13 January, 2019 05:54:43 PM


ഗാന്ധിയന്‍ കെ.പി.എ.റഹീം പ്രസംഗിക്കുന്നതിനിടെ കുഴഞ്ഞുവീണ് അന്തരിച്ചു



മാഹി: ഗാന്ധിയനും ഗാന്ധി പീസ് ഫൗണ്ടേഷന്‍ മുന്‍ സംസ്ഥാന അധ്യക്ഷനുമായ കെ.പി.എ.റഹീം പ്രസംഗിക്കുന്നതിനിടെ കുഴഞ്ഞുവീണ് അന്തരിച്ചു. മാഹിയിൽ ഗാന്ധിജി എത്തിയതിന്‍റെ ഏൺപത്തിയഞ്ചാം വാർഷിക പരിപാടിയിൽ സംസാരിക്കുന്നതിനിടയിലായിരുന്നു സർക്കാർ ഉദ്യോഗസ്ഥരുടെ സംഘടനയായ കൗൺസിൽ ഓഫ് സർവ്വീസസ് ഓർഗനൈസേഷൻസ് സംഘടിപ്പിച്ച ഗാന്ധിസ്മൃതി യാത്രയുടെ സമാപന ചടങ്ങിനിടെ ഗാന്ധിയൻ ദർശനത്തിന്‍റെ സമകാലിക പ്രയോക്താക്കളിൽ പ്രമുഖനായിരുന്ന റഹീം മാഷ് കുഴഞ്ഞു വീഴുകയായിരുന്നു.

ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അദ്ദേഹത്തിന്‍റെ ജീവൻ രക്ഷിക്കാനായില്ല. കണ്ണൂര്‍ പാനൂർ സ്വദേശിയായ കെപിഎ റഹീമിന് അറുപത്തിയേഴ് വയസായിരുന്നു ചെറുപ്പത്തില്‍ തന്നെ ഗാന്ധിയൻ ആശയങ്ങളില്‍ ആകൃഷ്ടനായ കെ.പി.എ.റഹീം ഗാന്ധിയൻ തത്വ ചിന്തയില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. പിന്നീട് പാനൂര്‍ കെ.കെ.വി മെമ്മോറിയല്‍ ഹയർ സെക്കൻഡറി സ്കൂളില്‍ അദ്ധ്യാപകനായി ജോലിനോക്കി.

'സര്‍ഗധാരയിലെ സാരസൗന്ദര്യങ്ങള്‍' എന്ന പുസ്തകം രചിച്ചിട്ടുണ്ട്. നിരവധി പുരസ്ക്കാരങ്ങളും അദ്ദേഹം നേടി. നഫീസയാണ് ഭാര്യ. മൂന്നു മക്കളുണ്ട്. ഗാന്ധിജിയുടെ സന്ദേശങ്ങള്‍ പ്രചരിപ്പിച്ച് വടക്കൻ കേരളത്തില്‍ ഏറെക്കാലമായി നിറസാന്നിദ്ധ്യമായിരുന്നു റഹിം മാഷ്. ഗാന്ധിജി സന്ദർശിച്ച  മാഹി പുത്തലത്തെ ക്ഷേത്ര പരിസരത്തു വച്ചുതന്നെ ഗാന്ധിയൻ ആദർശങ്ങളുടെ പ്രചാരണത്തിനായി സമർപ്പിച്ച ആ ജീവിതത്തിന് വിരാമം ആയി. കബറടക്കം തിങ്കളാഴ്ച്ച രാവിലെ പത്ത് മണിക്ക് പാനൂര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K