03 February, 2019 06:37:07 PM


ഏറ്റുമാനൂരിന്‍റെ സ്വപ്നത്തിന് ചിറക് മുളപ്പിച്ച ശേഷം പടിയിറങ്ങാനൊരുങ്ങി നഗരസഭാ പിതാവ്




ഏറ്റുമാനൂര്‍: വര്‍ഷങ്ങളായുള്ള നാടിന്‍റെ സ്വപ്നത്തിന് ചിറക് മുളപ്പിച്ച ശേഷം പടിയിറങ്ങാന്‍ ഒരുങ്ങുകയാണ് ഏറ്റുമാനൂര്‍ നഗരസഭാ പിതാവ് ജോയ് ഊന്നുകല്ലേല്‍. ഗ്രാമപഞ്ചായത്ത് ആയിരുന്ന കാലത്ത് വിഭാവനം ചെയ്യപ്പെട്ട മള്‍ട്ടിപ്ലക്സ് തീയറ്ററോടുകൂടിയ വ്യാപാര സമുശ്ചയം ഒട്ടേറെ കടമ്പകള്‍ കടന്ന് യാഥാര്‍ത്ഥ്യത്തിലേക്കടുക്കുന്നു. രണ്ട് തീയറ്ററുകള്‍ ഉള്‍പ്പെട്ട വ്യാപാരസമുശ്ചയത്തിന്‍റെ നിര്‍മ്മാണത്തിന് 15ന് രാവിലെ 10.30ന് മന്ത്രി എ.സി.മൊയ്തീന്‍ തറക്കല്ലിടും. സുരേഷ്കുറുപ്പ് എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും.

സെന്‍ട്രല്‍ ജംഗ്ഷനു സമീപം സ്വകാര്യ ബസ് സ്റ്റാന്‍റിലേക്കുള്ള കവാടത്തിനോട് ചേര്‍ന്ന് 60,000 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ കെട്ടിടം പൂര്‍ത്തിയാകുന്നതോടെ മാറുന്നത് ഏറ്റുമാനൂരിന്‍റെ മുഖഛായ തന്നെ. കേന്ദ്ര സര്‍ക്കാര്‍ അംഗീകൃത ഏജന്‍സിയായ വാപ്കോസിനാണ് നിര്‍മ്മാണ ചുമതല.  ഇരുപത്തേഴ് കോടിയുടെ സാങ്കേതികാനുമതി ലഭിച്ച കെട്ടിടസമുശ്ചയം നിര്‍മ്മിക്കുന്നതിന് പതിനഞ്ച് കോടി രൂപ കെ.യു.ആര്‍.ഡി.എഫ്.സിയില്‍ നിന്നും വായ്പ എടുക്കും. 12 കോടി രൂപ നഗരസഭയുടെ തനത് ഫണ്ടില്‍ നിന്നും ചെലവഴിക്കും.  

രണ്ട് അക്രഡിറ്റഡ് ഏജന്‍സികളാണ് കെട്ടിടസമുശ്ചയം നിര്‍മ്മിക്കാന്‍ സമ്മതപത്രം നല്‍കിയിരുന്നത്. കേരളസംസ്ഥാന കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ നാലര ശതമാനവും വാപ്കോസ് മൂന്ന് ശതമാനവും സൂപ്പര്‍വൈസറി ചാര്‍ജ് ഉദ്ദരിച്ച്കൊണ്ടാണ് കത്ത് നല്‍കിയത്. നിരക്ക് കുറച്ച് കാണിച്ച വാപ്കോസിനെ നിര്‍മ്മാണചുമതല ഏല്‍പ്പിക്കുകയായിരുന്നു. മൂന്ന് നിലകളിലായി പണിയുന്ന കെട്ടിടത്തിന്‍റെ ഏറ്റവും മുകളിലത്തെ നിലയിലാണ് മള്‍ട്ടിപ്ലക്സ് തീയേറ്റര്‍ പ്രവര്‍ത്തിക്കുക. തീയേറ്ററുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനാവശ്യമായ ലൈസന്‍സും മറ്റും ചലച്ചിത്രവികസന കോര്‍പ്പറേഷന്‍ എടുക്കണമെന്നാണ് ധാരണ. 

എം.സി.റോഡില്‍ നഗരസഭയുടെ സ്ഥലത്തോട് ചേര്‍ന്നുള്ള വ്യാപാരസ്ഥാപനങ്ങളും മന്ദിരം പണിയ്ക്കായി ഏറ്റെടുക്കുവാന്‍ ധാരണയായിരുന്നു. നിലവിലുള്ള വ്യാപാരികള്‍ക്ക് ഇപ്പോള്‍ അവര്‍ ഉപയോഗിക്കുന്ന അത്രയും വിസ്തൃതിയില്‍ സ്ഥലം പുതിയ കെട്ടിടത്തില്‍ വിട്ടുകൊടുക്കും. കൂടുതല്‍ വിസ്തൃതി ആവശ്യമുള്ളവര്‍ക്ക് നഗരസഭ നിശ്ചയിക്കുന്ന സെക്യൂരിറ്റിയും വാടകയും ഈടാക്കി കടമുറികള്‍ വിട്ടുകൊടുക്കാനാണ് തീരുമാനം. പത്ത് കോടി രൂപ വ്യാപാരികളില്‍ നിന്നും സുരക്ഷാ നിക്ഷേപമായി വാങ്ങി കെട്ടിടനിര്‍മ്മാണത്തിന് ഉപയോഗിക്കാനും തീരുമാനമുണ്ടായിരുന്നു. താഴത്തെ നിലയിലും ഒന്നാം നിലയിലും ഇരുപത്തേഴ് കടകള്‍ പ്രവര്‍ത്തിക്കാനുള്ള സൗകര്യമാണ് ഉള്ളത്.

വ്യാപാരസമുശ്ചയത്തിന് തറക്കല്ലിടണമെന്ന ആഗ്രഹത്തോടെ മുന്‍ പ‍ഞ്ചായത്ത് പ്രസിഡന്‍റുമാരും നഗരസഭാ ചെയര്‍മാന്‍മാരും നീക്കങ്ങള്‍ നടത്തിയെങ്കിലും അതിനുള്ള ഭാഗ്യം ലഭിച്ചിരിക്കുന്നത് ജോയ് ഊന്നുകല്ലേലിനാണ്. മൂന്ന് വര്‍ഷം തികയുന്ന നഗരസഭയില്‍ മൂന്നാമത്തെ ചെയര്‍മാനാണ് ജോയ് ഊന്നുകല്ലേല്‍. ആറ് മാസത്തെ ഭരണശേഷമാണ് ജോയ് സ്ഥാനമൊഴിയാന്‍ തയ്യാറാകുന്നത്. യുഡിഎഫിലെ മുന്‍ധാരണപ്രകാരം കേരളാ കോണ്‍ഗ്രസിലെ ജോര്‍ജ് പുല്ലാട്ട് ആണ് ഇനി ചെയര്‍മാനായി പരിഗണിക്കപ്പെടുക.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 7K