22 February, 2019 09:05:19 PM


'ബിവറേജ് ഷോപ്പി'ന് മുന്നില്‍ ക്യൂ നിന്നവര്‍ക്ക് മദ്യം കിട്ടിയില്ല; പകരം സിനിമയില്‍ മുഖം കാണിച്ചു



ആലപ്പുഴ: ഒന്നുറങ്ങി എണീറ്റപ്പോള്‍ ദേശീയപാതയോരത്ത് പുതിയ ബിവറേജസ് ഔട്ട്ലറ്റ്. വിവരമറിഞ്ഞവര്‍ കുപ്പി വാങ്ങാനായി ഓടികൂടി. അധികം താമസിയാതെ ഔട്ട്ലറ്റിന് മുന്നില്‍ വന്‍ ക്യൂ. പിന്നാലെ ക്യൂവിനടുത്തേക്ക് ചലച്ചിത്രതാരങ്ങളും ചിത്രീകരണയൂണിറ്റും എത്തിയപ്പോള്‍ മദ്യം വാങ്ങാനെത്തിയവര്‍ക്ക് ആകെ ആശയക്കുഴപ്പം. സിനിമാ ചിത്രീകരണത്തിനായി സെറ്റിട്ട ബീവറേജ് ഷോപ്പിന് മുന്നിലാണ് തങ്ങള്‍ വരി നിന്നതെന്ന് കേട്ടപ്പോഴാണ് തങ്ങള്‍ക്ക് പറ്റിയ അമളി ക്യൂ നിന്നവര്‍ അറിയുന്നത്.


കലവൂര്‍ പാതിരപ്പള്ളിയിലെ ദേശീയപാതയോരത്താണ് സംഭവം. ക്യൂ നിന്നവര്‍ക്ക് നിരാശരായി മടങ്ങേണ്ടി വന്നില്ല. സിനിമയില്‍ മുഖംകാണിക്കാന്‍ ചെറുതായെങ്കിലും അവസരം അവര്‍ക്ക് ലഭിച്ചു. ജയറാം നായകനാകുന്ന ഗ്രാന്‍ഡ് ഫാദര്‍ എന്ന ചിത്രത്തിനായാണ് ഒറിജിനല്‍ ബീവറേജ് ഷോപ്പിനെ വെല്ലുന്ന രീതിയിലുള്ള സെറ്റ് ഒരുക്കിയത്. പൂട്ടിക്കിടന്ന പഴയ കടമുറി നല്ല ഒറിജിനല്‍ ബീവറേജ് ഔട്ട്‌ലെറ്റാക്കി മാറ്റുകയായിരുന്നു സിനിമയുടെ അണിയറപ്രവര്‍ത്തകര്‍. ഹാസ്യനടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി അഭിനയിക്കുന്ന രംഗങ്ങളാണ് പാതിരപ്പള്ളിയില്‍ ചിത്രീകരിച്ചത്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K