05 March, 2019 06:40:03 PM


സങ്കടകടലായി പേരൂര്‍ കാവുംപാടം ; ലെജിക്കും മക്കള്‍ക്കും കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി



ഏറ്റുമാനൂര്‍: ഒഴുക്കാന്‍ കണ്ണീര്‍ ഒട്ടും ബാക്കിയില്ല, ആശ്വസിപ്പിക്കാന്‍ വാക്കുകളുമില്ല. ലെജിയെയും മക്കളായ അന്നു, നൈനു എന്നിവരെയും അവസാനമായി ഒരു നോക്കു കാണാന്‍ പേരൂര്‍ കാവുംപാടത്ത് തടിച്ചുകൂടിയ ആളുകള്‍ എല്ലാവരും തന്നെ ബിജുവിനെയും ആതിരയെയും എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാതെ ബുദ്ധിമുട്ടി. അമ്മയുടെയും മക്കളുടെയും ആകസ്മിക വേര്‍പാടിലുള്ള ഞെട്ടലില്‍ ഇപ്പോഴും വിറങ്ങലിച്ചു തന്നെ നില്‍ക്കുകയാണ് പേരൂര്‍ ഗ്രാമം.


ഏറ്റുമാനൂര്‍ - മണര്‍കാട് ബൈപാസ് റോഡില്‍ തിങ്കളാഴ്ച കാറിടിച്ച് മരിച്ച പേരൂര്‍ കാവുംപാടം കോളനിയില്‍ ആതിരയില്‍ ലെജി(45)യുടെയും മക്കളായ അന്നു(20), നൈനു (17) എന്നിവരുടെയും സംസ്കാരം വന്‍ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ ഇന്നലെ വൈകിട്ട് തെള്ളകം പൊതുശ്മശാനത്തില്‍ നടന്നു. കോട്ടയം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ഇന്നലെ രണ്ട് മണിയോടെയാണ് മൂവരുടെയും മൃതദേഹങ്ങള്‍ പേരൂര്‍കാവ് ഭഗവതി ക്ഷേത്രത്തിന് സമീപമുള്ള കാവുംപാടം കോളനിയില്‍ എത്തിച്ചത്.



ലെജിയും അന്നുവും നൈനുവും ഇനി തിരിച്ചുവരില്ല എന്ന സത്യം ഉള്‍ക്കൊള്ളാനാവാതെ സങ്കടകയത്തില്‍ മുങ്ങിനിന്ന ബിജുവിനെയും മൂത്ത പുത്രി ആതിരയെയും ആശ്വസിപ്പിക്കാനാവാതെ ബന്ധുക്കളും അയല്‍വാസികളും ബുദ്ധിമുട്ടുന്ന കാഴ്ച ഏവരുടെയും കരളലിയിക്കുന്നതായിരുന്നു. ആരോടും ഒന്നും ഉരിയാടാതെ ഒരു തുള്ളി കണ്ണീര്‍ ഇനി അവശേഷിക്കാതെ കരഞ്ഞുകലങ്ങി മൂകമായ അവസ്ഥയിലായിരുന്നു ആതിര.


മൃതശരീരങ്ങൾ ഒരുമിച്ച് കിടത്തുന്നതിനു പോലും സൗകര്യം വീട്ടിലില്ലാത്തതിനാല്‍ കോളനിയിലെ തന്നെ കെ.എച്ച്.സി.എയുടെ പ്രാര്‍ത്ഥനാഹാളില്‍ ആദ്യം പൊതുദര്‍ശനത്തിന് സൌകര്യമൊരുക്കി. തുടര്‍ന്ന് വീട്ടിലെത്തിച്ച് ചടങ്ങുകള്‍ നടത്തിയ ശേഷം നാല് മണിയോടെ സംസ്കാരത്തിനായി തെള്ളകം ശ്മശാനത്തിലേക്ക് വിലാപയാത്രയായി മൃതദേഹങ്ങള്‍ കൊണ്ടുപോയി.



