09 March, 2019 10:27:06 AM


പൂര്‍ത്തിയാകാതെ ആലപ്പുഴ ബൈപാസ് ; അവകാശവാദം ഉന്നയിച്ച് മൂന്ന് മുന്നണികളും



ആലപ്പുഴ: ഇതുവരെ പണിപൂര്‍ത്തിയാവാത്ത ആലപ്പുഴ ബൈപ്പാസിന്‍റെ പേരിലെ അവകാശ വാദങ്ങളിൽ മൂന്ന് മുന്നണികളും. മുഖ്യമന്ത്രിയും പൊതുമരാമത്ത് മന്ത്രിയും ആലപ്പുഴ എംപിയും തങ്ങളാണ് ബൈപ്പാസ് യാഥാര്‍ത്ഥ്യമാക്കിയതെന്ന് അവകാശപ്പെടുമ്പോള്‍ മോദിയാണ് എല്ലാം ചെയ്തതെന്നും പറഞ്ഞ് ബിജെപിക്കാരും സമൂഹമാധ്യമങ്ങളില്‍ സജീവമാണ്. 1987 ലാണ് ആലപ്പുഴ ബൈപ്പാസിന് തറക്കല്ലിട്ടത്. കൊമ്മാടിയില്‍ നിന്ന് തുടങ്ങി കടലിനോട് ചേര്‍ന്ന് 3.2 കിലോമീറ്റര്‍ എലിവേറ്റഡ് ഹൈവേയായാണ് ബൈപ്പാസ് പണികഴിപ്പിക്കുന്നത്. രണ്ടിടങ്ങളില്‍ റെയില്‍പാത കടന്നുപോകുന്ന ഇടങ്ങളില്‍ ഓവര്‍ ബ്രിഡ്ജ് നിര്‍മ്മാണം ബാക്കിയുണ്ട്. ഇവിടെ നിര്‍മ്മാണത്തിന് റെയില്‍വേ അനുമതി കൊടുക്കാത്തതാണ് തടസ്സം. 


വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് ബൈപ്പാസ് തുറന്നുകൊടുക്കില്ലെങ്കിലും ബൈപ്പാസിന്‍റെ പേരില്‍ മൂന്ന് മുന്നണികളും സമൂഹമാധ്യമങ്ങളില്‍ അവകാശവാദവുമായി രംഗത്തുണ്ട്. നിര്‍മ്മാണത്തുക കേന്ദ്രവും സംസ്ഥാനവും തുല്യമായി പങ്കിടണമെന്ന നൂതനാശയം തന്‍റേതായിരുന്നു എന്നാണ് കെസി വേണുഗോപാല്‍ പറയുന്നത്. സ്ഥലം ഏറ്റെടുക്കലും തന്‍റെ നേതൃത്വത്തിലാണ് വേഗത്തില്‍ പൂര്‍ത്തിയാക്കിയതെന്നും എംപി ഫേസ്ബുക്ക് വീഡിയോയിലൂടെ വിശദീകരിക്കുന്നു. കഴിഞ്ഞ നാല് വര്‍ഷം ഇത്രയേറെ മുന്നോട്ട് പോയത് കേന്ദ്രസര്‍ക്കാരിന്‍റെ ഗുണം കൊണ്ടാണ് ബിജെപി പ്രവര്‍ത്തകരും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നുണ്ട്.


മുഖ്യമന്ത്രി പിണറായി വിജയനും പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരനും ഒട്ടും വിട്ടുകൊടുത്തില്ല. 2015 ഏപ്രിലില്‍ പണി തുടങ്ങിയെങ്കിലും ഭൂരിഭാഗം ജോലികളും പൂര്‍ത്തിയാക്കിയത് ഇടതുസര്‍ക്കാരാണെന്നാണ് ഇവരുടെ വാദം. ബാക്കിയുള്ള രണ്ട് റെയില്‍വേ ഓവര്‍ബ്രിഡ്ജുകള്‍ പണിയാന്‍ നിരന്തരമായി ഇടപെടല്‍ നടത്തിയെന്നും ഇരുവരും പറയുന്നു. കെസി വേണുഗോപാലും മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി ജി സുധാകരനും അവരുടെ ഫേസ്ബുക്ക് പേജിലാണ് തൊട്ടടുത്ത ദിവസങ്ങളിലായി അവകാശ വാദവുമായി രംഗത്തെത്തിയത്. 




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K