26 January, 2019 12:29:21 PM


നമ്പി നാരായണന്‍ പത്മഭൂഷണ്‍ ലഭിക്കാന്‍ യോഗ്യനല്ലെന്ന് സെന്‍കുമാര്‍; താന്‍ കൊടുത്ത കേസില്‍ സെന്‍കുമാര്‍ പ്രതിയെന്ന് നമ്പി നാരായണന്‍



തിരുവനന്തപുരം: ശരാരശരിയില്‍ താഴെയുള്ള ശാസത്രജ്ഞനാണ് നമ്പി നാരായണനെന്നും പത്മഭൂഷണ്‍ നല്‍കുന്നതിനു വേണ്ടിയുള്ള എന്ത് സംഭാവനയാണ് അദ്ദേഹം നല്‍കിയിട്ടുള്ളതെന്നും മുന്‍ പോലീസ് മേധാവി ടി.പി സെന്‍ കുമാര്‍. അവാര്‍ഡ് നല്‍കിയവര്‍ ഇത് വിശദീകരിക്കണമെന്നും സെന്‍ കുമാര്‍ കൂട്ടിച്ചേര്‍ത്തു.


ചാരക്കേസ് കോടതി നിയോഗിച്ച സമിതി പരിശോധിച്ചു വരികയാണ്. ഈ സാഹചര്യത്തില്‍ എന്തിനാണ് ഈ അംഗീകാരമെന്നും സെന്‍ കുമാര്‍ ചോദിച്ചു. ഇങ്ങനെ പോയാല്‍ ഗോവിന്ദച്ചാമിയേയും അമീര്‍ ഉല്‍ ഇസ്ലാമിനും, ഈ വര്‍ഷം പട്ടികയില്‍ ഉള്‍പ്പെടാതെ പോയ മറിയം റഷീദയ്ക്കു വരെ പത്മവിഭൂഷണ്‍ തന്നെ കിട്ടിയേക്കുമെന്നും സെന്‍ കുമാര്‍ പരിഹസിച്ചു.


എന്നാല്‍ ഐഎസ്‌ആര്‍ഒ ചാരക്കേസുമായി ബന്ധപ്പെട്ട് താന്‍ കൊടുത്തിരിക്കുന്ന കേസില്‍ സെന്‍കുമാര്‍ പ്രതിയാണ്. സെന്‍കുമാര്‍ കോടതിവിധി മനസിലാക്കിയിട്ടില്ലെന്ന് നമ്പി നാരായണന്‍ പറഞ്ഞു. ടി പി സെന്‍കുമാറിന്‍റെ ആരോപണങ്ങള്‍ അപ്രസക്തമെന്ന് നമ്പി നാരായണന്‍ പറഞ്ഞു. പൊലീസിന്‍റെ വീഴ്ചകള്‍ അന്വേഷിക്കാനാണ് സുപ്രീംകോടതി സമിതിയെ നിയമിച്ചിരിക്കുന്നത്. സെന്‍കുമാര്‍ പറയുന്നതില്‍ വൈരുദ്ധ്യങ്ങളെന്നും നമ്പി നാരായണന്‍ പ്രതികരിച്ചു.


ഗോവിന്ദ ചാമിയെയും മറിയം റഷീദയെയും തന്നെയും തമ്മില്‍ താരത്മ്യം ചെയ്യുന്നത് സെന്‍കുമാറിന്‍റെ സംസ്‌കാരം. അതിനെതിരെ താന്‍ പ്രതികരിക്കുന്നില്ലെന്നും നമ്പി നാരായണന്‍ പറഞ്ഞു. സെന്‍കുമാര്‍ ആരുടെ ഏജന്‍റായിട്ടാണ് സംസാരിച്ചതെന്ന് അറിയില്ല. അദ്ദേഹത്തിന് അറിയാവുന്ന കാര്യങ്ങള്‍ സുപ്രീംകോടതിയുടെ കമ്മിറ്റിയില്‍ പറയട്ടെ. ചാരക്കേസ് ആദ്യം പൊലീസും പിന്നീട് സിബിഐയും അന്വേഷിച്ചു. 1994 ല്‍ തുടങ്ങിയ കേസ് പൂര്‍ത്തിയായി മാറിയത് 2018ലാണ്. 




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K