28 February, 2019 10:48:33 PM


'ഗാലറിയും യുദ്ധഭൂമിയും'; സാമൂഹ്യ മാധ്യമങ്ങളിൽ നാം ആവേശം കൊള്ളുന്നത് ദുരിതത്തിലേയ്ക്കോ?




പുൽവാമ ഭീകരാക്രമണത്തിനു ശേഷം, കഴിഞ്ഞ കുറച്ചു ദിവസമായി സാമൂഹ്യ മാധ്യമങ്ങളിലെ ഭൂരിഭാഗവും പരസ്പര പോർവിളികളും വാഗ്വാദങ്ങളുമായി ആവേശതിമിർപ്പിലാണ്. ജാതി-മത-രാഷ്ട്രീയ ചിന്തകൾക്കപ്പുറം ഓരോ ഭാരതീയന്റെയും ഒരൊറ്റ ഇന്ത്യ - ഒരൊറ്റ ജനതയെന്ന മുദ്രാവാക്യത്തിനു തന്നെയാണ് പ്രാമുഖ്യം ലഭിക്കുന്നത്. പക്ഷേ പാക്കിസ്ഥാനെതിരെ, ഞങ്ങളിന്ത്യക്കാർ ഒറ്റക്കെട്ടാണെന്നു പറയുമ്പോഴും കൊടിയുടെ നിറവും ഭരണ പ്രതിപക്ഷ വികാരങ്ങളും മിക്കവാറും പോസ്റ്റുകളിലും നിഴലിക്കുന്നതു കാണാം. ഉപയോഗിച്ച യുദ്ധവീ മാനങ്ങൾ വാങ്ങിയെന്നതു മുതൽ സൈനിക നടപടിയുടെ ബുദ്ധികേന്ദ്രത്തിന്റെ പിതൃത്വമേറ്റെടുക്കുന്നതു വരെയുള്ള അവകാശവാദങ്ങളിൽ രാഷ്ട്രീയ അണികൾ ജാഗരൂകരാണ്. ഇതിന്റെ വമ്പു പറച്ചിലുകൾക്കും വീമ്പു പറച്ചിലുകൾക്കുമിടയിൽ, ഓരോ ഭാരതീയനിലും അടിസ്ഥാനപരമായുണ്ടാകേണ്ട മാതൃരാജ്യസ്നേഹത്തെ കൊടിയുടെ നിറം കൊണ്ടും രാഷ്ട്രീയ പാരമ്പര്യവാദം കൊണ്ടുമളക്കാനുള്ള മാപിനിയുടെ ഗവേഷണത്തിൽ അതിർത്തിയിൽ സേവനം ചെയ്യുന്ന സൈന്യത്തിന്റേയും അവരുടെ കുടുംബാംഗങ്ങളുടേയും പ്രത്യേകിച്ച അവിടുത്തെ പ്രദേശവാസികളുടേയും മുഖവും അവർ വർഷങ്ങളായിപ്പേറുന്ന വൈകാരികതയും കാണാതെ പോകരുത്. പീരങ്കികളുടെയും ഗ്രനേഡുകളുടേയും ഷെല്ലുകളുടേയും അവ തീർക്കുന്ന ശബ്ദമുഖരിതമായ അന്തരീക്ഷത്തിൽ പഠിക്കുകയും അന്തിയുറങ്ങുകയും ചെയ്യുന്ന സാധാരണക്കാരിൽ സാധാരണക്കാരായ കുട്ടികളുൾപ്പെടുന്ന സമൂഹത്തിന്റെ മാനസികാവസ്ഥ, നാം ഊഹിക്കുന്നതിലുമെത്രയോ അപ്പുറമാണ്. സ്കൂളുകളും ആശുപത്രികളും പോലും ആക്രമവിധേയമാകുന്ന അതിർത്തി പ്രദേശങ്ങളുടെ ഭയാശങ്കകൾ സമാധാന കരാറുകൾക്കപ്പുറമുള്ളതുമാണ്.


