04 March, 2019 08:27:52 PM


മക്കള്‍ക്ക് പിന്നാലെ ലിജിയും വിടചൊല്ലി; പേരൂര്‍ ഗ്രാമത്തെ കണ്ണീരിലാഴ്ത്തി അമ്മയുടെയും മക്കളുടെയും ദാരുണാന്ത്യം




ഏറ്റുമാനൂര്‍: ലിജിയുടെയും മക്കളുടെയും ക്ഷേത്രദര്‍ശനത്തിനുള്ള യാത്ര അന്ത്യയാത്രയാകുകയായിരുന്നു. സഹോദരിമാരായ അന്നു (19) വിന്‍റെയും നൈനു (17) വിന്‍റയും മരണത്തിനു പിന്നാലെ അമ്മ ലിജി (46)യും വിടചൊല്ലിയെന്ന വാര്‍ത്ത പേരൂര്‍ ഗ്രാമം ശ്രവിച്ചത് ഏറെ ഞെട്ടലോടെ. ദാരുണാന്ത്യം നടന്ന ബൈപാസ് റോഡിലും പേരൂര്‍ കാവുംപാടത്തെ ഇവരുടെ വീട്ടിലേക്കും ഒഴുകിയെത്തിയവര്‍ക്ക് കണ്ണീര്‍കയത്തില്‍ മുങ്ങിയ വീട്ടുകാരെ ആശ്വസിപ്പിക്കാന്‍ വാക്കുകളുണ്ടായിരുന്നില്ല. വൈക്കം വാഴമനയിലുള്ള തന്‍റെ വീട്ടിലേക്ക് പോകാനാണ് ലിജി മക്കളായ അന്നുവിനെയും നൈനുവിനെയും കൂട്ടി വീട്ടില്‍ നിന്നിറങ്ങിയത്. ശിവരാത്രിയായതിനാല്‍ വൈക്കം ക്ഷേത്രത്തില്‍ ദര്‍ശനം നടത്തണമെന്നും പറഞ്ഞാണ് ലിജി പോയതെന്ന് അയല്‍ക്കാര്‍ പറയുന്നു.

പേരൂര്‍കാവ് ദേവീ ക്ഷേത്രത്തിന് കിഴക്കുവശത്തുള്ള കാവുംപാടം കോളനിയിലാണ് തടിപ്പണിക്കാരനായ ബിജുവും ലിജിയും മക്കളായ ആതിര, അന്നു, നൈനു എന്നിവരോടൊപ്പം താമസിക്കുന്നത്. വൈക്കത്തേക്ക് പോകാന്‍ തൊട്ടടുത്തുള്ള കണ്ടഞ്ചിറ ബസ് സ്റ്റോപ്പിലേക്ക് നടന്നു പോകവെയായിരുന്നു അപകടം. പേരൂര്‍കാവ് ക്ഷേത്രത്തിന് പിന്നിലൂടെ പുതുതായി പണിത ഏറ്റുമാനൂര്‍ - മണര്‍കാട് ബൈപാസിലേക്ക് കയറിയ മൂവരുടെയും നേരെ ചീറിയടുത്ത മാരുതി റിറ്റ്‌സ് കാര്‍ അമ്മയുടെയും മക്കളുടെയും ജീവനെടുക്കുകയായിരുന്നു.


ഇടിയുടെ ആഘാതത്തില്‍ മൂന്ന് പേരും പത്ത് മീറ്ററോളം ദൂരത്തിലേക്ക് തെറിച്ച് പോയി. നൈനു അടുത്ത പറമ്പിലെ തെങ്ങിന്‍ ചുവട്ടിലേക്കും ലിജിയും  അന്നുവും റോഡില്‍ സൈഡിലേക്കുമാണ് തെറിച്ച് വീണത്. മൂവരെയും ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും നീനുവും അന്നുവും മരിച്ചിരുന്നു. അമ്മ ലിജിയാകട്ടെ മക്കള്‍ വിടപറഞ്ഞതറിയാതെ മെഡിക്കല്‍ കോളേജ് തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലുമായിരുന്നു. രാത്രി 8 മണി കഴിഞ്ഞതോടെ ലിജിയും മരണത്തിന് കീഴടങ്ങി. 

