23 February, 2019 01:51:16 PM


നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ വെള്ളക്കെട്ട്: ആദ്യഘട്ട ലഘൂകരണം 90 ദിവസത്തിനകം



കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലും പരിസര പ്രദേശങ്ങളിലും കാലവർഷത്തിൽ ഉണ്ടാകുന്ന വെള്ളക്കെട്ടിന് പരിഹാരം കാണുന്നതിനായി കിറ്റ് കോ നടത്തിയ പഠന റിപ്പോർട്ടിന്റെ ആദ്യഘട്ടം ഉടൻ നടപ്പിലാക്കാൻ തീരുമാനം. കളക്ടർ മുഹമ്മദ് വൈ സഫീറുള്ളയുടെ അധ്യക്ഷതയിൽ ജനപ്രതിനിധികളുമായി നടന്ന ചർച്ചയിലാണ് തീരുമാനം. ദുരന്ത നിവാരണം ഡെപ്യൂട്ടി കലക്ടർ പി.ഡി.ഷീലാദേവിയും ചർച്ചയിൽ പങ്കെടുത്തു. സംസ്ഥാന സർക്കാരിന്റെ മേൽനോട്ടത്തിൽ 90 ദിവസത്തിനകം നിർമ്മാണങ്ങൾ പൂർത്തിയാക്കുകയാണ് ലക്ഷ്യം. ആദ്യഘട്ടത്തിൽ

വിമാനത്താവളത്തിന്റെ തെക്കുഭാഗത്തു കൂടി കടന്നു പോകുന്ന ചെങ്ങൽ തോടിന്റെ കൈവഴി വീണ്ടും സജീവമാക്കുക എന്നതാണ് ആദ്യ നടപടി. 26. 20 കോടി രൂപയാണ് ഇതിന് ചെലവ് പ്രതീക്ഷിക്കുന്നത്. മൂന്നര കിലോമീറ്ററാണ് കൈവഴിയുടെ നീളം. എ.പി വർക്കി റോഡിൽ ചെങ്ങൽ തോടിനു കുറുകെ പാലം നിർമ്മിക്കുകയെന്നതും ആദ്യഘട്ട പ്രവർത്തനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നിലവിൽ തോടിനു വടക്കുഭാഗത്തായി റോഡ് ഇടുങ്ങിയാണ് നിൽക്കുന്നത്. പാലം നിർമ്മിക്കുക വഴി ഇതിലൂടെയുള്ള ഗതാഗതം സുഗമമാക്കാൻ കഴിയും. ചെത്തിക്കോടും പുളിയാംപിള്ളിയിലും ചെങ്ങൽ തോടിനു കുറുകെ പാലം പണിയും. രണ്ടിനും കൂടി 16 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നു.

കരിയാട് -മറ്റൂർ റോഡിലെ മഴവെള്ളക്കെട്ട് ഒഴിവാക്കാൻ കൃത്യമായ സംവിധാനങ്ങൾ ഒരുക്കും. സമീപത്തെ പുഴയിലേക്ക് വെള്ളം ഒഴുക്കിവിടുന്നതിനായി റോഡിനോട് ചേർന്ന് കലുങ്കുകൾ നിർമ്മിക്കാനാണ് ലക്ഷ്യമിടുന്നത്.  രണ്ടു കോടി രൂപയാണ് പ്രതീക്ഷിക്കുന്ന ചെലവ്. നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവള നിർമാണ സമയത്താണ് പെരിയാറിൽ നിന്നും ആരംഭിക്കുന്ന ചെങ്ങൽ തോട് അടച്ചു കെട്ടിയത്. ഇതുമൂലം പ്രദേശത്ത് മഴക്കാലത്ത് വെള്ളത്തിന്റെ ഒഴുക്ക് തടസപ്പെടുകയും വെള്ളക്കെട്ടുണ്ടാക്കുകയും പതിവായിരുന്നു. ചുറ്റുമുള്ള തദ്ദേശ സ്ഥാപനങ്ങളും സംഘടനകളും പ്രശ്ന പരിഹാരത്തിനായി മുഖ്യമന്ത്രിയെ കണ്ട് നിവേദനം നൽകി. തുടർന്ന് സിയാൽ ഡയറക്ടർ ബോർഡ് കിറ്റ് കോയെ പഠനച്ചുമതല ഏൽപ്പിക്കുകയായിരുന്നു. 

രണ്ടു ഘട്ടങ്ങളിലായാണ് വെള്ളക്കെട്ട് ലഘൂകരണ പദ്ധതികൾ നടപ്പാക്കുക. രണ്ടാം ഘട്ടത്തിലുള്ളത് തദ്ദേശ സ്ഥാപന ജനപ്രതിനിധികളുമായി ചർച്ച ചെയ്തശേഷം കിറ്റ് കോ റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കും. എം എൽ എ മാരായ റോജി.എം.ജോൺ, അൻവർ സാദത്ത് ,അങ്കമാലി മുനിസിപ്പാലിറ്റി കാലടി, ശ്രീ മൂലനഗരം, കാഞ്ഞൂർ, നെടുമ്പാശ്ശേരി, ചെങ്ങമനാട് പഞ്ചായത്ത് പ്രതിനിധികളും റിപ്പോർട്ട് ചർച്ചകളിൽ പങ്കെടുത്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K