23 February, 2019 01:23:54 PM


വിദ്യാര്‍ഥിനിയെ കാറില്‍ കയറ്റിക്കൊണ്ടു പോകാന്‍ ശ്രമം; കൊല്ലം സ്വദേശിയായ യുവാവ് പിടിയില്‍




കുറുപ്പന്തറ: ചേച്ചിക്കൊപ്പം സ്കൂള്‍‌ വാഹനം കാത്തുനിന്ന യുകെജി വിദ്യാര്‍ഥിനിയെ കാറില്‍ കയറ്റിക്കൊണ്ടുപോകാന്‍ ശ്രമിച്ച സംഭവത്തില്‍ കൊല്ലം സ്വദേശിയായ യുവാവ് പിടിയില്‍. പല്ലന ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന മുകളവിട ശ്യാംകുമാര്‍ രമണന്‍ (30) ആണ് അറസ്റ്റിലായത്.


കഴിഞ്ഞ ദിവസം രാവിലെ ഒന്‍പതോടെ കുറുപ്പന്തറയിലാണു സംഭവം. നസ്രത്ത്ഹില്‍‌ ഡി പോള്‍ സ്കൂളിലെ യുകെജി വിദ്യാര്‍ഥിനിയെയാണ് കാറില്‍ കടത്തിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. പ്ലസ് ടു വിദ്യാര്‍ഥിനിയായ ചേച്ചിക്കൊപ്പം ജംക്‌ഷനു സമീപം സ്കൂള്‍ വാഹനം കാത്തുനില്‍ക്കുമ്പോള്‍ കുറുപ്പന്തറ ഭാഗത്തു നിന്നു വന്ന കാര്‍ ഇവരുടെ അരികിലൂടെ കടന്നുപോയി. അല്‍പസമയം കഴിഞ്ഞപ്പോള്‍ കാര്‍ തിരികെ വന്ന് ഇവരുടെ അരികില്‍ നിര്‍ത്തി. കുട്ടിയെ കാറില്‍ കയറ്റി കറക്കിക്കൊണ്ടുവരാമെന്നു പറഞ്ഞ് കാറിലേക്കു കയറാന്‍ ചേച്ചിയോടു ഡ്രൈവിങ് സീറ്റിലിരുന്ന ആള്‍ ആവശ്യപ്പെട്ടു. ഇയാള്‍ കാറില്‍ നിന്ന് ഇറങ്ങാന്‍ തുടങ്ങിയതോടെ ചേച്ചി നിലവിളിച്ചുകൊണ്ട് അനിയത്തിയെയും കൂട്ടി അടുത്തുള്ള വീട്ടിലേക്ക് ഓടിരക്ഷപ്പെടുകയായിരുന്നു.


അയല്‍വാസികളും വീട്ടുകാരും റോഡിലേക്ക് ഓടിവന്നതോടെ കാര്‍ അതിവേഗം കോതനല്ലൂര്‍ ഭാഗത്തേക്ക് ഓടിച്ചുപോയി. തുടര്‍ന്ന് കടുത്തുരുത്തി പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. പെണ്‍കുട്ടി നല്‍കിയ നമ്പര്‍ പരിശോധിച്ചതില്‍ ആലപ്പുഴ കായംകുളം സ്വദേശിയുടേതാണു കാറെന്നു സൂചന ലഭിച്ചു. തുടര്‍ന്ന് എസ്‌ഐ മിറാഷ് ജോണിന്‍റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് യുവാവ് പിടിയിലായത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K