മൂവരെയും ഇടിച്ച് തെറിപ്പിച്ച കാര്‍ തൊട്ടടുത്ത താഴെത്തപറപ്പള്ളില്‍ സജികുമാറിന്‍റെ പൂരയിടത്തിലേക്ക് ഓടികയറി തേക്ക് മരത്തില്‍ ഇടിച്ചാണ് നിന്നത്. കാറില്‍ നിന്നും പുറത്തെടുത്ത പേരൂര്‍ മുല്ലൂര്‍ വീട്ടില്‍ ഷോണ്‍ മാത്യു (19) വിനെ നാട്ടുകാര്‍ തന്നെ തെള്ളകത്തെ സ്വകാര്യആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. കാറിന്‍റെ മുന്‍വശങ്ങളും വലത് ഭാഗവും പൂര്‍ണമായും തകര്‍ന്നു. എന്‍ജിനടക്കം കാറിന്‍റെ ഉള്ളിലേക്ക് ഇടിച്ച് കയറിയ നിലയിലായിരുന്നു. ഡിവൈഎസ്പി ശ്രീകുമാർ, ഏറ്റുമാനൂര്‍ പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ രീഷ്മാ രമേശന്‍, എസ് ഐ കെ.ആര്‍. പ്രശാന്ത്കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.

രക്ഷാപ്രവര്‍ത്തനം നടക്കുന്നതിനിടെ മറ്റൊരു വാഹനം തന്‍റെ കാറിലിടിച്ചതായി ഷോണ്‍ നാട്ടുകാരോട് പറഞ്ഞുവത്രേ. എന്നാല്‍ റോഡില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചതായ അടയാളങ്ങള്‍ കാണാനായില്ല. എങ്കിലും അതിനുള്ള സാധ്യത പോലീസ് തള്ളികളയുന്നില്ല. അപകടം നടന്ന സ്ഥലത്തും അവിടെ നിന്ന് നൂറ് മീറ്ററോളം മാറിയുള്ള വളവിലും റോഡിന് നടുവില്‍ നിന്നും സൈഡിലേക്ക് ടയറുകൾ പാളിയ പാടുകള്‍ ഉണ്ട്. അമിതമായ വേഗതയില്‍ എത്തിയാല്‍ മാത്രമെ ഇത്തരത്തില്‍ വാഹനം റോഡില്‍ പാളുകയുള്ളു എന്ന് പോലീസ് പറഞ്ഞു.

ബിജു - ലിജി ദമ്പതികളുടെ മുത്ത മകള്‍ ആതിര എറണാകുളത്ത് ഒരു സ്വകാര്യ കമ്പനിയിലാണ് ജോലി ചെയ്യുന്നത്.  മരിച്ച അന്നു വൈക്കം സെന്‍റ് സേവ്യേഴ്‌സ് കോളേജില്‍ അവസാനവര്‍ഷ ബികോം വിദ്യാര്‍ത്ഥിനിയാണ്. വൈക്കം വാഴമനയില്‍ അമ്മ ലിജിയുടെ തറവാട്ട് വീട്ടില്‍ നിന്ന് പഠിക്കുന്ന അന്നു അവധിക്ക് പേരൂരില്‍ എത്തിയതാണ്. നൈനു കാണക്കാരി വിഎച്ച്എസിയില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിയാണ്. മൂവരുടെയും മൃതദേഹങ്ങള്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ചൊവ്വാഴ്ച ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. സംസ്കാരം ചൊവ്വാഴ്ച 3ന് തെള്ളകം പൊതുശ്മശാനത്തില്‍.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 25.1K