25 January, 2019 10:26:13 AM


അതിരമ്പുഴയില്‍ കുരുമുളക് പൊടി സ്പ്രേ ചെയ്ത് അക്രമം; സഹോദരങ്ങള്‍ ഉള്‍പ്പടെ ആറ് യുവാക്കള്‍ അറസ്റ്റില്‍

അറസ്റ്റിലായവരില്‍ രണ്ട് വര്‍ഷം മുമ്പ് അതിരമ്പുഴ പള്ളി പെരുന്നാളിന് ബൈക്ക് കത്തിച്ച കേസിലെ പ്രതിയും




ഏറ്റുമാനൂര്‍: അതിരമ്പുഴ പളളി തിരുനാളിനോടനുബന്ധിച്ച് നടന്ന വെടിക്കെട്ടിന് പിന്നാലെ കുരുമുളക് പൊടി സ്പ്രേ ചെയ്ത് നടത്തിയ അക്രമത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. സംഭവത്തില്‍ സഹോദരങ്ങള്‍ ഉള്‍പ്പടെ ആറ് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. രണ്ട് വര്‍ഷം മുമ്പ് ഇതേദിവസം അതിരമ്പുഴ പള്ളി പെരുന്നാളിന്  ബൈക്ക് കത്തിച്ച കേസിലെ പ്രതിയും അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നു. അതിരമ്പുഴ തിരുനാളിനോടനുബന്ധിച്ച് പള്ളി പരിസരത്ത് താല്‍ക്കാലിക ജ്യൂസ് പാര്‍ലര്‍ നടത്തിയിരുന്ന മുസ്തഫ, സുഹൈല്‍, റഫീഖ്, ഇവരുടെ സുഹൃത്തായ ക്യുആര്‍എസ് ജീവനക്കാരന്‍ അഷല്‍ എന്നിവര്‍ക്കാണ് അക്രമത്തില്‍ പരിക്കേറ്റത്.


അക്രമം അഴിച്ച് വിട്ട് ഭീകരാന്തരീക്ഷം സൃഷ്ടിച്ച മാന്നാനം തടത്തില്‍ അനില്‍ കുമാറിന്‍റെ മകന്‍ അരവിന്ദ് (18), ആര്‍പ്പൂക്കര ഉറുമ്പുംകുഴി കരോട്ട് അനില്‍ കുമാറിന്‍റെ മക്കളായ അനന്ദു ജോസഫ് (18), അഭിജിത്ത് ജോസഫ് (20), മാന്നാനം തലശ്ശേരില്‍ ഹരിദാസിന്‍റെ മകന്‍ യദു കൃഷ്ണന്‍ (21), കൈപ്പുഴ ശാസ്താങ്കല്‍ കാരിക്കല്‍ വീട്ടില്‍ പ്രകാശന്‍റെ മകന്‍ അമല്‍ പ്രകാശ് (25), അതിരമ്പുഴ ശ്രീകണ്ഠമംഗലം കറുകച്ചേരിയില്‍ മോഹനന്‍റെ മകന്‍ രഞ്ചിത്ത് (33) എന്നിവരെയാണ് ഏറ്റുമാനൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. ഇവരില്‍ ര‍ഞ്ചിത്താണ് പെരുന്നാളിന് വെടിക്കെട്ട് നടന്ന ദിവസം ബൈക്ക് കത്തിച്ച കേസിലെ പ്രതി.


വ്യാഴാഴ്ച രാത്രി 11.30 ഓടെ ആയിരുന്നു സംഭവം. ജ്യൂസ് പാര്‍ലറിന്‍റെ മുമ്പില്‍ നിന്ന് ബഹളം ഉണ്ടാക്കിയ യുവാക്കളോട് അവിടെ നിന്നും മാറാന്‍ പറഞ്ഞതാണ് പ്രകോപനത്തിനിടയാക്കിയതത്രേ. തുടര്‍ന്ന് സംഘം കുരുമുളക്പൊടി സ്പ്രേ ചെയ്ത് അക്രമം അഴിച്ച് വിടുകയായിരുന്നു. പിടിയിലായ ആറ് പേരെയും ഏറ്റുമാനൂര്‍ ഒന്നാം ക്ലാസ്സ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 17.6K