ്ലാന്‍റ് സന്ദര്‍ശിച്ചു




കണ്ണൂര്‍: ചേലോറയില്‍ മാലിന്യത്തില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി  മേയര്‍ ഇ.പി ലതയുടെ നേതൃത്വത്തില്‍ 15 അംഗ സംഘം ജബല്‍പൂരിലെ വേസ്റ്റ് ടു എനര്‍ജി പ്ലാന്റ് സന്ദര്‍ശിച്ചു. ജബല്‍പൂര്‍ കോര്‍പ്പറേഷനിലെ മാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്‌കരിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്ന പ്രവര്‍ത്തനം സംഘം വിലയിരുത്തി. 

15 മെഗാവാട്ട് ശേഷിയുടെ പ്ലാന്റില്‍ നിന്ന് 12.5 കോടി യൂണിറ്റ് വൈദ്യുതിയാണ് ജബല്‍പൂര്‍ കോര്‍പ്പറേഷന്‍ ഉത്പാദിപ്പിച്ചത്. ഈ മോഡല്‍ കണ്ണൂരിലും നടപ്പാക്കുകയാണ് കോര്‍പ്പറേഷന്റെ ലക്ഷ്യം. 15 ലക്ഷത്തോളം ജനസംഖ്യയുള്ള ജബല്‍പൂര്‍ കോര്‍പ്പറേഷനിലെ മാലിന്യപ്രശ്‌നം പരിഹരിക്കുന്ന വേസ്റ്റ് ടു എനര്‍ജി പ്ലാന്റ് മാലിന്യ സംസ്‌കരണത്തിന് മാതൃകയാണെന്ന് പ്ലാന്റ് സന്ദര്‍ശിച്ച സംഘം അഭിപ്രായപ്പെട്ടു. പ്ലാന്റില്‍ എത്തിക്കുന്ന  മാലിന്യം വലിയ ബര്‍ണറില്‍ നിക്ഷേപിച്ച് സംസ്‌കരിക്കുകയാണ് ചെയ്യുന്നത്. മാലിന്യം സംസ്‌കരിക്കുമ്പോള്‍ ഉണ്ടാകുന്ന വാതകം ശാസ്ത്രീയമായി ശുദ്ധീകരിച്ച് പുറത്തേക്ക് വിടുന്നതിനാല്‍ അന്തരീക്ഷ മലിനികരണം ഉണ്ടാകുന്നില്ലെന്നും സംഘം വ്യക്തമാക്കി.

ഡെപ്യൂട്ടി മേയര്‍ പി.കെ രാഗേഷ്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ ജമിനി, വെള്ളോറ രാജന്‍, അഡ്വ. പി. ഇന്ദിര,സി. സീനത്ത്, സി.കെ വിനോദ്, ഷാഹിന മൊയ്തീന്‍, കൗണ്‍സിലര്‍മാരായ സി.സമീര്‍,എന്‍.ബാലകൃഷ്ണന്‍, സജിത്ത് കെപി,  കോര്‍പ്പറേഷന്‍ സെക്രട്ടറി പി.രാധാകൃഷ്ണന്‍, സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ സജീവന്‍ കെ.വി,ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍ ശിവദാസന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു,ജബല്‍പൂരിലെത്തിയ കോര്‍പ്പറേഷന്‍ സംഘത്തെ കോര്‍പ്പറേഷന്‍ മേയര്‍ ഡോ. സ്വാതി സദാനന്ദ് ഗോഡ്‌ബോളെ, അഡീഷണല്‍ കോര്‍പ്പറേഷന്‍ കമ്മിഷണര്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K