14 January, 2019 04:33:02 PM


ഹരിവരാസനപുരസ്‌കാരം പി.സുശീല ഏറ്റുവാങ്ങി




ശബരിമല : ശബരിമലയിലെ മകരസംക്രമ ദിനത്തില്‍ ഗായിക പി.സുശീലയ്ക്ക് സംസ്ഥാന സര്‍ക്കാരിന്റെ 2019 ലെ ഹരിവരാസന പുരസ്‌കാര നിറവ്. മത സൗഹാര്‍ദ്ദത്തിനും ദേശീയോദ്ഗ്രഥനത്തിനും നല്‍കിയ സംഭാവനകളും അയ്യപ്പന് പ്രചാരത്തിന് നല്‍കുന്ന സംഭാവന പരിഗണിച്ചുമാണ് സര്‍ക്കാര്‍ ഹരിവരാസന പുരസ്‌കാരം നല്‍കിയവരുന്നത്. 

 1976-ലെ ശരണം അയ്യപ്പാ എന്ന ആല്‍ബത്തില്‍ ശ്രീകുമാരന്‍ തമ്പി എഴുതിയ പൊന്നമ്പല നട തുറക്കു... സ്വര്‍ണ ദീപാവലി തെളിയിക്കൂ... എന്നതുള്‍പ്പെടെ നിരവധി ഭക്തിഗാനങ്ങള്‍ ആലപിച്ച പ്രിയഗായിക പത്മഭൂഷണ്‍ ഡോ.പി.സുശീല ഭക്തിനിര്‍ഭരവും പ്രൗഢോജ്വലവുമായ ചടങ്ങില്‍  ദേവസ്വം-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രനില്‍ നിന്ന് എട്ടാമത് ഹരിവരാസനം പുരസ്‌കാരം ഏറ്റുവാങ്ങി. നേരത്തെ ചടങ്ങിന്‍റെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. മലയാളിയല്ലെങ്കിലും മലയാളികള്‍ക്ക് പ്രിയങ്കരിയാണ് പി.സുശീല. ഇരുപത്തിയയ്യായിരത്തിലേറെ പാട്ടുകള്‍ പാടി ഗിന്നസ് റെക്കോഡ്‌സില്‍ ഇടം നേടിയ പി.സുശീല ദക്ഷിണേന്ത്യയുടെ ലതാമങ്കേഷ്‌കര്‍ ആണെന്നും മന്ത്രി പറഞ്ഞു. അയ്യപ്പനെക്കുറിച്ചുള്ളതടക്കം നൂറിലധികം ഭക്തിഗാനങ്ങള്‍ ആലപിച്ച പി.സുശീലയ്ക്ക് പുരസ്‌കാരം നല്‍കുന്നത് പൊതുജീവിതത്തിലെ ധന്യനിമിഷമാണെന്നും മന്ത്രി പറഞ്ഞു. ദേവസ്വം കമ്മീഷണര്‍ എന്‍.വാസു പ്രശസ്തിപത്രം വായിച്ചു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പദ്മകുമാര്‍ പൊന്നാട അണിയിച്ച് ആദരിച്ചു.  2011-ല്‍ ഗാനഗന്ധര്‍വന്‍ യേശുദാസിനാണ് ആദ്യമായി ഹരിവരാസനം പുരസ്‌കാരം നല്‍കിയത്.  

എല്ലാവര്‍ക്കും അയ്യപ്പസ്വാമി സൗഖ്യം നല്‍കണമേയെന്ന് പ്രാര്‍ഥിക്കുന്നതായി മറുപടി പ്രസംഗത്തില്‍ പി.സുശീല പറഞ്ഞു. ദേവസ്വം മന്ത്രിയുടെ അഭ്യര്‍ഥന മാനിച്ച് പി.സുശീല പഴയകാല ഗാനങ്ങളില്‍ ചിലതിന്‍റെ വരികള്‍ ആലപിച്ചു. അയ്യപ്പന്‍റെ ഉറക്കുപാട്ടായ ഹരിവരാസനത്തിന്റെ ആദ്യവരികള്‍ ആലപിച്ച അവര്‍ യേശുദാസ് പാടി അനശ്വരമായ ആ വരികളുടെ പേരിലുള്ള പുരസ്‌കാരം ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നും പറഞ്ഞു. തുടര്‍ന്ന് താജ്മഹല്‍ നിര്‍മിച്ച രാജശില്പി...., രാജശില്പി നീയെനിക്കൊരു പൂജാവിഗ്രഹം, പ്രിയ ഗാനം, ഒഴുകിവരും ഗാനം...  പൊന്നമ്പല നടതുറന്നു... തുടങ്ങിയ പാട്ടുകളുടെ പല്ലവികള്‍ ആലപിച്ചു. എണ്‍പത്തിനാലാം വയസ്സിലും അവശതകള്‍ വകവയ്ക്കാതെ പൂര്‍വസ്മരണയിലെന്നവണ്ണം മനസ്സു നിറഞ്ഞ് പി.സുശീല ഗാനങ്ങള്‍ ആലപിക്കുമ്പോള്‍ സന്നിധാനത്തിലെ സ്വാമി അയ്യപ്പന്‍ ഓഡിറ്റോറിയത്തില്‍ തിങ്ങിനിറഞ്ഞ അയ്യപ്പഭക്തര്‍ ആദരവോടെ അതു കേട്ടു.

അയ്യപ്പസ്വാമി വിളിച്ചപ്പോള്‍ സ്വാമിയെ ദര്‍ശിക്കാനും പുരസ്‌കാരം വാങ്ങാനെത്താനും കഴിഞ്ഞതായി പി.സുശീല പറഞ്ഞു. മറ്റേതൊരു പുരസ്‌കാരങ്ങളെ്ക്കാളും പവിത്രയുള്ളതും വിലമതിക്കുന്നതുമാണ് ഈ പുരസ്‌കാരമെന്നും പി.സുശീല പറഞ്ഞു. ദീര്‍ഘനാളത്തെ വിശ്രമത്തിനു ശേഷം ആലാപന രംഗത്ത് സജീവമാകുകയാണ് പി.സുശീല. ഈ വര്‍ഷം ഇറങ്ങിയ മാധവീയം എന്ന സിനിമയിലെ മാഞ്ഞുപോയ നിലാവേ എന്ന ഗാനത്തിനു പിന്നാലേ പുതിയ തമിഴ് സിനിമയിലും പാടാനൊരുങ്ങുകയാണ് ഈ ഗാനമുത്തശ്ശി. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K