22 February, 2019 08:10:13 PM


282 അപേക്ഷകളില്‍ തീര്‍പ്പ് കല്‍പ്പിച്ച് എം.ജിയില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പു മന്ത്രിയുടെ ഫയൽ അദാലത്ത്




കോട്ടയം: വിദ്യാർഥികൾക്കും അധ്യാപകർക്കും ജീവനക്കാർക്കും ആശ്വാസമേകി ഉന്നത വിദ്യാഭ്യാസ വകുപ്പു മന്ത്രിയുടെ ഫയൽ അദാലത്ത്. മഹാത്മാ ഗാന്ധി സർവകലാശാലയിൽ നടന്ന അദാലത്തിലൂടെ 282 അപേക്ഷകൾ തീർപ്പാക്കി. ഓൺലൈനിലൂടെ ലഭിച്ച 215 അപേക്ഷകളും അദാലത്ത് ദിവസം ലഭിച്ച 67 അപേക്ഷകളുമാണ് തീർപ്പാക്കിയത്. ഉന്നതവിദ്യാഭ്യാസ വകുപ്പുമന്ത്രി ഡോ. കെ.ടി. ജലീൽ വീഡിയോ കോൺഫറൻസിലൂടെ അദാലത്ത് ഉദ്ഘാടനം ചെയ്തു.


ഫയലുകളിന്മേൽ വേഗത്തിൽ തീരുമാനമെടുക്കാൻ ഉദ്യോഗസ്ഥർ ശ്രദ്ധിക്കണമെന്നും സമയബന്ധിതമായി തീരുമാനങ്ങൾ എടുക്കണമെന്നും അദ്ദേഹം പറഞ്ഞു. തീരുമാനങ്ങൾ വൈകുമ്പോൾ ഫലം കിട്ടേണ്ടവർക്ക് അതിന്റെ ഗുണം ലഭിക്കുന്നില്ലെന്നും വിദ്യാർഥികൾക്കും അധ്യാപകർക്കും ജീവനക്കാർക്കും സംതൃപ്തമായ നിലയിൽ ഉന്നതവിദ്യാഭ്യാസ മേഖലയെ മാറ്റുകയാണ് ലക്ഷ്യമെന്നും ഇതിലൂടെ പുരോഗതി കൈവരിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.


വൈസ് ചാൻസലർ പ്രൊഫ. സാബു തോമസ് അധ്യക്ഷത വഹിച്ചു. ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഉഷ ടൈറ്റസ് മുഖ്യ പ്രഭാഷണം നടത്തി. സിൻഡിക്കേറ്റംഗങ്ങളായ അഡ്വ. പി.കെ. ഹരികുമാർ, അഡ്വ. ആർ. പ്രഗാഷ്, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ഡോ. കെ. ഷെറഫുദ്ദീൻ, രജിസ്ട്രാർ എം.ആർ. ഉണ്ണി എന്നിവർ പ്രസംഗിച്ചു. അപേക്ഷകയായ തോപ്പുംപടി സ്വദേശി എം. ഫർസാനയ്ക്ക് എം.ബി.എ. പരീക്ഷയുടെ മാർക്ക്‌ലിസ്റ്റ് കൈമാറിയാണ് അദാലത്ത് ആരംഭിച്ചത്.


പരീക്ഷ വിഭാഗവുമായി ബന്ധപ്പെട്ട പരാതികളായിരുന്നു ഏറെയും. നിരവധിപ്പേർക്ക് മാർക്ക് ലിസ്റ്റുകൾ നൽകി. ഗവേഷണവുമായി ബന്ധപ്പെട്ട് വിദ്യാർഥികൾക്കാവശ്യമായ ഉത്തരവുകൾ ലഭ്യമാക്കി. അധ്യാപകർക്കുള്ള ഗൈഡ് ഷിപ്പുകൾ അനുവദിച്ചു. സിൻഡിക്കേറ്റംഗങ്ങളും ഡീൻമാരും ഉദ്യോഗസ്ഥരും അദാലത്തിൽ പങ്കെടുത്തു. രാവിലെ ഒൻപതിന് ആരംഭിച്ച അദാലത്ത് ഉച്ചയ്ക്ക് രണ്ടിനാണ് അവസാനിച്ചത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K