11 January, 2019 08:27:54 PM


കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് യുഎഇയില്‍ ഉജ്ജ്വല വരവേല്‍പ്



ദുബായ്: യുഎഇ സന്ദര്‍ശനത്തിനെത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമുമായി കൂടിക്കാഴ്ച നടത്തി. വസതിയിലെത്തിയ രാഹുലിനെ ആവേശത്തോടെയാണ് യുഎഇ പ്രധാനമന്ത്രിയും പത്നിയും സ്വീകരിച്ചത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ സാം പിത്രോഡ. മിലിന്ദ് ദിയോറ എന്നിവര്‍ക്കൊപ്പമാണ് രാഹുല്‍ പ്രധാനമന്ത്രിയുടെ വസതിയിലെത്തിയത്.


അതിന് ശേഷം ദുബായിലെ ഇന്ത്യന്‍ തൊഴിലാളികളുമായി രാഹുല്‍ സംവദിച്ചു. മുന്‍ കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, സാം പിത്രോഡ എന്നിവരും വേദിയില്‍ രാഹുലിനൊപ്പമുണ്ടായിരുന്നു. വ്യാഴാഴ്ച രാത്രി ഏഴ് മണിയോടെ ദുബായിലെത്തിയ രാഹുല്‍ ഗാന്ധിക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വന്‍ സ്വീകരണമൊരുക്കിയിരുന്നു. ഇന്ന് രാവിലെ പ്രവാസി ബിസിനസ് സമൂഹത്തോടൊപ്പം ചെലവഴിച്ച രാഹുല്‍ ജബല്‍ അലിയിലെ ലേബര്‍ ക്യാമ്പും സന്ദര്‍ശിച്ചിരുന്നു. അവധി ദിവസത്തില്‍ നൂറുകണക്കിന് ഇന്ത്യന്‍ തൊഴിലാളികളാണ് ഇവിടെ രാഹുലിനെ സ്വീകരിച്ചത്. 11.30ഓടെ ഇവിടെയെത്തിയ രാഹുല്‍ തൊഴിലാളികളുമായി സംവദിച്ചു.


വിദേശ ഇന്ത്യക്കാരുടെ പ്രശ്നങ്ങള്‍ പഠിക്കുക കൂടി രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശന ലക്ഷ്യമാണെന്നും ഇവ പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു. ദേശീയ അധ്യക്ഷന്‍റെ സന്ദര്‍ശനം ചരിത്രസംഭവമാക്കി മാറ്റാനുള്ള ഒരുക്കങ്ങളാണ് യുഎഇയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തുന്നത്. രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഉമ്മന്‍ചാണ്ടി, കെ.സുധാകരന്‍, കൊടിക്കുന്നില്‍ സുരേഷ് തുടങ്ങിയ പ്രമുഖ കോണ്‍ഗ്രസ് നേതാക്കളും യുഡിഎഫ് എംപിമാരും യുഎഇയില്‍ ക്യാപ് ചെയ്യുന്നുണ്ട്. കോൺഗ്രസ് പ്രവാസി സംഘടനകളിലെ പ്രശ്നങ്ങൾ പഠിച്ചു പരിഹരിക്കുക എന്ന ലക്ഷ്യവും നേതാക്കളുടെ സന്ദർശനത്തിനു പിന്നിലുണ്ട്.

 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K