പുൽവാമ ഭീകരാക്രമണത്തിനു നൽകിയ തിരിച്ചടിയും അതിന്റെ നയതന്ത്ര വിജയവും ഏതൊരു ഭാരതീയന്റെയും ആത്മാഭിമാനം വർദ്ധിപ്പിക്കുന്നതു തന്നെ. പക്ഷേ അതിനോടുള്ള പാക്കിസ്ഥാന്റെ പ്രതികരണവും ശേഷമുണ്ടായ പ്രത്യാക്രമണത്വരയും ശുഭകരമെന്നു കരുതാനാകില്ല. അതിർത്തി പ്രദേശത്തു നിന്ന്, ആയിരക്കണക്കിനു കിലോമീറ്ററകലെ, ഇന്ത്യൻഭൂപടത്തിന്റെ തെക്കേയറ്റത്തിരുന്ന് യുദ്ധത്തെയും അതിൽ നമ്മുടെ രാജ്യത്തിനു കൈവരിക്കാവുന്ന വിജയ സാധ്യതകളെ പറ്റി, വാതോരാതെ മൊഴിയുമ്പോൾ അങ്ങകലെ, അതിർത്തിയിലെ ജനങ്ങളുടെ വികാരവും ആഗ്രഹവും ഒരു സംശയത്തിനും പ്രസക്തിയില്ലാത്ത വിധം സമാധാന സാധ്യത തന്നെയാണ്. 71 ലെ പാക് യുദ്ധത്തിലും പിന്നീടു നടന്ന കാർഗിൽ യുദ്ധത്തിലും കൈവരിച്ച നേട്ടം തന്നെയാകണം, ഒരു പക്ഷേ ഇങ്ങേയറ്റത്തെയാളുകളുടെ ആത്മവിശ്വാസത്തിന്റെ മൂലകാരണം. പക്ഷേ ഇക്കാലയളവിൽ ഇരുരാജ്യങ്ങളും കൈവരിച്ച സൈനിക സന്നാഹങ്ങളുടെയും ആയുധശേഷിയുടേയും കണക്കെടുക്കുമ്പോൾ, ഉണ്ടാകാനിടയുള്ള ഭവിഷ്യത്തുകൾ അചിന്തനീയമാണ്. വെടിയുണ്ടകളല്ല;അണുവായുധങ്ങളും രാസായുധങ്ങളും അരങ്ങു തകർക്കുന്ന യുദ്ധഭൂമിയിലെ അപകടങ്ങളുടെയും ദുരന്തങ്ങളുടെയും വ്യാപ്തി എത്രമാത്രം വലുതായിരിക്കും.


ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ഒരു ക്രിക്കറ്റ് മത്സരമോ  ഹോക്കി ഫൈനലോ കാണാനുള്ള അതേ ആവേശത്തോടെയും ലാഘവത്തോടെയുമാണ് ചിലരെങ്കിലും ഒരു ഇന്ത്യാ- പാക് യുദ്ധം കാത്തിരിക്കുന്നത്. യുദ്ധത്തിന്‍റെ ഭീകരതകളും അത് സമൂഹത്തിലുണ്ടാക്കുന്ന അവശതകളും വിഭവ -സാമ്പത്തിക നഷ്ടവും ഒരിക്കലും അനുഭവിച്ചിട്ടില്ലാത്ത, അതേപ്പറ്റി ചിന്തിക്കാൻ സാമാന്യബുദ്ധിയില്ലാത്ത ഒരു തലമുറയെ സംബന്ധിച്ച്, ഇതിലപ്പുറം ചിന്തകളുണ്ടാകണമെന്ന് നിഷ്ക്കർഷിക്കാനാകില്ല. യുക്തിഭദ്രമായ ചിന്തകൾക്കപ്പുറം അത് വിതക്കുന്ന വിനാശത്തിന്റെ അനുരണനങ്ങളവസാനിക്കാൻ തലമുറകൾ വേണ്ടിവരുമെന്നത് ഹിരോഷിമയും നാഗസാക്കിയും നമ്മെയിന്നും ഓർമ്മിപ്പിക്കുന്നുണ്ട്. ഏഴര പതിറ്റാണ്ടുകൾക്കിപ്പുറവും ജനിതക-ശാരീരിക വൈകല്യമുള്ള പുതിയ തലമുറയുടെ ജനനം, ഈ ആവേശ അലയൊടികൾക്കിടയിൽ നാം അറിയാതെ പോകുന്ന സത്യങ്ങളിലൊന്നു മാത്രം.


