01 February, 2019 03:08:58 PM


ബൈക്ക് കാറുകളില്‍ ഇടിച്ച് അപകടം; കോട്ടയം സ്വദേശിയായ വിദ്യാര്‍ത്ഥി മരിച്ചു



ആലപ്പുഴ: ആലപ്പുഴ പള്ളാത്തുരുത്തി പാലത്തിന് പടിഞ്ഞാറ് വശം ബൈക്കും കാറും തമ്മില്‍ കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ  വിദ്യാര്‍ത്ഥി മരിച്ചു. പ്ലാന്‍റേഷന്‍ കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥനായ കോട്ടയം മുട്ടമ്പലം പാലയ്ക്കല്‍ രഘുവിന്‍റെയും സംസ്ഥാന പൊതുമരാമത്ത് വകുപ്പ് സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ (തിരുവനന്തപുരം) എന്‍.ബിന്ദുവിന്‍റെയും മകന്‍ സിദ്ധാര്‍ഥ് ആര്‍. മാധവ് (19) ആണ് മരിച്ചത്. കൂടെ യാത്ര ചെയ്തിരുന്ന കോട്ടയം മാന്നാനം ശിവശൈലം ഷാജിയുടെ മകന്‍ ജിഷ്ണു (19)വിനെ ഗുരുതരപരിക്കുകളോടെ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.



ആലപ്പുഴ ഭാഗത്ത് നിന്ന് കോട്ടയത്തേക്ക് പോകുകയായിരുന്ന ബൈക്ക് ഒരു വാഹനത്തെ മറികടക്കവെ ചങ്ങനാശ്ശേരി ഭാഗത്ത് നിന്ന് വന്ന കാറിലിടിച്ചായിരുന്നു അപകടമുണ്ടായത്. ആദ്യം ഒരു കാറിലിടിച്ച് തെറിച്ച ബൈക്ക് മറ്റൊരു കാറിലിടിച്ചായിരുന്നു അപകടം. അപകടത്തെ തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയ ഇരുവരെയും ഐസിയുവില്‍ പ്രവേശിപ്പിച്ചതിനുശേഷമാണ് സിദ്ധാര്‍ത്ഥിന്‍റെ മരണം സംഭവിച്ചത്. മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലാണ്. ആലപ്പുഴ സൗത്ത് പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു.


എറണാകുളത്ത് ആനിമേഷന്‍ വിദ്യാര്‍ത്ഥിയാണ് സിദ്ധാര്‍ത്ഥ്. സഹോദരി കോട്ടയം ലൂര്‍ദ് സ്കൂള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി നിഹാരിയ. മൃതദേഹം ശനിയാഴ്ച ഉച്ചകഴിഞ്ഞ് കഞ്ഞിക്കുഴിക്ക് സമീപമുള്ള വസതിയില്‍ കൊണ്ടുവരും. സംസ്കാരം അഞ്ചിന് ചിങ്ങവനത്തുള്ള തറവാട് വീട്ടുവളപ്പില്‍.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 8.7K