06 February, 2019 05:18:04 PM


കുമരകത്ത് ടൂറിസത്തിന് മാറ്റേകാന്‍ സഹകരണ വകുപ്പിന്‍റെ ശിക്കാരി ബോട്ട്



കോട്ടയം: സഹകരണ വകുപ്പിന്‍റെ നേതൃത്വത്തില്‍ കുമരകം വടക്കുംഭാഗം സര്‍വ്വീസ് സഹകരണ ബാങ്ക് സര്‍വ്വീസ് ആരംഭിച്ച ശിക്കാരി ബോട്ട് ടൂറിസം രംഗത്ത് മാതൃകയാകുന്നു.  ശിക്കാരി ബോട്ടുകളില്‍ ഏറ്റവും വലിപ്പമുളള ഈ ബോട്ടിന് സഹകാരി എന്നാണ് പേരിട്ടിരിക്കുന്നത്. 50 പേര്‍ക്ക് സഞ്ചരിക്കാവുന്ന ബോട്ട് കുമരകത്ത് നിന്നാണ് സര്‍വ്വീസ് നടത്തുന്നത്. സ്വകാര്യബോട്ടുകള്‍ മണിക്കൂറിന് 1000 രൂപ വരെ ചാര്‍ജ്ജ് ഈടാക്കുമ്പോള്‍ സഹകാരി ബോട്ട് 700 രൂപയാണ് വിനോദസഞ്ചാരികളില്‍ നിന്നും ഈടാക്കുന്നത്. സഞ്ചാരികളുടെ സുരക്ഷയ്ക്കായി ലൈഫ് ജാക്കറ്റ് അടക്കമുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. രാവിലെ 10 മുതല്‍ വൈകിട്ട് ആറു മണി വരെയാണ് സഹകാരി സര്‍വ്വീസ് നടത്തുന്നത്. പാതിരാമണല്‍, ആര്‍ ബ്ലോക്ക്, തണ്ണീര്‍മുക്കം ബണ്ട്, ആലപ്പുഴ എന്നീ പ്രദേശങ്ങളിലാണ് പ്രധാനമായും സര്‍വ്വീസ് നടത്തുന്നത്. ഒരു ഡ്രൈവറും സഹായിയുമാണ് ബോട്ടിലുള്ളത്. വിനോദസഞ്ചാര വികസനവും തൊഴില്‍ ലഭ്യതയും ലക്ഷ്യം വെച്ചാണ് ബാങ്ക് ഇത്തരമൊരു സംരംഭത്തിന് തുടക്കം കുറിച്ചത്. സഹകരണവകുപ്പിന്‍റെ പ്ലാന്‍ ഫണ്ടില്‍ നിന്നും 20 ലക്ഷം രൂപയും സഹകരണ ബാങ്കിന്റെ 7.78 രൂപയും ചെലവഴിച്ചാണ് ബോട്ട് സര്‍വ്വീസ് ആരംഭിച്ചത്. ബോട്ട് സര്‍വീസ് ആവശ്യമുള്ളവര്‍ 9446859437 എന്ന നമ്പറില്‍ ബന്ധപ്പെടണം. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K