26 January, 2019 08:12:02 PM


പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ കൊച്ചിയിൽ; വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും




കൊച്ചി: വിവിധ പരിപാടികളില് പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ കൊച്ചിയിലെത്തും .ഉച്ചയ്ക്ക് 1..55 ന് കൊച്ചി നാവിക വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി തുടര്‍ന്ന് ഹെലികോപ്ടറില്‍ രാജഗിരി കോളേജ് മൈതാനത്തിറങ്ങും. അവിടെ നിന്ന് റോഡ് മാര്‍ഗം കൊച്ചി റിഫൈനറിയിലെത്തിയാണ് ചടങ്ങില് പങ്കെടുക്കുക.

ബിപിസിഎല്ലിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കുന്നതിനായാണ് പ്രധാനമന്ത്രി കൊച്ചിയിലെത്തുന്നത്. റിഫൈനറിയുടെ മെയിന്‍ കണ്‍ട്രോള്‍ കണ്‍സോള്‍ സന്ദര്‍ശിക്കുകയും തുടര്‍ന്ന് ഉച്ചയ്ക്ക് 2.35ന് റിഫൈനറിക്കു സമീപം തയ്യാറാക്കിയ പ്രധാനവേദിയില്‍ ബിപിസിഎലിന്റെ ഇന്റഗ്രേറ്റഡ് റിഫൈനറി എക്‌സ്പാന്‍ഷന്‍ കോംപല്‍ക്‌സ് നാടിന് സമര്‍പ്പിക്കുകയും ചെയ്യും.

പുതിയ പെട്രോ കെമിക്കല്‍ കോപല്‍ക്‌സിന്റെയും ഏറ്റുമാനൂര്‍ സ്‌കില്‍ ഡെവലപ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെയും ശിലാസ്ഥാപനം, എല്‍പിജി ബോട്ട്‌ലിംഗ് പ്ലാന്റിന്റെ സ്‌റ്റോറേജ് ഫെസിലിറ്റി ഉദ്ഘാടനം എന്നീ ചടങ്ങുകളും വേദിയില്‍ നടക്കും. തുടര്‍ന്ന് പ്രധാനമന്ത്രി സംസാരിക്കും.

ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കാണ് ചടങ്ങില്‍ പ്രവേശനം. ഇവര്‍ക്ക് പ്രത്യേക പാസ് മൂലമാണ് പ്രവേശനം. ഗവര്‍ണ്ണര്‍, മുഖ്യമന്ത്രി, മന്ത്രിമാര്‍, എംഎല്‍എമാര്‍, മറ്റു വിശിഷ്ടാതിഥികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. റിഫൈനറിയിലെ ചടങ്ങിനു ശേഷം 3.30 ന് പ്രധാനമന്ത്രി തൃശൂരിലേക്ക് തിരിക്കും. തിരികെ 5.45 ന് കൊച്ചി നാവിക വിമാനത്താവളത്തിലെത്തി പ്രത്യേക വിമാനത്തില്‍ ഡല്‍ഹിക്ക് പോകും



Share this News Now:
  • Google+
Like(s): 161