25 February, 2019 04:16:45 PM


കിസാന്‍ സമ്മാന്‍ യോജന പദ്ധതി തെരഞ്ഞെടുപ്പ് പ്രചരണ ആയുധമാക്കി ബിജെപി




- എന്‍.ജി.സംഗീത

പാലക്കാട്: പ്രധാനമന്ത്രിയുടെ കിസാന്‍ സമ്മാന്‍ നിധി യോജന പദ്ധതി തെരഞ്ഞെടുപ്പ് പ്രചരണ ആയുധമാക്കി മാറ്റാന്‍ ശ്രമിച്ച് ബിജെപി. പ്രധാനമന്ത്രി നരേന്ദ്രമോദി കര്‍ഷകര്‍ക്കായി നല്‍കുന്ന ധനസഹായം പരമാവധി ജനങ്ങളിലെത്തിച്ച് അത് വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ടാക്കി മാറ്റുന്നതിനുള്ള കര്‍മ്മപരിപാടിയിലാണ് ബിജെപിയും പോഷകസംഘടനകളും. ഇതിന്‍റെ ഭാഗമായി സംസ്ഥാനത്തെ ഒട്ടുമിക്ക കൃഷിഭവനുകള്‍ക്കു മുന്നിലും ബിജെപി ഹെല്‍പ്ഡെസ്കുകള്‍ ആരംഭിച്ചു കഴിഞ്ഞു.


മാര്‍ച്ച് 31 വരെ കിസാന്‍ സമ്മാന്‍ യോജനയ്ക്കുള്ള അപേക്ഷകള്‍ സമര്‍പ്പിക്കാം. നിലവില്‍ അപേക്ഷ സമര്‍പ്പിക്കുന്നവര്‍ക്ക് 2000 രൂപ വീതമാണ് ആദ്യഗഡുവായി ലഭിക്കുക. നാല് മാസം കൂടുമ്പോള്‍ രണ്ടായിരം രൂപ വീതം ഒരു വര്‍ഷം 6000 രൂപ ലഭിക്കുന്ന പദ്ധതിയാണിത്. എന്നാല്‍ മോദി സര്‍ക്കാര്‍ അധികാരത്തില്‍ തുടര്‍ന്നാലേ അടുത്ത ഗഡു ലഭ്യമാകു എന്ന പ്രചരണവും ബിജെപി പ്രവര്‍ത്തകര്‍ നടത്തുന്നുണ്ട്. മറ്റൊരു സര്‍ക്കാര്‍ വന്നാല്‍ പദ്ധതി നിര്‍ത്തലാക്കാനിടയുണ്ടെന്നാണ് ഇവര്‍ പ്രചരിപ്പിക്കുന്നത്. കര്‍ഷകന്‍ അല്ലെങ്കില്‍ കൂടി സര്‍ക്കാര്‍ ജോലിയില്ലാത്ത പരമാവധി ആളുകളെ പദ്ധതിയില്‍ തിരുകി കയറ്റാനുള്ള ശ്രമം നടക്കുന്നതായും ആരോപണമുയര്‍ന്നിട്ടുണ്ട്.


ഫെബ്രുവരി 24ന് ഗൊരഖ്പൂറില്‍ പദ്ധതിയുടെ ഉദ്ഘാടനസമയത്ത് കിസാന്‍ യോജനയില്‍ സംസ്ഥാന സര്‍ക്കാരുകള്‍ രാഷ്ട്രീയം കളിക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രത്യേകം നിര്‍ദ്ദേശിച്ചിരുന്നു. രാഷ്ട്രീയം കലര്‍ത്തിയാല്‍ കര്‍ഷകരുടെയിടയില്‍ തെറ്റിദ്ധാരണ പരത്തുമെന്നും കിസാന്‍ സമ്മാന്‍ നിധി യോജന പദ്ധതി തകരാനേ അത് സഹായിക്കൂ എന്നും അദ്ദേഹം ചൂണ്ടികാട്ടിയിരുന്നു. പദ്ധതി നടപ്പാക്കുന്നതില്‍ ചില സംസ്ഥാനങ്ങള്‍ വീഴ്ച വരുത്തിയത് ചൂണ്ടികാട്ടിയാണ് പ്രധാനമന്ത്രി ഇങ്ങനെ സൂചിപ്പിച്ചതെങ്കിലും ഇപ്പോള്‍ ബിജെപി തന്നെ രാഷ്ടീയം കലര്‍ത്തുന്നതിനെതിരെ കോണ്‍ഗ്രസും ഇടതുപക്ഷ പാര്‍ട്ടികളും പരോക്ഷമായി രംഗത്ത് വന്നിട്ടുണ്ട്.    



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K