31 January, 2019 05:50:31 PM


പരമ്പരാഗത കലാരൂപങ്ങളെ സംരക്ഷിക്കുന്നതിന് കുമരകത്ത് ടൂറിസം ഉത്സവം



കോട്ടയം: കേരളീയ പരമ്പരാഗത കലാരൂപങ്ങളെ സംരക്ഷിക്കുന്നതിന് ടൂറിസം വകുപ്പ് ആവിഷ്‌ക്കരിച്ച ടൂറിസം ഉത്സവത്തിന് കുമരകം- കവണാറ്റിന്‍കരയില്‍ ഫെബ്രുവരി 1 ന് തുടക്കം. ഫെബ്രുവരി ഒന്നു മുതല്‍ മൂന്ന് വരെയാണ്  ടൂറിസം ഉത്സവം സംഘടിപ്പിക്കുന്നത്. വെളളിയാഴ്ച വൈകുന്നേരം അഞ്ചിന് അഡ്വ. കെ. സുരേഷ് കുറുപ്പ് എം.എല്‍.എ ഉത്സവം ഉദ്ഘാടനം ചെയ്യും. കുമരകം ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് എ. പി. സലിമോന്‍ അധ്യക്ഷത വഹിക്കും. ജില്ലാ കളക്ടര്‍ പി. കെ. സുധീര്‍ ബാബു സ്വാഗതവും ഡിറ്റിപിസി സെക്രട്ടറി ഡോ. ബിന്ദു നായര്‍ നന്ദിയും പറയും. ജില്ലാ പഞ്ചായത്തംഗം ജയേഷ് മോഹന്‍, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ കെ. വി ബിന്ദു, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ ബിജു വര്‍ഗ്ഗീസ്, ബ്ലോക്ക് പഞ്ചായത്തംഗം കെ. എം ബാബു, സാമൂഹിക, സാംസ്‌ക്കാരിക, രാഷ്ട്രീയ, കലാരംഗത്തെ പ്രമുഖരും ജനപ്രതിനിധികളും പങ്കെടുക്കും. 

എല്ലാ ദിവസവും വൈകിട്ട് അഞ്ചിന് ആരംഭിക്കുന്ന പരിപാടികള്‍ക്ക് പ്രവേശനം സൗജന്യമാണ്. ഫെബ്രുവരി ഒന്നിന് പാല കെ.ആര്‍. മണിയും സംഘവും അവതരിപ്പിക്കുന്ന ശീതങ്കന്‍ തുള്ളല്‍, ഫെബ്രുവരി രണ്ടിന് പൊതിയില്‍ നാരായണ ചാക്യാര്‍, കേരള സംഗീത നാടക  അക്കാദമി അവതരിപ്പിക്കുന്ന ചാക്യാര്‍ കൂത്ത്, ഫെബ്രുവരി മൂന്നിന്  കെ. യശ്വന്ത് നാരായണനും സംഘവും  അവതരിപ്പിക്കുന്ന പറയന്‍ തുള്ളല്‍ എന്നിവ ഉണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ 0481- 2560479  


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K