കൃത്യമായി പറഞ്ഞാൽ ആധുനിക യുദ്ധ സന്നാഹങ്ങളെപ്പറ്റിയുള്ള അറിവിന്റെ പരിമിതിയാണ്, ഒരു  യുദ്ധമുണ്ടായാല്‍ തരക്കേടില്ല എന്ന് ചുരുക്കം ചിലരെ കൊണ്ടെങ്കിലും ചിന്തിപ്പിക്കുന്നത്. അതിലാദ്യത്തേത്, താരതമ്യേനെ ചെറിയ ശക്തിയായ  പാക്കിസ്ഥാനോട് ഇന്ത്യക്ക് എളുപ്പം ജയിക്കാനാവുമെന്ന മുൻ വിധി തന്നെയാണ്. യുദ്ധ സന്നാഹങ്ങളങ്ങ് വടക്ക്  ശ്മീരിലല്ലേ, ആയിരക്കണക്കിനു കിലോമീറ്ററുകൾക്കപ്പുറം നമുക്കെന്ത് സംഭവിക്കാനാണെന്ന ചോദ്യവും നമ്മിൽ ചിലരെയെങ്കിലും ഊറ്റം കൊള്ളിക്കുന്നുണ്ട്. ഇതോടൊപ്പം ഈയവസരത്തിൽ, ലോകരാജ്യങ്ങളെല്ലാം നൽകിയ നയതന്ത്ര പിന്തുണയും നമ്മിൽ, നാമറിയാതെ വളർത്തുന്ന ആത്മവിശ്വാസവും ചെറുതല്ലാത്ത ഒരു തരം യുദ്ധക്കൊതിയും തിരിച്ചടികൾക്കുള്ള ത്വരയും വളർത്തുന്നുണ്ട്.


യുക്തിസഹമായി പറഞ്ഞാൽ ആലങ്കാരിക കമായതും അബദ്ധജടിലമായതുമായ യുദ്ധ നിർവ്വചനങ്ങൾക്കുമെത്രയോ അപ്പുറമാണ് യഥാർത്ഥ്യമെന്ന് വസ്തുതകളെ മനനം ചെയ്ത് സാമാന്യവൽക്കരിച്ചാൽ മനസ്സിലാകും. ഒരു പക്ഷേ ആണവായുധ സംഭരണ ശേഷിയുൾപ്പടെ പ്രതിരോധ മികവിന്റെയും സൈന്യ സന്നാഹങ്ങളുടെയും അകമ്പടിയിൽ  സാങ്കേതികാര്‍ത്ഥത്തില്‍ ഇന്ത്യക്ക് പാകിസ്ഥാനെ തോല്‍പ്പിക്കാനായേക്കും. രാഷ്ട്രീയ-മത ചിന്തകൾക്കപ്പുറം 130 കോടിയോളം വരുന്ന ഇന്ത്യൻ ജനതയുടെ വികാരം അപ്പാടെ പേറുന്ന സൈന്യത്തെ സംബന്ധിച്ചിടത്തോളം താരതമ്യേന രാഷ്ട്രീയപരമായും സാമ്പത്തികപരമായും ദുർബലമായ അവരെ തളയ്ക്കുകയെന്നത് അസാധ്യമല്ലെന്നു മാത്രമല്ല; വളരെ എളുപ്പവുമാണ്. പക്ഷേ അതിനപ്പുറം നമ്മുടെ രാജ്യത്തെപ്പോലെ തന്നെ ഒരാണവശക്തി കൂടിയായ, ഇന്നേ വരെ ഭരണസ്ഥിരതയവകാശപ്പെടാനില്ലാത്ത സൈനിക അട്ടിമറികളുടെ ചരിത്രമുള്ള പാക്കിസ്ഥാനെ സംബന്ധിച്ചിടത്തോളം, മുകളിൽ ആകാശവും താഴെ ഭൂമിയും മാത്രമാണുള്ളതെന്ന യാഥാർത്ഥ്യം നാം കാണാതെ പോകരുത്. ഒരു പരിധി വരെ  ഭീകരവാദവും വിഘടന വാദവും കണ്ടും കേട്ടും പ്രയോഗിച്ചും പരിചയിച്ച അവിടുത്തെ ഭരണകൂടത്തിനും  അവരെ നയിക്കുന്ന മതമൗലിക വാദികൾക്കും ഈ യുദ്ധം പാക് മണ്ണിൽ ഇന്ത്യൻ വിരോധവും മതമൗലി വാദവും വളർത്തുന്നതിനുള്ള അടിവളമാണ്.


