25 February, 2019 01:27:52 PM


ബ്രഹ്മപുരം പ്ലാന്‍റിന്‍റെ പ്രവർത്തനം നിലച്ചു; കൊച്ചി നഗരത്തില്‍ മാലിന്യനീക്കം അവതാളത്തിൽ




കൊച്ചി:  അഗ്നിബാധയെ തുടർന്ന് ബ്രഹ്മപുരം മാലിന്യസംസ്കരണപ്ലാന്‍റിന്‍റെ പ്രവർത്തനം നിലച്ചതോടെ കൊച്ചി നഗരത്തിലെ മാലിന്യനീക്കം അവതാളത്തിലായി. റോഡരികിലും ഇടവഴികളിലും മാലിന്യങ്ങള്‍ കുമിഞ്ഞുകൂടിയതോടെ കൊച്ചിക്കാർ ആശങ്കയിലാണ്. പ്ലാന്‍റിലേക്ക് കൊണ്ടുപോയ വാഹനങ്ങൾ തിരിച്ചയച്ചതായി മാലിന്യം നീക്കുന്ന തൊഴിലാളികൾ അറിയിച്ചു.

കൂടിയാലോചനയ്ക്കുശേഷം മാത്രമേ ഇനി പ്ലാന്‍റിന്‍റെ പ്രവർത്തനം പുനരാരംഭിക്കൂവെന്നാണ് കോർപ്പറേഷന്‍റെ നിലപാട്. ഇനിയുള്ള രണ്ടു ദിവസം മാലിന്യ നീക്കം തടസപ്പെടുമെന്നാണ് കൊച്ചി മേയർ പറയുന്നത്. വീടുകളില്‍നിന്നും ഫ്ലാറ്റുകളില്‍നിന്നും സ്ഥാപനങ്ങളില്‍നിന്നുമെല്ലാം ദിവസേനയോ കൃത്യമായ ഇടവേളകളിലോ ആണ് കുടുംബശ്രീ പ്രവർത്തകർ വഴി കോർപ്പറേഷന്‍  മാലിന്യങ്ങള്‍ ശേഖരിച്ച് തരംതിരിച്ച് സംസ്കരിക്കാനായി കൊണ്ടുപോകാറ്. 

നഗരത്തിലെ മാലിന്യങ്ങളെല്ലാം കൊണ്ടുതള്ളിയിരുന്ന ബ്രഹ്മപുരം പ്ലാന്‍റ് തീപിടുത്തത്തോടെ പ്രവർത്തനം നിലച്ചു. ഇതോടെയാണ് വീടുകളിലും വ്യപാരസ്ഥപനങ്ങളിലും നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിലും പ്ലാസ്റ്റിക് മാലിന്യങ്ങളടക്കം കുമിഞ്ഞുകൂടുന്നത് ജനങ്ങളില്‍ ആശങ്കയുണ്ടാക്കുന്നുണ്ട്. പ്രശ്നം ഉടനടി പരിഹരിച്ചില്ലെങ്കില്‍ മാലിന്യം സംസ്കരിക്കാന്‍ മറ്റുവഴികളില്ലാത്ത ഫ്ലാറ്റുകളില്‍ താമസിക്കുന്നവരും വ്യവസായ സ്ഥാപനങ്ങളിലുള്ളവരും ശരിക്കും ബുദ്ധിമുട്ടും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K