13 March, 2016 02:06:57 AM


ടെലികോം കമ്പനികൾ വരുമാനം കുറച്ചു കാട്ടി ; സർക്കാരിന് 12489 കോടി നഷ്ടം


ദില്ലി : ടെലികോം കമ്പനികൾ മൊത്ത വരുമാനം കുറച്ചു കാട്ടിയതുമൂലം സർക്കാരിന് 12489 കോടി രൂപ നഷ്ടമുണ്ടായെന്ന് കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സിഎജി). റിലയൻസ് കമ്യൂണിക്കേഷൻസ്, ടാറ്റ ടെലികോം, വോഡഫോൺ, എയർടെൽ, ഐഡിയ, എയർസെൽ എന്നീ ആറു കമ്പനികൾ 2006–2010 കാലത്ത് വരുമാനം 46045.75 കോടി രൂപ കുറച്ചെഴുതിയെന്നാണ് സിഎജി പാർലമെന്റിൽ വച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.

ഇതേ തുടന്ന് കമ്പനികളുടെ മൂന്നു വർഷത്തെ വരവ് ചെലവ് കണക്കുകൾ പരിശോധിക്കുമെന്ന് ടെലികോം മന്ത്രി രവിശങ്കർ പ്രസാദ് സഭയെ അറിയിച്ചു. 2010–11 വരെയുള്ള കണക്കുകളാണ് നോക്കുക. സുപ്രീം കോടതി ചില മേഖലകളിലെ ലൈസൻസുകൾ റദ്ദാക്കിയപ്പോൾ ടെലികോം കമ്പനികൾ നേരത്തെ നൽകിയ ഒറ്റത്തവണ പ്രവേശന ഫീസ് സ്പെക്ട്രം വിലയിൽ തട്ടിക്കിഴിച്ച ഇടപാടിൽ സർക്കാരിന് 5476 കോടി രൂപ നഷ്ടമുണ്ടായെന്നും സിഎജി പറഞ്ഞു.

അതേസമയം, സിഎജി പറയുന്ന കണക്കുകൾ വിവിധ കോടതികളുടെ പരിഗണനയിലിരിക്കുന്ന വിഷയങ്ങളാണെന്ന് പറഞ്ഞ ടെലികോം കമ്പനികൾ സിഎജി റിപ്പോർട്ടിനെ വിമർശിച്ചു.  വരവ് ചെലവ് കണക്കുകൾ പരിശോധിക്കണമെന്ന ആവശ്യത്തെ കമ്പനികൾ നേരത്തേമുതൽ എതിർക്കുകയായിരുന്നു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K