പക്ഷേ നമ്മെ സംബന്ധിച്ചിടത്തോളമത് നഷ്ട കണക്കാവും. രാജ്യത്തെ കോടിക്കണക്കിനു ജനങ്ങളെ തലമുറകളോളം ദുരിതത്തിലേക്കും അത് തീർക്കുന്ന അവശതയിലേയ്ക്കും നിർദാക്ഷിണ്യം തള്ളിവിട്ട് എന്ത് വിജയമാണ് നാം നേടാന്‍ പോകുന്നതെന്നു വിലയിരുത്തിയാൽ, ഒന്നും നേടില്ലെന്നതു മാത്രമല്ല; നേടിയതൊക്കെയും സ്വയം മെനഞ്ഞെടുത്ത നഷ്ടങ്ങളുമാകുമെന്ന് ചുരുക്കം. ഒട്ടും ഉത്തരവാദിത്ത ബോധമോ സാമാന്യയുക്തിയോയില്ലാത്ത ഒരു ഭരണകൂടവും അവരെ നിയന്ത്രിക്കുന്ന വിഘടനവാദികളുമുള്ള പാകിസ്ഥാനോട് യുദ്ധത്തിനു പോകുന്നത് നന്മെ സംബന്ധിച്ചിടത്തോളം തീര്‍ത്തും ആത്മഹത്യാപരമാണ്. ഒരു  യുദ്ധത്തിന്റെ മാനസികാവസ്ഥയിലേക്ക് നമ്മുടെ രാഷ്ട്രം പോയാല്‍ മൂല്യങ്ങളും യുദ്ധത്തിന്റെ നൈതികതയും അതിലുപരി യുദ്ധത്തിൽ പാലിക്കേണ്ട അന്താരാഷ്‌ട്ര നിയമങ്ങളുമൊക്കെ, പാകിസ്ഥാനേക്കാള്‍ നയതന്ത്രജ്ഞതയിൽ മുന്നിൽ നിൽക്കുന്ന ഇന്ത്യക്ക് വലിയ ഭാരമായി അവശേഷിക്കുകയും ചെയ്യും. 


130 കോടി ജനങ്ങളുടെ വികാരവും അതിനൊത്ത സാമ്പത്തിക-സൈനിക ശേഷിയുള്ള നമ്മുടെ രാജ്യത്തിന്‌, സ്വതവേ അസ്ഥിരവും വിഘടനവാദികളാൽ നിയന്ത്രിതമായ ഭരണകൂടമുള്ള  രാജ്യത്തെ എളുപ്പം തോല്‍പ്പിക്കാന്‍ കഴിഞ്ഞേക്കുമെന്നത് തികഞ്ഞ യാഥാർത്ഥ്യമാണ്. ഒരു യുദ്ധമുണ്ടായാൽ അവിടെ, അണ്വായുധ പ്രയോഗമുണ്ടാകുമെന്ന കാര്യത്തിൽ സംശയമില്ല.അക്കാരണം കൊണ്ടു തന്നെ യുദ്ധ ശേഷം ഇരു രാജ്യത്തും മനുഷ്യര്‍ ബാക്കിയുണ്ടാവുകയാണെങ്കില്‍ ജനിതക വൈകല്യമുൾപ്പടെയുള്ളവരും തലമുറയുടെ ജനനത്തിന്, മൂകസാക്ഷിയാകും.പാകിസ്ഥാനില്‍ നിന്ന് തോടുത്താല്‍ ഇങ്ങ് കേരളം വരെ എത്തുന്ന മിസൈലുകള്‍ പാകിസ്ഥാന്‍റെ കയ്യിലുണ്ടെന്നതും ഇവിടെ നിന്നു തൊടുുത്താൽ പാക്കിസ്ഥാൻ മുഴുവനായി ഇല്ലാതാകുന്ന അണ്വായുധശേഷി നമ്മുക്കുണ്ടെന്ന കാര്യം വിിസ്മരിക്കരുത്.


നാം ഇപ്പോൾ കാണുന്ന നയതന്ത്ര വിജയമാകില്ല; യുദ്ധം തുടങ്ങുമ്പോൾ. നമ്മുടെ സാമ്പത്തിക വളർച്ചയിൽ അസൂയ പൂണ്ട ലോക രാഷ്ട്രങ്ങൾ പാലം വലിയ്ക്കുമെന്നും ലോക രാഷ്ട്രങ്ങൾക്കിടയിൽ നമ്മെ ഒറ്റപ്പെടുത്താനുതകുന്ന സാഹചര്യമൊരുങ്ങുമെന്നും തീർച്ച. മാത്രവുമല്ല; യുദ്ധത്തിൽ നൈതികതയേക്കാൾ വിജയത്തിനായിരിക്കും പ്രാമുഖ്യം. അങ്ങിനെ വരുമ്പോൾ അത്യാഹിതങ്ങൾ അനിയന്ത്രിതമാകും.


ചിന്തിക്കുക; ഹാഷ് ടാഗുകളും സ്മൈലികളുമായി സാമൂഹ്യ മാധ്യമങ്ങളിൽ നാം ആവേശം കൊള്ളുന്നത് ദുരിതത്തിലേയ്ക്കാണ്. അതും എണ്ണപ്പാത്രത്തിനരികിൽ തീ കൊള്ളി വെച്ചുള്ള കൈവിട്ട മരണക്കളി.

- ഡോ. ഡെയ്സൻ പാണേങ്ങാടൻ

(അസി. പ്രഫസർ, സെന്‍റ് തോമസ് കോളേജ്‌, തൃശ്ശൂർ)



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.3K