അന്നുവിന്‍റെയും നൈനുവിന്‍റെയും സഹപാഠികളും അധ്യാപകരും നിറമിഴികളോടെയാണ് തങ്ങളുടെ പ്രീയപ്പെട്ട കൂട്ടുകാരികളെയും അമ്മയേയും യാത്രയയ്ക്കാനെത്തിയത്. പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ മൂവരെയും അവസാനമായി ഒരു നോക്കു കാണാന്‍ ഭയങ്കര തള്ളലാണ് അനുഭവപ്പെട്ടത്. അന്ത്യാഞ്ജലി അര്‍പ്പിച്ചശേഷവും വിട്ടുപിരിയാനാകാതെ പലരും അവിടെതന്നെ നിലയുറപ്പിച്ചത് തിരക്ക് വീണ്ടും വര്‍ദ്ധിക്കുന്നതിന് കാരണമായി. കനത്ത വെയിലും അസഹ്യമായ ചൂടും അവഗണിച്ചാണ് നാട്ടുകാരും സുഹൃത്തുക്കളും ബന്ധുക്കളും കാവുംപാടത്ത് തടിച്ചുകൂടിയത്.

  

ലെജി ഏറ്റുമാനൂര്‍ നഗരസഭയുടെ ഹരിതകർമ സേനയിലെ തൊഴിലാളിയായിരുന്നു. അന്നു വൈക്കം കൊതവറ സെന്‍റ് സേവ്യേഴ്സ് കോളേജില്‍ അവസാനവര്‍ഷ ബികോം വിദ്യാര്‍ത്ഥിനിയും നൈനു കാണക്കാരി ഗവ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററി സ്കൂളില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിയുമായിരുന്നു.  നൈനുവിന് പിറന്നാള്‍ സമ്മാനം വാങ്ങാനും ശിവരാത്രി നാളില്‍ വൈക്കം ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷം ആലുവയിലെത്തി ലെജിയുടെ അമ്മ ചെല്ലമ്മയുടെ ശ്രാദ്ധമൂട്ട് നടത്താനുമായാണ് മൂവരും തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് വീട്ടില്‍നിന്നിറങ്ങിയത്.



ശിവരാത്രിക്ക് ആലുവായിൽ പോയി ശ്രാദ്ധമൂട്ട് നടത്തുന്ന പതിവ് കഴിഞ്ഞ 4 വർഷമായി മുടക്കമില്ലാതെ ലെജി തുടരുന്നു. ഇത്തവണയും അതിനുള്ള ഒരുക്കം നടത്തിയ ശേഷമാണ് ലെജി മക്കളോടൊപ്പം യാത്ര തിരിച്ചത്. വൈകിട്ട് വൈക്കം മഹാദേവ ക്ഷേത്രത്തിലെത്തി തൊഴുത് അവിടെ നിന്നു ആലുവായിൽ എത്തി പുലർച്ചെ ബലിയിടാനായിരുന്നു തീരുമാനം. എറണാകുളത്ത് സ്വകാര്യകമ്പനിയില്‍ ജോലി ചെയ്യുന്ന മൂത്തമകൾ ആതിരയോടു വൈക്കത്ത് എത്താനും പറഞ്ഞിരുന്നു. ഇതിനിടെയാണ് കാറിന്‍റെ രൂപത്തില്‍ മരണം ഇവരെ വേട്ടയാടിയത്.


അമ്മയ്ക്കും മക്കള്‍ക്കും ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ എം.എല്‍.എമാരായ അഡ്വ.കെ.സുരേഷ് കുറുപ്പ്, പി.കെ. ആശ, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, മുന്‍ എം.എല്‍.എ വി.എന്‍.വാസവന്‍, പി.സി.തോമസ് തുടങ്ങി സമൂഹത്തിന്‍റെ നാനാതുറകളില്‍പെട്ട ഒട്ടേറെ പേര്‍ കാവുംപാടത്തും സംസ്കാരം നടന്ന തെള്ളകം ശ്മശാനത്തിലും എത്തിയിരുന്നു.  



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 11.4K