15 February, 2019 05:28:19 PM


പേപ്പാറ പീഡനം: പ്രതി ഇമാമിനെ ഒളിവിൽ പോകാന്‍ സഹായിച്ച സഹോദരൻ അറസ്റ്റിൽ



തിരുവനന്തപുരം: പ്രായപൂ‍ർത്തിയാകാത്ത പെണ്‍കുട്ടിയെ ഇമാം പീഡിപ്പിച്ച കേസില്‍  പ്രതിയായ തൊളിക്കോട് മുന്‍ ഇമാം ഷെഫീക്ക് അൽ ഖാസിമിനെ ഒളിവിൽ പോകാന്‍ സഹായിച്ച സഹോദരന്‍ അറസ്റ്റില്‍. കൊച്ചി ഷാഡോ പൊലീസ് പിടികൂടിയ അൽ അമീനെ തിരുവനന്തപുരം പൊലീസിനെ ഏൽപ്പിച്ചത്. അതേസമയം, ഇമാം ഷെഫീക്ക് അൽ ഖാസിമി കോടതിയിൽ കീഴടങ്ങുമെന്നും സൂചനയുണ്ട്. ഇന്നലെ മുൻകൂർ ജാമ്യാപേക്ഷ നൽകിയ ഇമാം, ഹൈക്കോടതി അഭിഭാഷകനിൽ നിന്നും വക്കാലത്ത് തിരികെ വാങ്ങി.

സംഭവത്തിൽ പെൺകുട്ടിയുടെ രക്ഷിതാക്കൾക്കെതിരെയും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇമാമിനെതിരെ മൊഴി നൽകാതിരിക്കാൻ അമ്മയും ഇളയച്ഛനും നിർബന്ധിച്ചെന്ന പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. പീഡന വിവരം പുറത്തറിഞ്ഞതിന് പിന്നാലെ ചൈൽഡ് വെൽഫെയർ കമ്മിറ്റിയും പൊലീസും സമീപിച്ചെങ്കിലും പെൺകുട്ടി മൊഴി നൽകാൻ തയ്യാറായിരുന്നില്ല. മൂന്ന് ദിവസം ചൈൽഡ് വെൽഫയർ കമ്മിറ്റിയുടെ സംരക്ഷണത്തിൽ കൗൺസിലിംഗ് നൽകിയ ശേഷമാണ് പെൺകുട്ടി മൊഴി നൽകിയത്.

ഉമ്മയും ഇളയച്ഛനും മൊഴി നൽകുന്നത് വിലക്കിയിരുന്നതായി പെൺകുട്ടി വെളിപ്പെടുത്തിയെന്ന് അന്വേഷണോദ്യോഗസ്ഥനായ നെടുമങ്ങാട് ഡിവൈഎസ്പി ഡി അശോകൻ പറഞ്ഞു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് രക്ഷിതാക്കളിൽ നിന്ന് വിശദമായ മൊഴി എടുക്കാൻ പൊലീസ് തീരുമാനിച്ചത്. മുമ്പും ഇമാമിൽ നിന്ന് മോശം അനുഭവം ഉണ്ടായതായി പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്. പീഡനം നടന്ന പേപ്പാറ വനമേഖലയിൽ പെൺകുട്ടിയെ കൊണ്ടുപോയി കഴിഞ്ഞ ദിവസം പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു.

അതേസമയം, കീഴടങ്ങാനായി ഇമാമിന് മേൽ പൊലീസ് സമ്മർദ്ദം ശക്തമാക്കിയിട്ടുണ്ട്. ലുക്കൗട്ട് നോട്ടീസ് പുറത്തിറങ്ങും മുമ്പ് കീഴടങ്ങാൻ വക്കീൽ മുഖാന്തിരം ഇമാമിന് അന്ത്യശാസനം നൽകിയിട്ടുണ്ട്. കോട്ടയം, എറണാകുളം ജില്ലകളിലെവിടെയോ ഇമാം ഒളിവിലുണ്ടെന്നാണ് പൊലീസിന് ലഭിക്കുന്ന സൂചന.  പെൺകുട്ടിയുടെ വൈദ്യ പരിശോധനയിൽ പീഡനം തെളിഞ്ഞതോടെ ഷെഫീക്ക് അൽ ഖാസിമിന് മേൽ പൊലീസ് ബലാത്സംഗക്കേസും ചുമത്തി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K