16 January, 2019 12:35:56 PM


കാസര്‍ഗോഡ് വെളളരിക്കുണ്ടില്‍ ഗൃഹനാഥനെ ദുരൂഹ സാഹചര്യത്തില്‍ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി



കാസര്‍ഗോഡ്: ഗൃഹനാഥനെ ദുരൂഹ സാഹചര്യത്തില്‍ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളരിക്കുണ്ട് പുങ്ങംചാല്‍ ചീര്‍ക്കയത്തെ ആലാമി ഭാസ്‌ക്കരനെയാണ് (60) ബുധനാഴ്ച രാവിലെ 10 മണിയോടെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളരിക്കുണ്ട് എസ് ഐ രഞ്ജിത്ത് രവീന്ദ്രന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം വിദഗ്ദ്ധ പോസ്റ്റ്‌മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജിലേക്ക് അയക്കും.

ചൊവ്വാഴ്ച രാത്രി പുങ്ങംചാല്‍ കളരി ക്ഷേത്രത്തില്‍ ഉത്സവത്തിനെത്തിയ ചിലര്‍ക്കൊപ്പം ചേര്‍ന്ന് ഭാസ്‌ക്കരന്‍  തൊട്ടടുത്ത പുഴയ്ക്കു സമീപത്തെ വയലിലിരുന്ന് മദ്യപിക്കുന്നതിനിടെ ചില തര്‍ക്കങ്ങള്‍ ഉണ്ടാവുകയും സംഘട്ടനം നടക്കുകയും ചെയ്തിരുന്നതായി നാട്ടുകാര്‍ പറയുന്നു. ഇതിന് പിന്നാലെയാണ്  ഭാസ്‌ക്കരനെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 

കൂടെയുണ്ടായിരുന്ന നാലു പേര്‍ക്ക് മരണത്തില്‍ ബന്ധമുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞതിന്‍റെ അടിസ്ഥാനത്തില്‍ പോലീസ് ഇവരെ ചോദ്യം ചെയ്യുന്നുണ്ട്. അഞ്ചര അടിയോളം മാത്രം വെളളമുളള പുഴയില്‍ തല കുത്തിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. മുഖത്തും കഴുത്തിനും കണ്ണിന് സമീപത്തും പരിക്കുകളുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K