05 March, 2019 06:02:58 PM


കോട്ടയത്ത് സിപിഎം മത്സരിക്കും: ചാലക്കുടിയിൽ ഇന്നസെന്‍റ് തന്നെ; പി കരുണാകരൻ ഒഴികെ എല്ലാ സിറ്റിംഗ് എംപിമാരും രംഗത്ത്



തിരുവനന്തപുരം: ലോക് സഭാ തെരഞ്ഞെടുപ്പിൽ പതിനാറ് സീറ്റിലും സിപിഎം മത്സരിക്കാൻ സംസ്ഥാന സെക്രട്ടേറിയറ്റിൽ ധാരണ. കഴിഞ്ഞ തവണ കോട്ടയത്ത് മത്സരിച്ച ജെഡിഎസിന് ഇത്തവണ സീറ്റ് ഉണ്ടാകില്ല. കോട്ടയം സീറ്റിൽ ഇത്തവണ സിപിഎം തന്നെ മത്സരിക്കും. കോട്ടയത്ത് ഡോ. സിന്ധുമോള്‍ ജേക്കബ്, കോഴിക്കോട് എ. പ്രദീപ്കുമാര്‍ എംഎൽഎ, വടകരയില്‍ ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്റ് മുഹമ്മദ് റിയാസ് എന്നിവർക്കാണ് പട്ടികയിൽ മുന്‍തൂക്കം. ആലപ്പുഴയില്‍ എ.എം.ആരിഫ് എംഎൽഎ ഇടതുമുന്നണി സ്ഥാനാര്‍ഥിയാകും.


സീറ്റ് ചോദിച്ച ഘടക കക്ഷികൾക്കൊന്നും സീറ്റില്ലെന്ന നിലപാടിലാണ് ഇപ്പോൾ സിപിഎം. പത്തനംതിട്ടയുടെ കാര്യത്തിൽ മാത്രം വേണമെങ്കിൽ വീണ്ടുവിചാരം ആകാമെന്നാണ് സിപിഎം പറയുന്നത്. സിറ്റിംഗ് എംപിമാരിൽ പി കരുണാകരൻ ഒഴികെ എല്ലാവരും മത്സര രംഗത്ത് ഉണ്ടാകും. ഇടുക്കിയിൽ ജോയ്സ് ജോർജ് തന്നെ സ്വതന്ത്ര സ്ഥാനാർഥിയാകും. ആറ്റിങ്ങലില്‍ എ സമ്പത്ത്, പാലക്കാട് എം ബി രാജേഷ്, ആലത്തൂർ പി കെ ബിജു, കണ്ണൂർ പി കെ ശ്രീമതി എന്നിവര്‍ സ്ഥാനാര്‍ത്ഥികളാകും. കൊല്ലത്ത് കെ.എന്‍.ബാലഗോപാൽ സീറ്റുറപ്പിച്ചുകഴിഞ്ഞു. 


ചാലക്കുടിയിൽ ഇന്നസെന്‍റ് വീണ്ടും മത്സരിക്കും. ഇന്നസെന്‍റിനെ വീണ്ടും മല്‍സരിപ്പിക്കാന്‍ സിപിഎം സെക്രട്ടേറിയറ്റ് യോഗത്തിൽ ധാരണയായി. അഞ്ച് വർഷം മണ്ഡലത്തിൽ താൻ നടത്തിയ പ്രവർത്തനങ്ങളിൽ പൂർണ സംതൃപ്തിയുണ്ടെങ്കിലും ഇനിയൊരങ്കത്തിന് തയ്യാറല്ലെന്ന് നേരത്തെ ഇന്നസെന്‍റ് തുറന്ന് പറഞ്ഞിരുന്നു. പാർട്ടിയിൽ അർഹതയും കഴിവുമുള്ള ഒരുപാട് പേരുണ്ട്. പുതിയ തലമുറക്ക് വഴിമാറികൊടുക്കുന്നതാണ് ശരിയായ രീതിയെന്നുമായിരുന്നു ഇന്നസെന്‍റ് പറഞ്ഞത്. എന്നാൽ പാർട്ടി തീരുമാനങ്ങൾക്ക് വിധേയമാകുമെന്ന് ഇന്നസെന്റ് കൂട്ടിച്ചേര്‍ത്തിരുന്നു.


ഇതിന് പിന്നാലെയാണ് ചാലക്കുടിയിൽ രണ്ടാമങ്കത്തിനിറങ്ങുന്നതിനെപ്പറ്റി മുൻപ്രതികരണം ഇന്നസെന്‍റ് തിരുത്തിയത്. ചാലക്കുടിയിലെ രണ്ടാമങ്കത്തിൽ നിന്ന് പിൻമാറിയാൽ  തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് സിപിഎമ്മിന് അത് തിരിച്ചടിയാകുമെന്നും ഇന്നസെന്‍റിന്‍റെ പരാജയം കൊണ്ടാണ് പുതിയ സ്ഥാനാർഥിയെന്ന് വ്യാഖ്യാനിക്കപ്പെടുമെന്ന വിലയിരുത്തലിനെ തുടര്‍ന്ന് പാര്‍ട്ടി നിര്‍ദേശമനുസരിച്ചായിരുന്നു തീരുമാനം മാറ്റിയതെന്നായിരുന്നു നിരീക്ഷണം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K