16 January, 2019 05:42:09 PM


ഗാന്ധിജിയുടെ 70-ാം രക്തസാക്ഷിത്വ വാര്‍ഷികം: ഇന്ന് തുടക്കം



കോട്ടയം: ഗാന്ധിജിയുടെ രക്തസാക്ഷിത്വ വാര്‍ഷികത്തിന്‍റെ ജില്ലാതല പരിപാടികള്‍ക്ക് ജനുവരി 17 ന് വൈക്കത്ത് തുടക്കമാകും. ജനുവരി 20 വരെ നടക്കുന്ന ആഘോഷപരിപാടികളുടെ ഉദ്ഘാടനം പട്ടികജാതി- പട്ടികവര്‍ഗക്ഷേമ-നിയമ-സാംസ്‌ക്കാരിക വകുപ്പ് മന്ത്രി എ.കെ ബാലന്‍ നിര്‍വ്വഹിക്കും. വൈകിട്ട് 5.15ന് ബോട്ടുജെട്ടി മൈതാനത്ത് നടക്കുന്ന ചടങ്ങില്‍ സി.കെ ആശ എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും.
 സാംസ്‌ക്കാരിക ഉന്നത സമിതി സെക്രട്ടറി ഡോ. പ്രഭാകരന്‍ പഴശ്ശി ആമുഖ പ്രഭാഷണം നടത്തും. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ, അഡ്വ. കെ. സുരേഷ് കുറുപ്പ് എം.എല്‍.എ, അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ, അഡ്വ. ആശ ഉണ്ണിത്താന്‍ എന്നിവര്‍ പ്രഭാഷണം നടത്തും. പ്രദര്‍ശന സ്റ്റാളുകളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സണ്ണി പാമ്പാടി നിര്‍വഹിക്കും. വൈക്കം നഗരസഭ ചെയര്‍മാന്‍ പി.ശശിധരന്‍, വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വൈ ജയകുമാരി, കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പത്മ ചന്ദ്രന്‍, വൈക്കം നഗരസഭ പ്രതിപക്ഷ നേതാവ് വി.വി. സത്യന്‍, വാര്‍ഡ് കൗണ്‍സിലര്‍ ആര്‍.സന്തോഷ്, വൈക്കം തഹസില്‍ദാര്‍ പി.ജി രാജേന്ദ്രബാബു എന്നിവര്‍ ആശംസ അര്‍പ്പിക്കും. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, വിവിധ ജനപ്രതിനിധികള്‍ പങ്കെടുക്കും. ജില്ലാ കളക്ടര്‍ പി.കെ സുധീര്‍ ബാബു സ്വാഗതവും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സിനി.കെ.തോമസ് നന്ദിയും പറയും. ഉദ്ഘാടനത്തിന് മുന്നോടിയായി തലയോലപ്പറമ്പ് വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരകത്തില്‍ നിന്നും വൈക്കം സത്യാഗ്രഹസ്മാരകത്തിലേക്ക് വിളംബരജാഥ, ഗാന്ധി പ്രതിമയിലെ പുഷ്പാര്‍ച്ചന എന്നിവ നടത്തും.  ആഘോഷപരിപാടികള്‍ 20ന് സമാപിക്കും. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K