26 February, 2019 11:43:15 AM


നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് തിരിച്ചടി; വിചാരണയ്ക്ക് വനിതാ ജഡ്ജി

 


കൊച്ചി: നടിയെ ആക്രമിച്ച കേസ് ഇനി വനിതാ ജഡ്ജി പരിഗണിക്കും. ആവശ്യമുന്നയിച്ചുകൊണ്ടുള്ള നടിയുടെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചു. ഇതിനെതിരെ ദിലീപ് ഹൈക്കോടതിയില്‍ ഉന്നയിച്ച വാദങ്ങള്‍ ഹൈക്കോടതി തള്ളി.നടി സമീപിച്ചത് നിയമപരമായ അവകാരങ്ങള്‍ ആവശ്യപ്പെട്ട് മാത്രമെന്ന് ഹൈക്കോടതി വ്യക്തമാക്കി. അതിന് നിയമം അനുവദിക്കുന്നുണ്ട്. വനിതാ ജഡ്ജി വേണമെന്ന ആവശ്യം ന്യായം മാത്രമെന്നും ഹൈക്കോടതി നിരീക്ഷിച്ചു. 


വനിതാ ജഡ്ജിയായ ഹണി വര്‍ഗീസാകും ഇനി കേസ് കേള്‍ക്കുക. എറണാകുളം സിബിഐ കോടതി (3) ലാകും വാദങ്ങള്‍ നടത്തുക. വിചാരണാ നടപടികള്‍ എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്.  പ്രത്യേക കോടതി വേണമെന്നും വനിതാ ജഡ്ജി വേണമെന്നുമുള്ള നടിയുടെ ആവശ്യത്തിനെതിരെ ദിലീപ് ഉന്നയിച്ച വാദഗതികള്‍ ഹൈക്കോടതി തള്ളി. നടിക്ക് മാത്രമായി എന്തിന് പ്രത്യേക പരിഗണന നല്‍കണമെന്നാണ് ദിലീപ് ചോദിച്ചത്. 


വിചാരണാ നടപടികള്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ തുടരണമെന്ന് ആവശ്യപ്പെട്ടാണ് ദിലീപ് ഹര്‍ജി നല്‍കിയത്. നടി സമര്‍പ്പിച്ച ഹര്‍ജിയില്‍ കക്ഷി ചേരുന്നതിനായിരുന്നു ദിലീപിന്റെ അപേക്ഷ. സ്ത്രീകളുമായി ബന്ധപ്പെട്ട നൂറുകണക്കിന് കേസുകള്‍ സംസ്ഥാനത്ത് വേറെയുമുണ്ടെന്നും നടിക്ക് മാത്രമായി പ്രത്യേക പരിഗണന നല്‍കരുതെന്നും ദിലീപ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. 


എന്നാല്‍ വിചാരണ വൈകിക്കാനാണ് ദിലീപിന്റെ നീക്കമെന്ന് സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. വിചാരണയ്ക്ക് വനിതാ ജഡ്ജി വേണമെന്നും നടപടികള്‍ തൃശൂരിലേക്ക് മാറ്റണമെന്നുമുള്ള നടിയുടെ ആവശ്യത്തില്‍ സര്‍ക്കാരിന്റെ നിലപാട് കോടതി നേരത്തെ തേടിയിരുന്നു. പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ നിശ്ചിത യോഗ്യതയുളള വനിതാ ജഡ്ജിമാരില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K